Quantcast

പി.ടിക്ക് വിട, അന്ത്യാഞ്ജലി അര്‍പ്പിച്ച് ആയിരങ്ങള്‍

പി.ടിയെ അവസാനമായൊന്ന് കാണാൻ രവിപുരം ശ്മശാനത്തിലും ആളുകള്‍ തടിച്ചുകൂടി.

MediaOne Logo

Web Desk

  • Updated:

    2021-12-23 16:50:15.0

Published:

23 Dec 2021 1:46 PM GMT

പി.ടിക്ക് വിട, അന്ത്യാഞ്ജലി അര്‍പ്പിച്ച് ആയിരങ്ങള്‍
X

അന്തരിച്ച പി ടി തോമസ് എംഎല്‍എയ്ക്ക് നാടിന്‍റെ കണ്ണീര്‍ പ്രണാമം. രവിപുരം ശ്മശാനത്തിലായിരുന്നു സംസ്കാരം. എറണാകുളം ഡിസിസിയിലും ടൗൺ ഹാളിലും തൃക്കാക്കര കമ്മ്യൂണിറ്റി ഹാളിലും പൊതുദർശനത്തിന് വെച്ച മൃതദേഹത്തില്‍ ആയിരങ്ങള്‍ അന്തിമോപചാരമര്‍പ്പിച്ചു.

വൈകിട്ട് അഞ്ച് മണിക്ക് സംസ്കാര ചടങ്ങ് നടത്താനായിരുന്നു തീരുമാനം. എന്നാൽ തങ്ങളുടെ നേതാവിനെ ഒരു നോക്കു കാണാൻ ആളുകൾ കൂടിയതോടെ സംസ്കാര ചടങ്ങുകൾ വൈകുകയായിരുന്നു. പൂർണ സംസ്ഥാന ബഹുമതികളോടെയായിരുന്നു സംസ്കാരം.

തന്‍റെ സംസ്കാരം എങ്ങനെയായിരിക്കണം എന്നത് സംബന്ധിച്ച് പി.ടി തോമസ് ഒരു മാസം മുന്‍പ് അന്ത്യാഭിലാഷം എഴുതിവെച്ചിരുന്നു. മൃതദേഹത്തില്‍ റീത്ത് വെയ്ക്കരുത്, പൊതുദർശനത്തിനു വെക്കുമ്പോൾ 'ചന്ദ്രകളഭം ചാർത്തിയുറങ്ങും തീരം' എന്ന ഗാനം പശ്ചാത്തലത്തിൽ വേണം, രവിപുരം പൊതുശ്മശാനത്തിൽ ദഹിപ്പിക്കണം, ചിതാഭസ്മത്തിൽ ഒരു ഭാഗം അമ്മയുടെ കല്ലറയിൽ സമർപ്പിക്കണം, കണ്ണുകൾ ദാനം ചെയ്യണം എന്നിവയാണ് അദ്ദേഹം ആവശ്യപ്പെട്ടത്. സംസ്കാരം അദ്ദേഹത്തിന്‍റെ ആഗ്രഹം പോലെ നടന്നു.

രാഹുൽ ഗാന്ധി എംപി, മുഖ്യമന്ത്രി പിണറായി വിജയൻ, സ്പീക്കർ എം.ബി രാജേഷ്, മന്ത്രിമാര്‍, പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍, കോണ്‍ഗ്രസ് നേതാക്കള്‍ തുടങ്ങിയവരെല്ലാം പി.ടിയ്ക്ക് ആദരാഞ്ജലി അർപ്പിച്ചു. പി.ടിയെ അവസാനമായൊന്ന് കാണാൻ രവിപുരം ശ്മശാനത്തിലും ആളുകള്‍ തടിച്ചുകൂടി.

അർബുദത്തിനു ചികിത്സയിലായിരുന്ന പി.ടി.തോമസ് ഇന്നലെ രാവിലെ 10.15നാണ് വെല്ലൂർ മെഡിക്കൽ കോളജിൽ അന്തരിച്ചത്. രണ്ടു മാസം മുൻപാണ് രോഗം സ്ഥിരീകരിച്ചത്. തൊടുപുഴയിൽ നിന്നും തൃക്കാക്കരയിൽ നിന്നും രണ്ടു തവണ വീതം നിയമസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു. ഇടുക്കിയിൽ നിന്ന് ഒരു തവണ ലോക്സഭയിലേക്കും തെരഞ്ഞെടുക്കപ്പെട്ടു. കെഎസ്‌യു സംസ്ഥാന പ്രസിഡന്റ്, കെഎസ്‌യുവിന്റെയും യൂത്ത് കോൺഗ്രസിന്റെയും സംസ്ഥാന ജനറൽ സെക്രട്ടറി, ഇടുക്കി ഡി.സി.സി പ്രസിഡന്‍റ് തുടങ്ങിയ സ്ഥാനങ്ങളും വഹിച്ചു.


TAGS :

Next Story