'ഇത് കൊല്ലാക്കൊല, ക്രൂരതയ്ക്കും ഒരതിരുണ്ട്': ചിന്തയ്ക്ക് പിന്തുണയുമായി പി.കെ ശ്രീമതി
'ചെറുപ്പക്കാരിയെ പ്രത്യേകിച്ച് അവിവാഹിതയെ തന്റേടവും ധൈര്യവും നിലപാടും വ്യക്തമാക്കി ജീവിക്കാൻ സമൂഹത്തിൽ ഇന്നും നിലനിൽക്കുന്ന ജീർണിച്ച യാഥാസ്ഥിതികത്വം അനുവദിക്കില്ല'
ചിന്ത ജെറോം, പി.കെ ശ്രീമതി
തിരുവനന്തപുരം: യുവജനക്ഷേമ കമ്മീഷന്‍ അധ്യക്ഷ ചിന്താ ജെറോമിനെ പിന്തുണച്ച് അഖിലേന്ത്യാ മഹിളാ അസോസിയേഷന്‍ പ്രസിഡന്‍റ് പി.കെ ശ്രീമതി. ചിന്തക്കെതിരെ നീചവും നികൃഷ്ടവുമായ വിമര്‍ശനം ഉയര്‍ത്തുന്നത് സ്ത്രീ ആയതുകൊണ്ട് മാത്രമാണ്. ചെറുപ്പക്കാരിയെ പ്രത്യേകിച്ച് അവിവാഹിതയെ തന്റേടവും ധൈര്യവും നിലപാടും വ്യക്തമാക്കി ജീവിക്കാൻ കേരളീയ സമൂഹത്തിൽ ഇന്നും നിലനിൽക്കുന്ന ജീർണിച്ച യാഥാസ്ഥിതികത്വം അനുവദിക്കില്ല. ചിന്തക്കെതിരെ ചില മാധ്യമങ്ങളും സോഷ്യൽ മീഡിയയും യൂത്ത് കോൺഗ്രസും നടത്തുന്നത് വിമർശനമല്ല. കൊല്ലാതെ കൊല്ലുകയാണ്. ക്രൂരതക്കും ഒരതിരുണ്ടെന്നും ഇത് തുടരരുതെന്നും പി.കെ ശ്രീമതി ആവശ്യപ്പെട്ടു.
കൊല്ലത്ത് ഫോര്‍സ്റ്റാര്‍ ഹോട്ടലില്‍ ചിന്ത കുടുംബത്തോടൊപ്പം ഒന്നേമുക്കാല്‍ വര്‍ഷം താമസിച്ചെന്ന് യൂത്ത് കോണ്‍ഗ്രസാണ് ആരോപിച്ചത്. 8500 രൂപ ശരാശരി ദിവസ വാടക വരുന്ന അപാര്‍ട്ട്മെന്‍റാണിതെന്നും യൂത്ത് കോണ്‍ഗ്രസ് ആരോപിച്ചു. എന്നാല്‍ അമ്മയുടെ ചികിത്സയ്ക്കായാണ് അപാര്‍ട്മെന്‍റില്‍ താമസിച്ചതെന്നും 20,000 രൂപയാണ് മാസ വാടകയെന്നും ചിന്ത പറഞ്ഞു. വീട് പുതുക്കിപ്പണിയിനായാണ് മാറിത്താമസിച്ചതെന്നും ചിന്ത വ്യക്തമാക്കി.
കുറിപ്പിന്‍റെ പൂര്‍ണരൂപം
വിമർശനമാവാം. എന്നാൽ "കേട്ട പാതി കേൾക്കാത്ത പാതി" നീചവും നികൃഷ്‌ടവുമായ വിമർശനം ഉയർത്തുന്നത് സ്ത്രീ ആയത് കൊണ്ട് മാത്രം. ഉന്നത വിദ്യാഭ്യാസ യോഗ്യതയും ആശയ വ്യക്തതയോടെ സംസാരിക്കാൻ കഴിവുമുണ്ടെങ്കിലും ഒരു ചെറുപ്പക്കാരിയെ (അവിവാഹിതയാണെങ്കിൽ പ്രത്യേകിച്ചും) തന്റേടവും ധൈര്യവും നിലപാടും വ്യക്തമാക്കി ജീവിക്കാൻ കേരളീയ സമൂഹത്തിൽ ഇന്നും നിലനിൽക്കുന്ന ജീർണിച്ച യാഥാസ്തിഥികത്വം അനുവദിക്കില്ല.
സ. ചിന്തയെക്കുറിച്ചാണ്. അപവാദങ്ങളുടെ പെരും മഴയാണ് കുറച്ച് നാളുകളായി ഈ പെൺകുട്ടിയെകുറിച്ച് ഇറക്കികൊണ്ടിരിക്കുന്നത്. വിമർശിക്കുന്നത് തെറ്റുപറ്റിയിട്ടുണ്ടെങ്കിൽ തിരുത്തിക്കാനായിരിക്കണം. അവഹേളിക്കരുത്. മാനസികമായി ഒരു പെൺകുട്ടിയെ സമൂഹമധ്യത്തിൽ ഇങ്ങനെ തളർത്തിയിടരുത്.
സ. ചിന്തക്കെതിരെ ചില മാദ്ധ്യമങ്ങളും സോഷ്യൽമീഡിയയും യൂത്ത് കോൺഗ്രസും നടത്തുന്നത് വിമർശനമല്ല. കൊല്ലാതെ കൊല്ലുകയാണ്. ക്രൂരതക്കും ഒരതിരുണ്ട്. ഇത് തുടരരുത്.
Adjust Story Font
16