Quantcast

ഇടഞ്ഞ് നിൽക്കുന്നവരെ അനുനയിപ്പിക്കാൻ നേതൃത്വം; പാലക്കാട് യൂത്ത് കോൺഗ്രസ് നേതാക്കളുമായി KPCC ചർച്ച

പുറത്താക്കിയ ഐ ഗ്രൂപ്പുകാരെ തിരിച്ചെടുക്കണമെന്ന് ആവശ്യം. ഉടൻ തീരുമാനം ഉണ്ടായില്ലെങ്കിൽ കൂട്ടരാജി ഉണ്ടാകുമെന്ന് യൂത്ത് കോൺഗ്രസ് ഭീഷണി

MediaOne Logo

Web Desk

  • Updated:

    2024-10-20 16:28:22.0

Published:

20 Oct 2024 2:10 PM GMT

ഇടഞ്ഞ് നിൽക്കുന്നവരെ അനുനയിപ്പിക്കാൻ നേതൃത്വം; പാലക്കാട് യൂത്ത് കോൺഗ്രസ് നേതാക്കളുമായി KPCC ചർച്ച
X

പാലക്കാട്: പാലക്കാട് ഇടഞ്ഞു നില്‍ക്കുന്ന യൂത്ത് കോൺഗ്രസ് നേതാക്കളെ അനുനയിപ്പിക്കാനുള്ള നീക്കവുമായി കോൺഗ്രസ് നേതൃത്വം. യൂത്ത് കോൺഗ്രസ് നേതാക്കളുമായി കെപിസിസി നേതാക്കൾ ചർച്ച നടത്തി. പാർട്ടിയിൽ നിന്നും പുറത്താക്കിയ ഐ ഗ്രൂപ്പുകാരെ തിരിച്ചെടുക്കണമെന്നാണ് യൂത്ത് കോൺഗ്രസ് ആവശ്യം. ഉടൻ തീരുമാനം ഉണ്ടായില്ലെങ്കിൽ കൂട്ടരാജി ഉണ്ടാകുമെന്ന് ഇവർ നേതാക്കളെ അറിയിച്ചതായാണ് വിവരം.

രാഹുൽ മാങ്കൂട്ടത്തിലിന്റെ സ്ഥാനാർഥിത്വത്തിന് പിന്നാലെ പാലക്കാട് കോൺഗ്രസിൽ പ്രതിസന്ധി രൂക്ഷമാക്കി വൻ പൊട്ടിത്തെറികളാണ് ഉണ്ടായത്. ഉപതെരഞ്ഞെടുപ്പ് അടുത്തിരിക്കെയുണ്ടായ ഈ പ്രതിസന്ധി യുഡിഎഫിന് വൻ തിരിച്ചടിയായേക്കുമെന്നും വിലയിരുത്തപ്പെടുന്നുണ്ട്. ഇതിനിടെയാണ് അനുനയനീക്കവുമായി നേതൃത്വം രംഗത്ത് വന്നത്.

യുഡിഎഫ് സ്ഥാനാർഥിയായ രാഹുൽ മാങ്കൂട്ടത്തിലിനൊപ്പം നിൽക്കാൻ ഐ ഗ്രൂപ്പ് നേരത്തെ ഉപാധികൾ മുന്നോട്ടുവെച്ചിരുന്നു. യൂത്ത് കോൺഗ്രസ് പാലക്കാട് നിയോജക മണ്ഡലം പ്രസിഡൻ്റ് ആയിരുന്ന കെ.എ സദ്ദാം ഹുസൈനെ പാർട്ടിയിൽ തിരിച്ചെടുക്കണമെന്നായിരുന്നു പ്രധാന ആവശ്യം. സദ്ദാമിനെ തിരിച്ചെടുക്കാൻ 48 മണിക്കൂർ സമയം എന്ന നിർദേശവും ഐ ഗ്രൂപ്പിലെ നേതാക്കൾ മുന്നോട്ടുവെച്ചിരുന്നു. ‌

കോൺ​ഗ്രസിനും നേതൃത്വത്തിനുമെതിരെ ആരോപണമുന്നയിച്ച് യൂത്ത് കോൺഗ്രസ് മുൻ സംസ്ഥാന ജനറൽ സെക്രട്ടറിയും കെഎസ്‌യു മുൻ ജില്ലാ പ്രസിഡന്റുമായിരുന്ന എ.കെ ഷാനിബ് രം​ഗത്ത് വന്നതും പാർട്ടിക്ക് തലവേദനയായിരുന്നു. പാലക്കാട് സ്ഥാനാർഥി നിർണയത്തിനു പിന്നാലെ നേതൃത്വത്തിനെതിരെ രൂക്ഷവിമർശനം ഉന്നയിച്ച് രം​ഗത്തെത്തിയ പി. സരിനെ കോൺ​ഗ്രസ് പുറത്താക്കുകയും പിന്നീട് അദ്ദേഹം ഇതേ മണ്ഡലത്തിൽ എൽഡിഎഫ് സ്ഥാനാർഥിയാവുകയും ചെയ്തതിനു പിന്നാലെയാണ് ഷാനിബും ആരോപണവുമായി രം​ഗത്തെത്തിയത്.


TAGS :

Next Story