ക്വട്ടേഷനെ അനുകൂലിക്കുന്നവരും പാർട്ടിയിലുണ്ടെന്ന് എം.വി ജയരാജൻ; വേദിയില്‍ തന്നെ തിരുത്തി പി. ജയരാജൻ
'ക്വട്ടേഷനെ എതിർക്കുന്നവരെ ഈ പാർട്ടിയിലുള്ളൂ. ക്വട്ടേഷൻ സംഘത്തെ ഒരു കാലത്തും സിപിഎം അംഗീകരിച്ചിട്ടില്ല. ക്വട്ടേഷൻ സംഘത്തെ ഒറ്റപ്പെടുത്തിയ പാർട്ടിയാണ് സിപിഎം'
പി. ജയരാജൻ
കണ്ണൂർ: ക്വട്ടേഷൻ വിവാദത്തിൽ സിപിഎം കണ്ണൂർ ജില്ലാ സെക്രട്ടറി എം.വി ജയരാജനെ തിരുത്തി പി. ജയരാജൻ. ക്വട്ടേഷനെ അനുകൂലിക്കുന്നവരും എതിർക്കുന്നവരും പാർട്ടിയിലുണ്ടെന്ന് എം.വി പറഞ്ഞതിനെയാണ് പി ജയരാജൻ തിരുത്തിയത്. അങ്ങനെയല്ല പാർട്ടി നയം, ക്വട്ടേഷനെ എതിർക്കുന്നവരെ ഈ പാർട്ടിയിലുള്ളൂ എന്നതാണ്. ക്വട്ടേഷൻ സംഘത്തെ ഒരു കാലത്തും സിപിഎം അംഗീകരിച്ചിട്ടില്ല ക്വട്ടേഷൻ സംഘത്തെ ഒറ്റപ്പെടുത്തിയ പാർട്ടിയാണ് സിപിഎമ്മെന്നും പി. ജയരാജൻ കൂട്ടിച്ചേർത്തു.
''തില്ലങ്കേരിയിൽ 37 ബ്രാഞ്ചുകളുണ്ട് അതിലുള്ള അംഗങ്ങളാണ് തില്ലങ്കേരിയിലെ പാർട്ടിയുടെ മുഖം അല്ലാതെ ആകാശല്ല, എന്തെങ്കിലും കുഴപ്പമുണ്ടെങ്കിൽ നേരിടാൻ കെൽപ്പുള്ള പാർട്ടിയാണ് തില്ലങ്കേരിയിലേത് ആകാശ് തില്ലങ്കേരിയാണ് പാർട്ടിയുടെ മുഖം എന്നാണ് ചില മാധ്യമങ്ങൾ എഴുതിയത്. ഇവിടുത്തെ പാർട്ടിയിൽ എന്തെങ്കിലും പ്രശ്‌നമുണ്ടെങ്കിൽ അത് നേരിടാനുള്ള കരുത്ത് പാർട്ടിക്കുണ്ട്. കോൺഗ്രസ് ഭീകരതയെ പ്രതിരോധിച്ച പാർട്ടിയാണ് തില്ലങ്കേരിയിലേത്. സിപിഎമ്മിനെ തകർക്കാൻ ഗവേഷണം നടത്തുകയാണ് മാധ്യമങ്ങൾ അതിന്റെ ഭാഗമായാണ് ജയരാജൻ തില്ലങ്കേരിയിലേക്ക് എന്ന വാർത്ത കൊടുത്തത് ഞാൻ പിന്നെ തില്ലങ്കേരിയിലെല്ലാതെ എവിടെ പോകാനാണ്''- പി ജയരാജൻ പറഞ്ഞു.
ഷുഹൈബ് വധവുമായി ബന്ധപ്പെട്ട് സംഭവത്തിലെ മുഴുവൻ ആളുകളെയും പാർട്ടി പുറത്താക്കിയിട്ടുണ്ട്. ആ സംഭവത്തെ പാർട്ടി തള്ളി പറഞ്ഞു. കേസിൽപ്പെട്ട എല്ലാരെയും അന്ന് പുറത്താക്കി. ആ കേസിനെ പറ്റിയാണ് ഇന്ന് പറയുന്നത്. ത്യാഗങ്ങളിൽ വെച്ച് ഏറ്റവും വലുതാണ് ജീവത്യാഗം അങ്ങനെയുള്ള നിരവധി കുടുംബങ്ങളുള്ള പാർട്ടിയാണ് സിപിഎം. അവരെല്ലാം പാർട്ടിയെ ആശ്രയിച്ച് നിൽക്കുകയാണ് ചെയ്തത്. പല വഴിക്ക് സഞ്ചരിക്കുന്നവർക്കൊപ്പമല്ല പാർട്ടി. അവർക്ക് അവരുടെ വഴിയെന്നും പി. ജയരാജൻ പറഞ്ഞു.
യൂത്ത് കോൺഗ്രസ് പ്രവർത്തകൻ ഷുഹൈബിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് തില്ലങ്കേരി ഫേസ്ബുക്കിലൂടെ ഉന്നയിച്ച ആരോപണങ്ങൾ സി.പി.എമ്മിനെ പ്രതിരോധത്തിലാക്കിയിരുന്നു. ഈ പശ്ചാത്തലത്തിലാണ് സി.പി.എം വിശദീകരണ യോഗം സംഘടിപ്പിച്ചത്.
Adjust Story Font
16