'ചേച്ചി ഒറ്റയ്ക്കല്ല, ഞങ്ങള് കൂടെ വരാമെന്നാണ് പ്രവർത്തകർ പറയുന്നത്'; ബി.ജെ.പി പ്രവേശനത്തിന് ശേഷം പത്മജ വേണുഗോപാൽ
മോദിയുടെ കഴിവും നേതൃത്വവും തന്നെ ആകർഷിച്ചിരുന്നെന്നും അതുകൊണ്ടായിരിക്കാം ഇങ്ങനെ ഒരു തീരുമാനമെടുത്തതെന്നും പത്മജ പറഞ്ഞു.
ഡൽഹി: നേതാക്കൾക്ക് തന്നെ മനസിലായില്ലെങ്കിലും കോണ്‍ഗ്രസ് പ്രവർത്തകർക്ക് തന്നെ മനസിലാകുമെന്ന് പത്മജ വേണുഗോപാൽ. ബി.ജെ.പി അംഗത്വം സ്വീകരിച്ചതിനുശേഷമാണ് പത്മജയുടെ പ്രതികരണം. ചേച്ചി ഒറ്റയ്ക്കല്ല, ഞങ്ങള് കൂടെ വരാം എന്നാണ് പ്രവർത്തകർ പറയുന്നത്. അത് തനിക്ക് ധൈര്യം തരുന്നുണ്ടെന്നും പത്മജ കൂട്ടിച്ചേർത്തു.
താൻ കുറേക്കാലമായി കോൺഗ്രസിൽ അവഗണന നേരിടുകയാണെന്നും പത്മജ വേണുഗോപാൽ പറഞ്ഞു. "കഴിഞ്ഞ തെരഞ്ഞെടുപ്പിൽ ഈ പാർട്ടി വിട്ടുപോകാൻ തീരുമാനിച്ചതാണ്. കാരണം എന്നെ തോൽപ്പിച്ചത് ആരാണ് എന്ന് എനിക്ക് വ്യക്തമായി അറിയാം. ഞാൻ പരാതി കൊടുത്തു. അതിൽ നടപടിയുണ്ടായില്ല. അത് ചവറ്റുകൊട്ടയിൽ പോയി എന്നാണ് കെ.പി.സി.സി ഓഫീസിൽ നിന്ന് കിട്ടിയ വിവരം. അത് കഴിഞ്ഞ് എന്നെ തോൽപ്പിച്ച ആൾക്കാരെ സ്വന്തം മണ്ഡലത്തിൽ കൊണ്ടുവച്ചപ്പോൾ എനിക്കെന്റെ മണ്ഡലത്തിൽ കൂടി പ്രവർത്തിക്കാൻ പറ്റാതായി. കാരണം അവിടെ നാലഞ്ചു പേരുടെ കൈയിലായി അധികാരം. എന്നെ വല്ലാതെ ദ്രോഹിച്ചു. കുറച്ചുകാലമായി ഞാൻ മാറി നിൽക്കുകയായിരുന്നു"
"രാഷ്ട്രീയം അവസാനിപ്പിച്ചാലോ എന്നുവരെ ആലോചിച്ചിരുന്നു. മോദിജിയുടെ കഴിവും നേതൃത്വവും എന്നെ എന്നും ആകർഷിച്ചിരുന്നു. അതുകൊണ്ടായിരിക്കാം ഇങ്ങനെ ഒരു തീരുമാനമെടുത്തത്. കോൺഗ്രസ് പ്രവർത്തകരെ കുറിച്ച് ആലോചിക്കുമ്പോൾ മാനസികമായി ബുദ്ധിമുട്ടുണ്ട്. അച്ഛൻ പോയപ്പോൾ പോലും ഞാൻ പാർട്ടി വിട്ടു പോയിട്ടില്ല. ഞാൻ പാർട്ടി മാറിയത് പ്രവർത്തകർക്ക് മനസ്സിലാകും. ചേച്ചി ഒറ്റയ്ക്കല്ല, ഞങ്ങള് കൂടെ വരാം എന്നാണ് പ്രവർത്തകർ പറയുന്നത്. അത് ധൈര്യം തരുന്നുണ്ട്" പത്മജ വേണുഗോപാൽ പറഞ്ഞു.
Adjust Story Font
16