''പിന്നാക്കക്കാർക്ക് ഇഷ്ടമുള്ള വസ്ത്രം ധരിക്കാനുള്ള സ്വാതന്ത്ര്യമില്ലാത്ത കാലമുണ്ടായിരുന്നു''; എം.കെ മുനീറിനെതിരെ പി. ജയരാജൻ
''മതവിദ്യാഭ്യാസം മാത്രം മതിയെന്നും പൊതുവിദ്യഭ്യാസം വേണ്ടെന്നും പഠിപ്പിച്ചവരെ തിരുത്തിയാണ് ഇന്നത്തെ നിലയിലേക്ക് വന്നത്. ശാസ്ത്രബോധത്തിനുനേരെ ബി.ജെ.പി നേതൃത്വവും കേന്ദ്ര സർക്കാരും നേരിട്ട് കടന്നാക്രമണങ്ങൾ നടത്തുന്ന ഘട്ടത്തിൽ താങ്കളും മറ്റൊരു തലത്തിൽ അതോടൊപ്പം ചേരുകയാണ്.''-എം.കെ മുനീറിനോട് പി. ജയരാജൻ
കണ്ണൂർ: സംസ്ഥാന സർക്കാരിന്റെ ജെൻഡർ ന്യൂട്രൽ യൂനിഫോം, മിക്‌സഡ് സ്‌കൂൾ നയങ്ങൾക്കെതിരെ മുസ്‌ലിം ലീഗ് നേതാവ് ഡോ. എം.കെ മുനീർ നടത്തിയ വിമർശനത്തെ കുറ്റപ്പെടുത്തി സി.പി.എം പി. ജയരാജൻ. റോബോട്ടുകൾ ശസ്ത്രക്രിയ നടത്തുന്ന കാലമാണെന്നും മുനീർ മാറ്റങ്ങളെ അംഗീകരിക്കണമെന്നും ജയരാജൻ ആവശ്യപ്പെട്ടു. പിന്നാക്ക സമുദായത്തിൽപ്പെട്ടവർക്ക് ഇഷ്ടമുള്ള വസ്ത്രം ധരിക്കാനുള്ള സ്വാതന്ത്ര്യമില്ലാതിരുന്ന കാലമുണ്ടായിരുന്നു. അതിലെല്ലാം മാറ്റം വരുത്താനുള്ള ഇടപെടലാണ് ഇഷ്ടമുള്ള വസ്ത്രം ധരിക്കാനുള്ള സ്വാതന്ത്ര്യത്തിലേക്ക് നയിച്ചതെന്നും ജയരാജൻ അഭിപ്രായപ്പെട്ടു.
ഫേസ്ബുക്കിലൂടെയായിരുന്നു ജയരാജന്റെ വിമർശനം. മനുഷ്യരാശിയുടെ അറിവിന്റെ മേഖല അതിവേഗം വിപുലപ്പെടുത്തിക്കൊണ്ടിരിക്കയാണ് ശാസ്ത്രം. ''അതിന്റെ നേട്ടങ്ങൾ എല്ലാവരും അനുഭവിക്കുന്നുമുണ്ട്. എന്നാൽ അത്തരക്കാരിൽ ചിലർ തന്നെ വന്നുകൊണ്ടിരിക്കുന്ന മാറ്റങ്ങൾക്കെതിരു നിന്നാൽ നമുക്ക് അമ്പരപ്പുണ്ടാവും. അത്തരമൊമ്പരപ്പാണ് ആൺകുട്ടികളും പെൺകുട്ടികളും ഒരേ വസ്ത്രം ധരിക്കുന്നതിനെ പരിഹസിച്ചുകൊണ്ട് ലീഗ് നേതാവ് എം.കെ മുനീർ നടത്തിയ അഭിപ്രായ പ്രകടനവും സൃഷ്ടിച്ചത്.''-പി. ജയരാജൻ കുറിച്ചു.
മതവിദ്യാഭ്യാസം മാത്രം മതിയെന്നും പൊതുവിദ്യഭ്യാസം വേണ്ടെന്നും പഠിപ്പിച്ചവരെ തിരുത്തിയാണ് ഇന്നത്തെ നിലയിലേക്ക് വന്നത്. സയൻസ് ആധുനികമായ ജീവിതബോധം കൂടിയാണ്. അതിനെയാണ് ശാസ്ത്രബോധം എന്ന് വിളിക്കുന്നത്. ശാസ്ത്രബോധത്തിനുനേരെ ബി.ജെ.പി നേതൃത്വവും കേന്ദ്ര സർക്കാരും നേരിട്ട് കടന്നാക്രമണങ്ങൾ നടത്തുന്ന ഘട്ടത്തിൽ താങ്കളും മറ്റൊരു തലത്തിൽ അതോടൊപ്പം ചേരുകയാണ്. സ്വന്തം അണികളുടെ ആരവത്തിൽ ആവേശഭരിതനായി സ്വയം ചെറുതാകരുതെന്നും ജയരാജൻ ആവശ്യപ്പെട്ടു.
