Quantcast

ഷാജൻ സ്കറിയക്ക് ജാമ്യം ലഭിച്ചതിന് പിന്നിൽ പി. ശശിയും അജിത് കുമാറും, ഒളിവിൽ പോയ സ്ഥലം പറഞ്ഞു കൊടുത്തിട്ടും ആ വഴിക്ക് പോയില്ല; ​പി.വി അൻവർ

ഒരു ഘട്ടം വരെ പിന്തുണ നൽകിയെങ്കിലും എല്ലാവരും ചേർന്ന് തന്നെ ചതിച്ചെന്നും അൻവർ എംഎൽഎ

MediaOne Logo

Web Desk

  • Updated:

    2024-09-21 14:53:50.0

Published:

21 Sep 2024 2:10 PM GMT

ഷാജൻ സ്കറിയക്ക് ജാമ്യം ലഭിച്ചതിന് പിന്നിൽ പി. ശശിയും അജിത് കുമാറും, ഒളിവിൽ പോയ സ്ഥലം പറഞ്ഞു കൊടുത്തിട്ടും ആ വഴിക്ക് പോയില്ല; ​പി.വി അൻവർ
X

മലപ്പുറം: മറുനാടൻ മലയാളി ചാനലിന്റെ എഡിറ്റർ ഷാജൻ സ്കറിയക്ക് രാജ്യദ്രോഹ കേസിലടക്കം ജാമ്യം ലഭിച്ചതിന് പിന്നിൽ മുഖ്യമന്ത്രിയുടെ പൊളിറ്റിക്കൽ സെക്രട്ടറി പി. ശശിയും എഡിജിപി എം.ആർ അജിത് കുമാറുമാണെന്ന ​ഗുരുതര ആരോപണവുമായി പി.വി. അൻവർ എംഎൽഎ. ഇന്ന് നടത്തിയ വാർത്താ സമ്മേളനത്തിലാണ് അൻവർ ​ഗുരുതര ആരോപണമുന്നയിച്ചിത്. പൊലീസിന്റെ വൈർലസ് സന്ദേശം ചോർത്തിയ കേസിൽ ഒളിവിൽ പോയ ഷാജൻ ഒളിഞ്ഞിരിക്കുന്ന സ്ഥലം കണ്ടെത്തി പറഞ്ഞു കൊടുത്തിട്ടും പൊലീസ് ഒന്നും ചെയ്തില്ലെന്നും അൻവർ ആരോപിച്ചു.

ഷാജൻ സ്കറിയ സാമൂഹ്യ ​ദ്രോ​ഹിയും രാജ്യദ്രോഹിയുമാണ്. മതവിദ്വേഷം പരത്തുന്ന ഷാജന് ജാമ്യം ലഭിക്കാനുള്ള എല്ലാ വഴിയും ഒരുക്കി കൊടുത്തത് മുഖ്യമന്ത്രിയുടെ പൊളിറ്റിക്കൽ സെക്രട്ടറി പി. ശശിയും എഡിജിപി എം.ആർ അജിത് കുമാറുമാണ്. ആ കാര്യത്തിൽ തനിക്ക് അന്നും ഇന്നും തർക്കമില്ല. അദ്ദേഹം പറഞ്ഞു.

രാജ്യത്തിലെ പൊലീസിന്റെ സന്ദേശം ചോർത്തിയ കേസിൽ ഷാജന് ജാമ്യം ലഭിച്ചപ്പോൾ സുപ്രിംകോടതിയുൾപ്പെടെ പറഞ്ഞത് അയാൾക്കെതിരെ സമാനമായ കേസുകൾ ഇനിയുമുണ്ട് എന്നാണ്. എന്നാൽ അതിനു ശേഷവും ഷാജൻ നിരവധി കേസുകളിൽ ഉൾപ്പെട്ടിട്ടും പൊലീസ് റിപ്പോർട്ട് കൊടുക്കാതിരുന്നത് എന്തുകൊണ്ടാണ്? പി. ശിശിക്ക് എന്തായിരുന്നു പണി? ഇതുവരെ ശശി പൊലീസിന് റിപ്പോർട്ട് കൊടുത്തിട്ടില്ല. പൊലീസിന്റെ വൈർലസ് സന്ദേശങ്ങൾ ചോർത്തിയ കേസിൽ ഷാജനെതിരായ കുറ്റപത്രം ഇതുവരെ കൊടുത്തിട്ടില്ല. കുറ്റകൃത്യത്തിനനുസരിച്ച വകുപ്പുകളും ചോർത്തിയിട്ടില്ല. ഇതൊക്കെ പിടിച്ചുവെക്കുന്നത് ആർക്കുവേണ്ടിയാണ്? എംഎൽഎ ചോദിച്ചു.

ഷാജനെതിരായി തൻ കേസിന് പോയത് തന്റെ വീട്ടിലെ ആവശ്യത്തിനു വേണ്ടിയല്ല. നാടിന്റെ പൊതുവായ വിഷയത്തിനു വേണ്ടിയാണ്. പാർട്ടിയുമായും മുഖ്യമന്ത്രിയുമായും സംസാരിച്ചിട്ടാണ് അയാൾക്കെതിരെ കേസിനു പോയത്. സമൂഹത്തിൽ മത വിദ്വേഷം പടർത്തുന്ന‌ രീതിയിലുള്ള ഷാജന്റെ വീഡിയോ കാണിച്ചു കൊടുത്തതുമാണ്. ഇയാൾ ഇതേ രീതിയിൽ പോയാൽ കേരളം കുട്ടിച്ചോറാകുമെന്ന് മുഖ്യമന്ത്രിയോട് പറഞ്ഞതാണ്. ഇതെല്ലാം പറഞ്ഞിട്ടും സംഭവിച്ചതെന്താണ്?

ഒരു ഘട്ടം വരെ തനിക്ക് പിന്തുണ തന്നു. പിന്നീട് അജിത് കുമാറിന്റെ സ്വാഭാവം മാറി. ഷാജൻ ഒളിഞ്ഞിരിക്കുന്ന പൂനൈയിലെ സ്ഥലങ്ങൾ കാണിച്ചുക്കൊടുത്തു. അവിടെ പൊലീസ് പരിശോധന നടത്തുമെന്ന വിവരം ഒറ്റുകൊടുത്തു. ശേഷം ഷാജൻ ഡൽഹിയിലുണ്ടെന്ന വിവരം തനിക്ക് ലഭിച്ചു. അത് അറിയിച്ചെങ്കിലും പൊലീസ് അവിടെ പോകാൻ പോലും തയാറായില്ല.

പൊലീസ് അവിടെ വരുന്നുണ്ടോയെന്ന് നോക്കാൻ എന്റെ ആളുകൾ അവിടെ കാവലിരിക്കുന്നുണ്ടായിരുന്നു. പക്ഷെ എല്ലാവരും ഒരുമിച്ച് നിന്ന് തന്നെ ചതിക്കുകയാണെന്ന് അന്നാണ് മനസിലായത്. ഷാജനെ പോലെയൊരു സാമൂഹ്യ വിരുദ്ധനെ ഇങ്ങനെ സഹായിക്കണമെങ്കിൽ പൊലീസുകാർ എത്രമാത്രം സമൂഹ വിരുദ്ധരായിരിക്കുമെന്ന തന്റെ തോന്നലിന്റെ പിന്നാലെ പോയതു കൊണ്ടാണ് തനിക്ക് ഇന്ന് ഇവിടെ ഇരിക്കേണ്ടിവന്നത്.

TAGS :

Next Story