Quantcast

കിഴക്കമ്പലത്തെ അക്രമത്തിന്‍റെ ഉത്തരവാദിത്തം കിറ്റക്സിന്: ശ്രീനിജന്‍ എംഎല്‍എ

സമഗ്ര അന്വേഷണം വേണമെന്നും എംഎല്‍എ

MediaOne Logo

Web Desk

  • Updated:

    2021-12-26 06:53:23.0

Published:

26 Dec 2021 5:47 AM GMT

കിഴക്കമ്പലത്തെ അക്രമത്തിന്‍റെ ഉത്തരവാദിത്തം കിറ്റക്സിന്: ശ്രീനിജന്‍ എംഎല്‍എ
X

എറണാകുളത്തെ കിഴക്കമ്പലത്തെ അതിഥി തൊഴിലാളികളുടെ അക്രമത്തിന്‍റെ ഉത്തരവാദിത്തം കിറ്റക്സിനെന്ന് പി വി ശ്രീനിജന്‍ എംഎല്‍എ. നേരത്തെയും അക്രമമുണ്ടായി. സമഗ്ര അന്വേഷണം വേണമെന്നും ശ്രീനിജന്‍ ആവശ്യപ്പെട്ടു.

"സാമൂഹ്യ സുരക്ഷ ഉറപ്പാക്കേണ്ട പൊലീസിനെപ്പോലും ആക്രമിക്കുന്ന അവസ്ഥയിലേക്ക് കിറ്റക്സിലെ ജീവനക്കാര്‍ മാറിയിരിക്കുന്നു. അന്യസംസ്ഥാന തൊഴിലാളികള്‍ക്ക് നമ്മളാരും എതിരല്ല. അവര്‍ക്ക് ആവശ്യമായ സൌകര്യങ്ങള്‍ കൊടുക്കാമെന്ന് പറഞ്ഞാണ് കൊണ്ടുവരുന്നത്. അതൊന്നും കൊടുക്കുന്നില്ല. അവര്‍ അത്രമാത്രം അസ്വസ്ഥരായിട്ടാണ് ഇവിടെ ജോലി ചെയ്യുന്നത്. നാട്ടുകാരെ അവര്‍ ശത്രുക്കളായാണ് കാണുന്നത്. അത്തരത്തിലുള്ള പരിശീലനമാണ് അവര്‍ക്ക് കൊടുക്കുന്നത്"- ശ്രീനിജന്‍ പറഞ്ഞു.

പ്രദേശവാസികളും കിറ്റക്സിനെതിരെ രംഗത്തെത്തി. നാട്ടുകാരെ ബുദ്ധിമുട്ടിക്കണമെന്ന് നിർദേശമുള്ളത് പോലെയാണ് കിറ്റക്‌സിലെ തൊഴിലാളികൾ പെരുമാറാറുള്ളതെന്ന് അവർ പറയുന്നു. കമ്പനിയുടെ ഗുണ്ടകൾ കണക്കെ ഇടപെടുന്ന ഇവർ പ്രദേശത്തെ റോഡ് കയ്യേറി യാത്രചെയ്യാൻ അനുവദിക്കാത്ത മട്ടിലിരിക്കുന്നത് പതിവാണെന്നും നാട്ടുകാർ പറയുന്നു. ഇവർ മദ്യപിച്ച് റോഡിലിരിക്കുന്നത് മൂലം കുടുംബസമേതം യാത്ര ചെയ്യാനാകാത്ത അവസ്ഥയുണ്ടെന്നും നാട്ടുകാർ കുറ്റപ്പെടുത്തി. ഇന്നലെ അക്രമം അഴിച്ചുവിട്ട തൊഴിലാളികള്‍ മുന്‍പും പ്രശ്നമുണ്ടാക്കിയിട്ടുണ്ടെന്നും അന്ന് പൊലീസിനെ അറിയിച്ചപ്പോള്‍ തിരിഞ്ഞുനോക്കിയില്ലെന്നും നാട്ടുകാര്‍ പറയുന്നു.

ക്രിസ്മസ് കരോളുമായി ബന്ധപ്പെട്ടാണ് കിറ്റക്സിലെ അതിഥി തൊഴിലാളികള്‍ തമ്മില്‍ സംഘര്‍ഷമുണ്ടായത്. അതിനിടെ തൊഴിലാളികള്‍ പ്രശ്നം പരിഹരിക്കാനെത്തിയ പൊലീസുകാര്‍ക്കു നേരെ തിരിഞ്ഞു. പൊലീസ് ജീപ്പ് കത്തിച്ചു. പൊലീസുകാര്‍ ജീപ്പില്‍ നിന്നും ഇറങ്ങിയോടി രക്ഷപ്പെടുകയായിരുന്നു. തൊഴിലാളികളുടെ കല്ലേറിൽ കുന്നത്തുനാട് സിഐ വി.ടി ഷാജനുൾപ്പടെ അഞ്ച് പൊലീസുകാർക്ക് പരിക്കേറ്റു.

ഇന്നു രാവിലെ അതിഥി തൊഴിലാളികളുടെ താമസ സ്ഥലത്ത് പൊലീസ് റെയ്ഡ് നടത്തി. ഇതുവരെ 150 അതിഥി തൊഴിലാളികളുടെ അറസ്റ്റ് രേഖപ്പെടുത്തി. ഇവരുടെ മൊബൈല്‍ ഫോണ്‍ പിടിച്ചെടുത്തു. സ്ഥലത്ത് ഉന്നത ഉദ്യോഗസ്ഥരുടെ നേതൃത്വത്തിൽ പൊലീസ് ക്യാമ്പ് ചെയ്യുകയാണ്. അക്രമം നടത്തിയവര്‍ ലഹരി ഉപയോഗിച്ചിരുന്നുവെന്ന് പൊലീസ് പറയുന്നു.

TAGS :

Next Story