പ്രമാദമായ കേസുകള്‍ നിരവധി, കൊച്ചി യൂണിറ്റിൽ ആകെയുള്ളത് 13 ഉദ്യോഗസ്ഥർ; അമിത ജോലിഭാരത്താൽ വലഞ്ഞ് സി.ബി.ഐ
ജോലിഭാരവും സൗകര്യങ്ങളുടെ അപര്യാപ്തയും കാരണം ഹൈറിച്ച് നിക്ഷേപ തട്ടിപ്പ് കേസ് ഏറ്റെടുക്കാൻ ആകില്ലെന്ന് സി.ബി.ഐ ഹൈക്കോടതിയെ അറിയിച്ചിരുന്നു
കൊച്ചി: സംസ്ഥാനത്ത് അമിത ജോലിഭാരത്താൽ വലഞ്ഞ് സി.ബി. ഐ. നിരവധി കേസുകൾ കൈകാര്യം ചെയ്യുന്ന സി.ബി.ഐയുടെ കൊച്ചിയിലെ ആന്‍റി കറപ്ഷൻ യുണിറ്റിൽ ആകെയുള്ളത് 13 ഉദ്യോഗസ്ഥരാണ്. ഇത് കേസ് അന്വേഷണങ്ങളെ സാരമായി ബാധിക്കുന്നുണ്ട്. ജോലിഭാരവും സൗകര്യങ്ങളുടെ അപര്യാപ്തയും കാരണം ഹൈറിച്ച് നിക്ഷേപ തട്ടിപ്പ് കേസ് ഏറ്റെടുക്കാൻ ആകില്ലെന്ന് സി.ബി.ഐ ഹൈക്കോടതിയെ അറിയിച്ചിരുന്നു.
പോപ്പുലർ ഫിനാൻസ്, യൂണിവേഴ്സൽ ട്രേഡിങ് സൊല്യൂഷൻസ്, സെയ്‌ഫ് & സ്ട്രോങ്ങ് അടക്കം നിരവധി പ്രമാദമായ കേസുകൾ. എന്നാൽ സി.ബി.ഐ കൊച്ചി യുണിറ്റിൽ ആകെയുള്ളത് 13 ഉദ്യോഗസ്ഥർ മാത്രം. പോപ്പുലർ ഫിനാൻസ് തട്ടിപ്പുമായി ബന്ധപ്പെട്ട് കേരളത്തിലെ പല ജില്ലകളിലായി 7000 പരാതികൾ ആണുള്ളത്. 4000 എഫ്.ഐ.ആറുകളും. ഇത് മൊത്തം അന്വേഷിക്കണം. ഇതിനിടയിൽ സ്പെഷ്യൽ ക്രൈം കേസുകൾക്കായി ഉദ്യോഗസ്ഥരെ വിട്ടു നൽകേണ്ടതിനാൽ 13 പേർക്ക് എന്തൊക്കെ ചെയ്യാനാകും എന്നതാണ് ചോദ്യം.
ഹൈക്കോടതി നിർദ്ദേശപ്രകാരമാണ് പല കേസുകളും സി.ബി.ഐയിലേക്ക് എത്തുന്നത്. ഹൈക്കോടതി നിർദ്ദേശപ്രകാരം ഏറ്റെടുത്ത യുടിഎസ് തട്ടിപ്പ് കോയമ്പത്തൂർ കേന്ദ്രീകരിച്ചാണ് നടന്നിട്ടുള്ളത്. അവിടെ പോയി അന്വേഷിക്കാൻ വാഹന സൗകര്യങ്ങൾ ഇല്ലാത്തതാണ് മറ്റൊരു പ്രധാന വെല്ലുവിളി. സി.ബി.ഐയുടെ ഈ രോദനം കേന്ദ്ര സർക്കാർ കാണാതെ പോകുന്നുവെന്നും ആക്ഷേപമുണ്ട്.
Adjust Story Font
16