പാലക്കാട് കള്ളപ്പണ വിവാദം; തെരഞ്ഞെടുപ്പ് കമ്മീഷൻ റിപ്പോർട്ട് തേടി
പാലക്കാട് ജില്ലയുടെ തെരഞ്ഞെടുപ്പ് ചുമതലയുളള കലക്ടറോടാണ് തെരഞ്ഞെടുപ്പ് കമ്മീഷൻ റിപ്പോർട്ട് ആവശ്യപ്പെട്ടത്
തിരുവനന്തപുരം: പാലക്കാട് ഉപതെരഞ്ഞെടുപ്പിലെ കള്ളപ്പണ ആരോപണത്തിൽ ഇടപെട്ട് തെരഞ്ഞെടുപ്പ് കമ്മീഷൻ. പാലക്കാട് ജില്ലയുടെ തെരഞ്ഞെടുപ്പ് ചുമതലയുളള കലക്ടറോട്, തെരഞ്ഞെടുപ്പ് കമ്മീഷൻ റിപ്പോർട്ട് ആവശ്യപ്പെട്ടു.
കോൺഗ്രസ് വനിതാ നേതാക്കളുടെ ഹോട്ടൽ മുറികളിലടക്കം നടന്ന പരിശോധനയെ കുറിച്ചും, എന്താണ് സംഭവിച്ചതെന്നതിനെ കുറിച്ചുമാണ് കലക്ടറോട് പ്രാഥമിക റിപ്പോർട്ട് തേടിയത്. റിപ്പോർട്ട് ലഭിച്ച ശേഷമാകും തുടര്‍ നടപടി.
ഉപതെരഞ്ഞെടുപ്പ് പ്രവര്‍ത്തനത്തിനെത്തിയ കോണ്‍ഗ്രസ് നേതാക്കള്‍ താമസിച്ച ഹോട്ടല്‍ മുറികളില്‍ കള്ളപ്പണം കണ്ടെത്താനെന്ന പേരില്‍ ചൊവ്വാഴ്ച രാത്രി 12നുശേഷം പൊലീസ് നടത്തിയ റെയ്ഡ് വന്‍വിവാദമായ പശ്ചാത്തലത്തിലാണ് തെരഞ്ഞെടുപ്പ് കമ്മീഷന്റെ ഇടപെടല്‍.
അതിനിടയില്‍ പാലക്കാട്ടെ റെയ്ഡില്‍ പ്രതിപക്ഷ നേതാവ് വി.ഡി സതീശനും കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കി. സിപിഎം പൊലീസിനെ രാഷ്ട്രീയമായി ദുരുപയോഗം ചെയ്‌തെന്ന് ആരോപിച്ചാണ് വി.ഡി. സതീശന്‍ പരാതി നല്‍കിയിരിക്കുന്നത്.
പാലക്കാട് നഗരത്തില്‍ കെപിഎം ഹോട്ടലിലായിരുന്നു ചെവ്വാഴ്ച രാത്രിയോടെ നാടകീയസംഭവങ്ങള്‍ നടന്നത്. വനിതാ നേതാക്കളുടെ മുറികളില്‍ വനിതാ പൊലീസിന്റെ അസാന്നിധ്യത്തില്‍ പരിശോധന നടത്തിയെന്നാണ് കോണ്‍ഗ്രസ് നേതാക്കള്‍ ആരോപിക്കുന്നത്. ഇന്നലെ ഉച്ചയോടെ വീണ്ടും പൊലീസെത്തി ഹോട്ടലില്‍ നിന്ന് സിസിടിവി ദൃശ്യങ്ങളടങ്ങിയ ഹാര്‍ഡ് ഡിസ്‌ക് കസ്റ്റഡിയിലെടുത്തു പരിശോധിച്ചിരുന്നു.
പിന്നാലെ ട്രോളി ബാഗുമായി യൂത്ത് കോണ്‍ഗ്രസ് നേതാവ് പോകുന്ന ദൃശ്യങ്ങള്‍ പുറത്തുവന്നു. എന്നാൽ ട്രോളി ബാഗുമായി യൂത്ത് കോൺഗ്രസ് നേതാവ് പോകുന്നു എന്നല്ലാതെ എന്താണ് അതിലുള്ളത് എന്ന് തെളിയിക്കാനായിട്ടില്ല.
അതേസമയം പൊലീസിന്റെ പാതിരാ പരിശോധന ഇലക്ഷൻ ക്യാമ്പയിനിൽ മുഖ്യ പ്രചാരണ വിഷയമാക്കാനാണ് കോൺഗ്രസ് തീരുമാനം. വനിതാ നേതാക്കളെ അപമാനിച്ചതും രാഹുൽ മങ്കൂട്ടത്തിനെ കള്ളപ്പണക്കാരനാക്കാൻ ശ്രമിച്ചതും പ്രചാരണവിഷയമാക്കും.
Adjust Story Font
16