പി. ജയരാജന്റെ ഫേസ്ബുക്ക് കുറിപ്പിന്റെ പൂർണരൂപം
ശാസ്ത്രം, മനുഷ്യരാശിയുടെ അറിവിന്റെ മേഖല അതിവേഗം വിപുലപ്പെടുത്തിക്കൊണ്ടിരിക്കയാണ്. അതിന്റെ നേട്ടങ്ങൾ എല്ലാവരും അനുഭവിക്കുന്നുമുണ്ട്. എന്നാൽ അത്തരക്കാരിൽ ചിലർ തന്നെ വന്നുകൊണ്ടിരിക്കുന്ന മാറ്റങ്ങൾക്കെതിരുനിന്നാൽ നമുക്ക് അമ്പരപ്പുണ്ടാവും. അത്തരമൊമ്പരപ്പാണ് ആൺകുട്ടികളും പെൺകുട്ടികളും ഒരേ വസ്ത്രം ധരിക്കുന്നതിനെ പരിഹസിച്ചുകൊണ്ട് ലീഗ് നേതാവ് എം.കെ മുനീർ നടത്തിയ അഭിപ്രായ പ്രകടനവും സൃഷ്ടിച്ചത്.
ഇവിടെ ഡോ. എം.കെ മുനീർ എന്ന് വിശേഷിപ്പിക്കാത്തത് ബോധപൂർവ്വമാണ്. ആരോഗ്യ ശാസ്ത്രത്തിൽ ഡോക്ടർ ബിരുദമുള്ളയാളാണ് മുനീർ. ആരോഗ്യ മേഖലയിലും പുതിയ അറിവുകളെ അടിസ്ഥാനപ്പെടുത്തി ചികിത്സാരീതികളിൽ വൻ കുതിച്ചുചാട്ടമാണ് ഉണ്ടായിക്കൊണ്ടിരിക്കുന്നത്. റോബോട്ടുകൾ ശസ്ത്രക്രിയ നടത്തുന്ന കാലം. ഈ മാറ്റങ്ങളൊന്നും മുനീർ അംഗീകരിക്കുന്നില്ലേ? മുനീർ അംഗീകരിച്ചാലുമില്ലെങ്കിലും എല്ലാം മാറ്റത്തിനു വിധേയമായിക്കൊണ്ടിരിക്കുന്നു.
ഒരുകാലത്ത് പിന്നാക്ക സമുദായത്തിൽപ്പെട്ടവർക്ക് ഇഷ്ടമുള്ള വസ്ത്രം ധരിക്കാനുള്ള സ്വാതന്ത്ര്യമില്ലായിരുന്നു. അതിലെല്ലാം മാറ്റം വരുത്താനുള്ള ഇടപെടലാണ് ഇഷ്ടമുള്ള വസ്ത്രം ധരിക്കാനുള്ള സ്വാതന്ത്ര്യത്തിലേക്ക് നയിച്ചത്. മതവിദ്യാഭ്യാസം മാത്രം മതിയെന്നും പൊതുവിദ്യഭ്യാസം വേണ്ടെന്നും പഠിപ്പിച്ചവരെ തിരുത്തിയാണ് ഇന്നത്തെ നിലയിലേക്ക് വന്നത്. വിദ്യാർത്ഥി-വിദ്യാർത്ഥിനികളുടെ പുതിയ വസ്ത്രത്തെക്കുറിച്ച് ആക്ഷേപം ഉന്നയിക്കുന്നതിന് വേണ്ടി ആദരണീയനായ കേരള മുഖ്യമന്ത്രിയെയും അദ്ദേഹത്തിന്റെ ഭാര്യയെയും ഉൾപ്പെടുത്തി താങ്കൾ നടത്തിയ പരിഹാസം ഇരിക്കുന്ന പദവികൾക്ക് യോജിച്ചതല്ല.
താങ്കൾ ആരോഗ്യശാസ്ത്രം പഠിച്ചിട്ടുള്ളതിനാൽ ശാസ്ത്രജ്ഞാനം നേടിയിട്ടുണ്ട്. എന്നാൽ ശാസ്ത്രബോധം താങ്കൾക്കില്ല. ഉണ്ടായിരുന്നെങ്കിൽ ഒരേസമയം മുഖ്യമന്ത്രിക്കുനേരെ പരിഹാസവും ലിംഗസമത്വത്തിനുനേരെ അജ്ഞതയും താങ്കൾ വിളമ്പുമായിരുന്നില്ല. സയൻസ് ആധുനികമായ ജീവിതബോധം കൂടിയാണ്. അതിനെയാണ് ശാസ്ത്രബോധം എന്ന് വിളിക്കുന്നത്. ശാസ്ത്രബോധത്തിനുനേരെ ബി.ജെ.പി നേതൃത്വവും കേന്ദ്ര സർക്കാരും നേരിട്ട് കടന്നാക്രമണങ്ങൾ നടത്തുന്ന ഘട്ടത്തിൽ താങ്കളും മറ്റൊരു തലത്തിൽ അതോടൊപ്പം ചേരുകയാണ്. സ്വന്തം അണികളുടെ ആരവത്തിൽ ആവേശഭരിതനായി സ്വയം ചെറുതാകരുത്.
Summary: "There was a time when backward community did not have the freedom to wear what they liked"; CPM leader P. Jayarajan criticizes Muslim League leader MK Muneer's remarks against gender neutral uniform
Adjust Story Font
16