മുഹമ്മദ് മുഹ്‌സിനെതിരായ അച്ചടക്ക നടപടിയില്‍ പ്രതിഷേധം; പാലക്കാട് സി.പി.ഐയില്‍ കൂട്ടരാജി
പട്ടാമ്പി മണ്ഡലം കമ്മിറ്റിയിലെ കൂട്ടരാജിക്ക് പിന്നാലെയാണ് മണ്ണാർക്കാട്ടെ രാജി
പാലക്കാട്: പട്ടാമ്പി എം.എൽ.എ മുഹമ്മദ് മുഹ്‌സിനെതിരെ അച്ചടക്ക നടപടി സ്വീകരിച്ചതിനെച്ചൊല്ലി പാലക്കാട് സി.പി.ഐയില്‍ കൂട്ടരാജി. മണ്ണാര്‍ക്കാട് മണ്ഡലം കമ്മിറ്റിയിലെ 13 പേര്‍ രാജിവച്ചു. പട്ടാമ്പി മണ്ഡലം കമ്മിറ്റിയിലെ കൂട്ടരാജിക്ക് പിന്നാലെയാണ് മണ്ണാർക്കാട്ടെ രാജി. പാലക്കാട് പാര്‍ട്ടിയിലെ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ സി.പി.ഐ സംസ്ഥാന നേതൃത്വം നടപടി ആരംഭിച്ചു.
സി.പി.ഐ പാലക്കാട് ജില്ലാ സെക്രട്ടറി കെ.പി സുരേഷ് രാജിനെതിരെയാണ് പടയൊരുക്കം. റവന്യു വകുപ്പിലെയും സിവില്‍ സപ്ലൈസിലെയും അഴിമതികള്‍ ചൂണ്ടിക്കാട്ടി പ്രതികരിച്ചതിന് പട്ടാമ്പി എം.എല്‍.എ മുഹമ്മദ് മുഹ്‌സിനെതിരെ അച്ചടക്ക നടപടി സ്വീകരിച്ചിരുന്നു. ജില്ലാ കൗണ്‍സില്‍ അംഗമായ മുഹ്സിനെ ജില്ലാ കമ്മിറ്റിയിലേക്കും മറ്റ് രണ്ട് പേരെ മണ്ഡലം, ബ്രാഞ്ച് തലങ്ങളിലേക്കും തരംതാഴ്ത്തിയതിന് പിന്നാലെയാണ് സുരേഷ് രാജ് വിരുദ്ധ വിഭാഗം പാര്‍ട്ടിയില്‍ കലാപക്കൊടി ഉയര്‍ത്തിയത്. പട്ടാമ്പി മണ്ഡലം കമ്മിറ്റിയിലെ മുഴുവന്‍ അംഗങ്ങളും കഴിഞ്ഞ ദിവസം രാജിവച്ചിരുന്നു.
പ്രശ്‌നം പരിഹരിക്കാന്‍ സി.പി.ഐ സംസ്ഥാന നേതൃത്വം ശ്രമം തുടരുന്നതിനിടെ മണ്ണാര്‍ക്കാട് മണ്ഡലം കമ്മിറ്റിയിലെ 13 പേരും രാജിവച്ചതായാണ് വിവരം. കളങ്കിതരായ വ്യക്തികളെ പാര്‍ട്ടിയുടെ ഉന്നത സ്ഥാനത്ത് കൊണ്ടുവരാനുള്ള നീക്കം മുഹ്സിന്‍ വിഭാഗം ഇടപെട്ട് തടഞ്ഞതും പ്രതികാര നടപടികള്‍ക്ക് ആക്കം കൂട്ടിയെന്ന് റിപ്പോര്‍ട്ടുണ്ട്.
പാര്‍ട്ടിയില്‍ പ്രശ്‌നങ്ങളില്ലെന്നും സംഘടനാ തത്വങ്ങളനുസരിച്ചാണ് കാര്യങ്ങള്‍ മുന്നോട്ടുപോകുന്നതെന്നുമാണ് സുരേഷ് രാജ് വിഭാഗത്തിന്റെ നിലപാട്. സുരേഷ് രാജിനെതിരെ ശക്തമായ നടപടിയുണ്ടായില്ലെങ്കില്‍ കൂടുതല്‍ പേര്‍ രാജിവെയ്ക്കുമെന്ന് മുഹമ്മദ് മുഹ്സിന്‍ വിഭാഗം നേതൃത്വത്തെ അറിയിച്ചതായാണ് വിവരം.
Adjust Story Font
16