'ഞാൻ സഞ്ചരിച്ചത് ഷാഫിയുടെ കാറിൽ; പിന്നീട് വാഹനം മാറിക്കയറി'-പുതിയ സിസിടിവി ദൃശ്യങ്ങളിൽ രാഹുൽ മാങ്കൂട്ടത്തില്‍
ട്രോളി ബാഗ് കയറ്റിയ വാഹനത്തിൽ രാഹുൽ മാങ്കൂട്ടത്തിൽ കയറുന്നില്ലെന്നു പുതിയ ദൃശ്യങ്ങൾ പുറത്തുവിട്ട് സിപിഎം നേതാക്കൾ പറഞ്ഞിരുന്നു
പാലക്കാട്: സിപിഎം പുറത്തുവിട്ട പുതിയ സിസിടിവി ദൃശ്യങ്ങൾ സ്ഥിരീകരിച്ച് രാഹുൽ മാങ്കൂട്ടത്തിൽ. രണ്ട് വാഹനങ്ങളിലാണ് ഹോട്ടലിൽനിന്ന് ഇറങ്ങിയതെന്ന് അദ്ദേഹം പറഞ്ഞു. ഷാഫി പറമ്പിലിന്റെ കാറിലാണു താൻ കയറിയതെന്നും പിന്നീട് മറ്റൊരു വാഹനത്തിലേക്കു മാറിക്കയറിയെന്നും രാഹുല്‍ പറഞ്ഞു. കെ.പി.എം ഹോട്ടലിനു പുറത്തുനിന്നുള്ള ദൃശ്യങ്ങൾ സിപിഎം പുറത്തുവിട്ടതിനു പിന്നാലെയാണു വിശദീകരണം.
കുറച്ചുദൂരം ഷാഫിയുടെ വാഹനത്തിൽ യാത്ര ചെയ്തു. ചില കാര്യങ്ങൾ ചർച്ച ചെയ്യാനാണ് ഷാഫിക്കൊപ്പം പോയത്. പ്രസ് ക്ലബിന്റെ മുന്നിൽനിന്നു വാഹനം മാറിക്കയറി. കെ.ആർ ടവറിന്റെ മുന്നിൽ പെട്ടി ഉൾപ്പെടെയുള്ള വസ്തുക്കൾ മറ്റു വാഹനത്തിലേക്ക് കയറ്റിയെന്നും രാഹുൽ വെളിപ്പെടുത്തി.
തൻ്റെ കാറിന് തകരാർ ഉണ്ടായതിനാൽ സർവീസിന് കൊടുത്തിരിക്കുകയാണെന്നും രാഹുല്‍ പറഞ്ഞു. മറ്റൊരു കാറിലാണ് കോഴിക്കോട്ടേക്കു പോയത്. ഈ കാറിൽ ട്രോളി ബാഗും ഉണ്ടായിരുന്നു. താൻ പോയ വഴിയിലെ സിസിടിവി ദൃശ്യങ്ങൾ പരിശോധിക്കാമെന്നും രാഹുൽ പറഞ്ഞു.
വൈകീട്ടാണ് കെപിഎം ഹോട്ടലിലെ പാതിരാ പരിശോധനാ വിവാദത്തിൽ പുതിയ ദൃശ്യങ്ങൾ സിപിഎം പുറത്തുവിട്ടത്. ട്രോളി ബാഗ് കയറ്റിയ വാഹനത്തിൽ രാഹുൽ മാങ്കൂട്ടത്തിൽ കയറുന്നില്ലെന്നാണു ദൃശ്യങ്ങൾ പുറത്തുവിട്ട് സിപിഎം നേതാക്കൾ വാദിച്ചത്. രാഹുൽ സഞ്ചരിച്ച വാഹനത്തിന്റെ പിന്നിലാണ് ബാഗ് കയറ്റിയ കാർ പോകുന്നത്.
കെ.പി.എം ഹോട്ടലിനകത്തുനിന്നുള്ള സിസിടിവി ദൃശ്യങ്ങൾ ഇന്നലെ പുറത്തുവന്നിരുന്നു. സിപിഎം നേതാക്കൾ കള്ളപ്പണ ഇടപാട് ആരോപണം ഉന്നയിക്കുന്ന നീല ട്രോളി ബാഗുമായി കെഎസ്‌യു നേതാവ് ഫെനി നൈനാൻ ഹോട്ടലിൽ എത്തുന്ന ദൃശ്യങ്ങളാണ് പുറത്തുവന്നത്. രാഹുൽ മാങ്കൂട്ടത്തിലും ഷാഫി പറമ്പിൽ, വി.കെ ശ്രീകണ്ഠൻ എന്നിവരും ദൃശ്യങ്ങളിലുണ്ട്. ഹോട്ടൽ ഇടനാഴിയിലൂടെ ഫെനി ഒരു മുറിയിലേക്ക് ട്രോളി ബാഗ് കൊണ്ടുപോകുന്നതും കുറച്ചു കഴിഞ്ഞ് ഇതേ ബാഗുമായി തിരിച്ചുപോകുന്നതും ദൃശ്യങ്ങളിൽ കാണാം. ഇതേ മുറിയിലേക്ക് രാഹുലും ഷാഫിയും പോകുന്നുണ്ട്. തുടർന്ന് ഇടനാഴിയിൽനിന്ന് ഇരുവരും സംസാരിക്കുകയും ചെയ്യുന്നുണ്ട്.
ഈ ട്രോളി ബാഗിൽ കള്ളപ്പണമാണെന്ന് സിപിഎം ജില്ലാ സെക്രട്ടറി ഇ.എൻ സുരേഷ് ബാബു ആരോപിച്ചിരുന്നു. തെരഞ്ഞെടുപ്പിൽ ഉപയോഗിക്കാൻ വേണ്ടിയാണു പണം എത്തിച്ചതെന്നായിരുന്നു സിപിഎം ആരോപണം. എന്നാൽ, ഇത് താൻ സ്ഥിരമായി വസ്ത്രങ്ങൾ ഉപയോഗിക്കുന്ന ബാഗാണെന്ന് രാഹുൽ വാർത്താസമ്മേളനത്തിൽ വ്യക്തമാക്കിയിരുന്നു. ഇതാണ് ഫെനി കൊണ്ടുവന്നതും വസ്ത്രങ്ങൾ പരിശോധിച്ച ശേഷം വാഹനത്തിലേക്ക് കൊടുത്തുവിട്ടതെന്നും രാഹുൽ പറഞ്ഞിരുന്നു.
Summary: Palakkad hotel raid row latest updates
Adjust Story Font
16