Quantcast

ആവേശത്തേരിലേറി രാഹുൽ; പാലക്കാട്ട് ആയിരങ്ങൾ പങ്കെടുത്ത റോഡ് ഷോ, പ്രചാരണത്തിന് തുടക്കം

പാലക്കാട്ട് ഇത്തവണ രാഹുൽ മാങ്കൂട്ടത്തിലിന് ഇരട്ടി വോട്ട് ലഭിക്കുമെന്ന് ഷാഫി പറമ്പിൽ പറഞ്ഞു

MediaOne Logo

Web Desk

  • Updated:

    2024-10-17 15:59:52.0

Published:

17 Oct 2024 2:07 PM GMT

ആവേശത്തേരിലേറി രാഹുൽ; പാലക്കാട്ട് ആയിരങ്ങൾ പങ്കെടുത്ത റോഡ് ഷോ, പ്രചാരണത്തിന് തുടക്കം
X

പാലക്കാട്: ഉപതെരഞ്ഞെടുപ്പിൽ യുഡിഎഫ് സ്ഥാനാർഥി രാഹുൽ മാങ്കൂട്ടത്തിലിന് പാലക്കാട്ട് വൻ വരവേൽപ്പ്. ഡിസിസി ഓഫിസിനു മുന്നിൽ നൂറുകണക്കിനു പ്രവർത്തകരാണ് രാഹുലിനെ സ്വീകരിക്കാനെത്തിയത്. പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ, കെപിസിസി അധ്യക്ഷൻ കെ. സുധാകരൻ, എംപിമാരായ വി.കെ ശ്രീകണ്ഠൻ, ഷാഫി പറമ്പിൽ തുടങ്ങിയവർ രാഹുലിനെ സ്വീകരിക്കാനെത്തിയിരുന്നു. വൈകീട്ട് നടന്ന റോഡ് ഷോയിൽ ആയിരങ്ങളാണു പങ്കെടുത്തത്.

കോൺഗ്രസ് നേതാവായിരുന്ന പി. സരിൻ നേതൃത്വത്തിനെതിരെ പരസ്യമായി രംഗത്തെത്തിയതിന്റെ പശ്ചാത്തലത്തിൽ വർധിതവീര്യത്തോടെയാണ് പ്രവർത്തകർ പാലക്കാട്ട് നഗരത്തിലേക്ക് ഒഴുകിയെത്തിയത്. വൈകീട്ട് ആറു മണിയോടെയാണ് പാലക്കാട് നഗരത്തിൽ രാഹുലിന്റെ റോഡ് ഷോ ആരംഭിച്ചത്. യൂത്ത് കോൺഗ്രസ് സംസ്ഥാന വൈസ് പ്രസിഡന്റ് അബിൻ വർക്കി, മുസ്‌ലിം യൂത്ത് ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പി.കെ ഫിറോസ് തുടങ്ങിയ യുവനേതാക്കൾ റോഡ് ഷോ വാഹനത്തിൽ രാഹുലിനൊപ്പമുണ്ടായിരുന്നു. സുൽത്താൻപേട്ട് മുതൽ സ്റ്റേഡിയം ജങ്ഷൻ വഴിയാണ് റോഡ് ഷോ നടന്നത്.

വലിയ ആത്മവിശ്വാസമുണ്ടെന്ന് രാഹുൽ മാങ്കൂട്ടത്തിൽ മീഡിയവണിനോട് പറഞ്ഞു. കേരളത്തിൽ മതേതരത്വവും വർഗീയതയും ഏറ്റുമുട്ടുമ്പോൾ മതേതരത്വത്തിന് എപ്പോഴും ഒരു മുൻതൂക്കമുണ്ടാകും. ആ ആത്മവിശ്വാസത്തിലാണു മത്സരിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. വ്യക്തികൾക്ക് പ്രസക്തിയില്ലെന്ന് പി. സരിന്റെ സ്ഥാനാർഥിത്വത്തോട് പ്രതികരിച്ച് രാഹുൽ പറഞ്ഞു.

രാഹുൽ വരണമെന്ന് പാർട്ടിയും ഇവിടത്തെ ജനങ്ങളും മുന്നണിയും ആഗ്രഹിച്ചതാണെന്ന് ഷാഫി പറമ്പിൽ മീഡിയവണിനോട് പറഞ്ഞു. ആ ആഹ്രം നിറവേറിയതിന്റെ സന്തോഷമാണ് ഇപ്പോൾ കാണുന്നത്. ബിജെപിയുമായി വലിയൊരു പോരാട്ടം നടക്കുമ്പോൾ അതിനു തുരങ്കംവയ്ക്കുന്നയാൾക്കൊപ്പം ആരെങ്കിലും കൂടുമോ? സരിൻ പറഞ്ഞത് പോലൊരു വലിപ്പം തനിക്കില്ല. മണ്ഡലത്തിൽ വിജയിക്കുകയാണു ലക്ഷ്യമെന്നും ഷാഫി പറഞ്ഞു.

വടകരയിലെ ഡീൽ കറക്ടാണ്. അവിടെ സിപിഎം-ബിജെപിയെ തോൽപിക്കുകയായിരുന്നു ലക്ഷ്യം. ഇവിടെയും അതുതന്നെ നടത്തും. യുഡിഎഫ് ഒറ്റക്കെട്ടാണ്. മണ്ഡലം ആഗ്രഹിച്ച ശക്തനായ സ്ഥാനാർഥിയാണ് രാഹുൽ. എതിരെ നിൽക്കുന്ന സ്ഥാനാർഥി ആരാണെന്നതിൽ പ്രശ്‌നമില്ല. സരിന്റെ ആരോപണം ബാധിച്ചിട്ടില്ല. എന്റെ ആത്മവിശ്വാസം ജനങ്ങളാണ്. ഇത് കുറക്കുന്ന ഒന്നും പാലക്കാട്ട് ഉണ്ടായിട്ടില്ല. ആത്മവിശ്വാസം വർധിപ്പിക്കുന്ന വിവരങ്ങളാണു ലഭിച്ചത്. ഇത്തവണ ഇരട്ടി വോട്ട് ലഭിക്കുമെന്നും ഷാഫി പറമ്പിൽ പറഞ്ഞു.

Summary: UDF candidate in Palakkad by-election Rahul Mamkootathil receives huge welcome in the city

TAGS :

Next Story