'വര്‍ഗീയ കൊലകള്‍ കേരളത്തില്‍ ഇല്ലാത്തതിന്‍റെ ക്രെഡിറ്റ് ലീഗിനുമുണ്ട്, മതേതര നിലപാടില്‍ വിട്ടുവീഴ്ചയില്ല': മുഖ്യമന്ത്രിക്ക് കുഞ്ഞാലിക്കുട്ടിയുടെ മറുപടി
'മതേതര നിലപാട് ഉയർത്തിപ്പിടിക്കുന്നതിൽ ലീഗിന്‍റെ സംഭാവന കാണാതെ പോകരുത്'
മുസ്ലിം ലീഗിനെതിരായ മുഖ്യമന്ത്രിയുടെ വിമർശനത്തിന് മറുപടിയുമായി പി കെ കുഞ്ഞാലിക്കുട്ടി. മതവിശ്വാസവും വര്‍ഗീയതയും സര്‍ക്കാര്‍ രണ്ടായി കാണണം. ലീഗ് മതേതര നിലപാടിൽ വിട്ടുവീഴ്ച ചെയ്തിട്ടില്ല. മതേതര നിലപാട് ഉയർത്തിപ്പിടിക്കുന്നതിൽ ലീഗിന്‍റെ സംഭാവന കാണാതെ പോകരുത്. കേരളത്തില്‍ രാജ്യത്തിന്‍റെ മറ്റ് ഭാഗങ്ങളിലേതു പോലെയുള്ള വര്‍ഗീയ കൊലകള്‍ നടക്കാത്തതിന്‍റെ ക്രെഡിറ്റ് മുസ്‍ലിം ലീഗിനുമുണ്ടെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.
കെ റെയില്‍ പദ്ധതിയില്‍ സര്‍ക്കാര്‍ വാശി കാണിക്കരുതെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു. പ്രതിപക്ഷം ചൂണ്ടിക്കാണിക്കുന്ന പോരായ്മകള്‍ സര്‍ക്കാര്‍ മുഖവിലക്കെടുക്കണം. പ്രതിപക്ഷത്തോട് ചര്‍ച്ച ചെയ്ത് തീരുമാനിക്കണം. പദ്ധതി ജനങ്ങള്‍ക്ക് ബോധ്യപ്പെടുത്തിക്കൊടുക്കണം. പരിസ്ഥിതി വിഷയങ്ങള്‍ രാഷ്ട്രീയത്തിന് അതീതമായി കാണണമെന്നും കുഞ്ഞാലിക്കുട്ടി കൂട്ടിച്ചേര്‍ത്തു. വഖഫ് നിയമനം പിഎസ്‌സിക്ക് വിടുന്ന സര്‍ക്കാര്‍ നിലപാടിനോട് യോജിക്കാന്‍ കഴിയില്ലെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.
മുസ്‌ലിം ലീഗ് സമൂഹത്തിൽ വർഗീയ നിറം പകർത്താൻ നോക്കുകയാണെന്നാണ് മുഖ്യമന്ത്രി ഇന്നലെ പറഞ്ഞത്. വഖഫ് വിഷയത്തിൽ ഈ നീക്കമാണ് നടന്നത്. വഖഫ് വിഷയത്തിൽ സർക്കാരിന് പിടിവാശിയില്ല എന്ന് അർത്ഥശങ്കയ്ക്കിടയില്ലാതെ പറയുന്നു. അതുകൊണ്ടാണ് സാവകാശം ചർച്ച ചെയ്തിട്ടുമതി എന്ന് തീരുമാനിച്ചത്. സമസ്തയിലെ രണ്ട് വിഭാഗവും മുജാഹിദിലെ ഒരു വിഭാഗവും ഇതിനെ അംഗീകരിച്ചു. ലീഗിന് മാത്രം ഇത് അംഗീകരിക്കാനാകുന്നില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.
മുസ്‌ലിം ലീഗ് യു.ഡി.എഫിലെ ഒന്നാമത്തെ പാർട്ടിയാണെന്ന് ചിലപ്പോൾ അവർ കരുതുന്നു. കേരളത്തിലെ എൽഡിഎഫ് സർക്കാരിന്റെ കീഴിൽ മുസ്‌ലിംകൾക്ക് രക്ഷയില്ല എന്ന് വരുത്തിത്തീർക്കാൻ നോക്കി. ലീഗിന്‍റെ സമ്മേളനത്തിലെ ആൾക്കൂട്ടം സ്വയംഭൂവായി ഉണ്ടായതാണെന്ന് അവർ പ്രചരിപ്പിച്ചു. അവർ വിളിച്ച മുദ്രാവാക്യങ്ങൾ നിങ്ങൾ കേട്ടില്ലേ. സമ്മേളനത്തിൽ തന്‍റെ അച്ഛന്‍റെ പേരും വലിച്ചിഴച്ചെന്നും മുഖ്യമന്ത്രി പറയുകയുണ്ടായി.
Adjust Story Font
16