വീടിന്റെ ചുവരിൽ ഉടമസ്ഥാവകാശം എഴുതിപ്പിടിപ്പിച്ചു; തിരിച്ചടവ് മുടങ്ങിയതിന് ധനകാര്യസ്ഥാപനത്തിന്റെ അതിക്രമം
ചവറയിലെ ചോളാ ഹോം ഫിനാൻസാണ് ഇത്തരത്തിലുള്ള അതിക്രമം നടത്തിയത്
കൊല്ലം: ചവറയിൽ തിരിച്ചടവ് മുടങ്ങിയതിന് സ്വകാര്യ ധനമിടപാട് ധനകാര്യസ്ഥാപനത്തിന്റെ അതിക്രമം. തിരിച്ചടവ് മുടങ്ങിയ വീടുകൾക്ക് മുന്നിലുൾപ്പടെ സ്‌പ്രേ പെയിന്റു കൊണ്ട് ഉടമസ്ഥാവകാശം എഴുതിപ്പിടിപ്പിച്ചു. രണ്ട് തവണ തിരിച്ചടവ് മുടങ്ങിയതിന്റെ പേരിലാണ് ചവറ ധ്രുവത്തിൽ രാഖിയുടെ വീട്ടിലെ ഈ നടപടി. വസ്തുവിന്റെ കൈവശാവകാശം ചോള ഫിനാൻസിനാണെന്നും വസ്തു ചോള ഫിനാൻസിൽ പണയപ്പെടുത്തിയിരിക്കുന്നു എന്നും സ്‌പ്രേ പെയിൻറ് ഉപയോഗിച്ച് വലിയ അക്ഷരത്തിൽ എഴുതിയിട്ടുണ്ട്.
ചവറയിലെ ചോളാ ഹോം ഫിനാൻസാണ് ഇത്തരത്തിലുള്ള അതിക്രമം നടത്തിയത്. വീട്ടുകാരെ അപമാനിക്കും വിധം ചുവരെഴുതുന്നതിന് മുൻപ് നോട്ടീസ് പോലും നൽകിയില്ല. ജപ്തി നടപടിയിലേക്ക് പോകുമെന്ന് വ്യക്തമാക്കുന്ന നോട്ടീസ് തിരിച്ചടവ് മുടങ്ങിയ പല വീടുകൾക്ക് മുന്നിലും പതിപ്പിച്ചിട്ടുണ്ട്. സംഭവത്തിൽ ചവറ പൊലീസ് അന്വേഷണം ആരംഭിച്ചു.
എന്നാൽ വാർത്തക്കു പിന്നാലെ വിശദീകരണവുമായി മാനേജ്‌മെന്റ് നേരിട്ടെത്തി. നടപടി മാനേജ്‌മെന്റിന്റെ അറിവോടെയല്ലെന്നും ഉപഭോക്താക്കളോട് മോശമായി പെരുമാറിയ ജീവനക്കാർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്നും ചോളാ ഹോം ഫിനാൻസ് അറിയിച്ചു.
Adjust Story Font
16