പ്രധാനമന്ത്രീ... അങ്ങ് പറഞ്ഞത് സംഭവിക്കണമെങ്കിൽ മതനിരപേക്ഷ കേരളം മരിക്കണം: മുഹമ്മദ് റിയാസ്
വടക്കുകിഴക്കൻ സംസ്ഥാനങ്ങളിലെ വിജയം കേരളത്തിലും ആവർത്തിക്കുമെന്നാണ് പ്രധാനമന്ത്രി പറഞ്ഞത്
മുഹമ്മദ് റിയാസ്
തിരുവനന്തപുരം: കേരളവും ബിജെപി ഗവൺമെന്റിനെ അധികാരത്തിലേറ്റുമെന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രസ്താവനയ്‌ക്കെതിരെ മന്ത്രി പി.എ മുഹമ്മദ് റിയാസ്. പ്രധാനമന്ത്രി പറഞ്ഞ കാര്യം സംഭവിക്കണമെങ്കിൽ മതനിരപേക്ഷ കേരളം മരിക്കണമെന്നായിരുന്നു റിയാസിന്റെ മറുപടി.
പ്രധാനമന്ത്രിയുടെ പ്രസ്താവന മലയാളികൾ അവജ്ഞയോടെ തള്ളിക്കളയുമെന്നും വർഗ്ഗീയതയ്ക്കും മതവിദ്വേഷ രാഷ്ട്രീയത്തിനും കേരളത്തിന്റെ മണ്ണിൽ സ്ഥാനമില്ലെന്നും റിയാസ് ഫേസ്ബുക്കിൽ കുറിച്ചു.
ഫേസ്ബുക്ക് പോസ്റ്റ്
ബഹുമാനപ്പെട്ട പ്രധാനമന്ത്രി,അങ്ങ് പറഞ്ഞത് സംഭവിക്കണമെങ്കിൽ മതനിരപേക്ഷ കേരളം മരിക്കണം..! കേരളത്തിലും ബിജെപി സർക്കാരുണ്ടാക്കുമെന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രസ്താവനയെ മലയാളികൾ അർഹിക്കുന്ന അവജ്ഞയോടെ തള്ളിക്കളയും. ഈ നാട് രൂപപ്പെട്ടുവന്ന ചരിത്രത്തെപ്പറ്റിയും ഇവിടത്തെ സെക്കുലർ ഫാബ്രിക്കിനെപ്പറ്റിയും അറിയുന്നവരാരും ഈ പ്രസ്താവനയെ പിന്തുണക്കില്ല. വർഗ്ഗീയതയ്ക്കും മതവിദ്വേഷ രാഷ്ട്രീയത്തിനും കേരളത്തിന്റെ മണ്ണിൽ സ്ഥാനമില്ലെന്ന് പലവട്ടം സംഘപരിവാറിനെ ഓർമ്മിപ്പിച്ചവരാണ് മലയാളികൾ. ആർഎസ്എസ്സിന്റെ തീവ്ര വലതുപക്ഷ പ്രതിലോമ രാഷ്ട്രീയത്തിന് കേരളമൊരു ബാലികേറാമലയായി തുടരും.മറിച്ചു സംഭവിക്കണമെങ്കിൽ മതനിരപേക്ഷ കേരളം മരിക്കണം. ഇടതുപക്ഷമുള്ളിടത്തോളം മതനിരപേക്ഷ കേരളത്തിന് മരണമില്ല...
വടക്കുകിഴക്കൻ സംസ്ഥാനങ്ങളിലെ വിജയം കേരളത്തിലും ആവർത്തിക്കും. കേരളത്തിലെ ജനങ്ങൾ നിലവിലെ തിരഞ്ഞെടുപ്പ് ഫലം കാണുന്നുണ്ടെന്നുമായിരുന്നു പ്രധാനമന്ത്രി കഴിഞ്ഞ ദിവസം പറഞ്ഞത്. ഭരണത്തുടർച്ച ഉറപ്പാക്കിയതിന് പിന്നാലെ ത്രിപുരയിലെയും കേരളത്തിലെയും സിപിഎമ്മിന്റെ ബന്ധത്തിലെ വൈരുദ്ധ്യതയും മോദി ചൂണ്ടിക്കാട്ടി. കോൺഗ്രസും സിപിഎമ്മും തമ്മിൽ ഒരിടത്ത് ഗുസ്തിയും മറ്റൊരിടത്ത് ദോസ്തിയുമാണെന്ന് അദ്ദേഹം ആവർത്തിച്ചു.
Adjust Story Font
16