ശക്തമായ ഇടി മിന്നലിൽ പാലക്കാട് വീട് തകർന്നു; നിരവധി വൈദ്യുത ഉപകരണങ്ങൾ കത്തി നശിച്ചു
അഞ്ച് ലക്ഷം രൂപയുടെ നഷ്ടം കണക്കാക്കുന്നു. വീട്ടുകാര്‍ പരിക്കേൽക്കാതെ രക്ഷപ്പെട്ടു.
പാലക്കാട്: ശക്തമായ ഇടി മിന്നലിൽ പാലക്കാട് തച്ചനാട്ടുകരയിലെ വീട് തകർന്നു. നിരവധി വൈദ്യുത ഉപകരണങ്ങളും കത്തി നശിച്ചു . അഞ്ച് ലക്ഷം രൂപയുടെ നഷ്ടം കണക്കാക്കുന്നു. വീട്ടുകാര്‍ പരിക്കേൽക്കാതെ രക്ഷപ്പെട്ടു.
തച്ചനാട്ടുകര പട്ടിശ്ശേരി വീട്ടിൽ സൈയ്താലി മുസ്‌ലിയാരുടെ വീടാണ് ഭാഗികമായി തകർന്നത്. പെട്ടെന്നുണ്ടായ ഇടിമിന്നലിൽ രണ്ടു വാതിലുകൾ തകർന്നു . കോണിപ്പടിയിലെ ടൈൽസ് പൂർണമായും തകർന്നു. ഭിത്തികൾ വിണ്ടുകീറുകയും ജനലുകളും വാതിലുകളും തകരുകയും ചെയ്തു. വീട്ടിലെ വൈദ്യുതി ലൈനുകൾ എല്ലാം കത്തിയ നിലയിലാണ്.
താഴെയുള്ള മീറ്റർ ബോർഡും വൈദ്യുതിയുടെ മെയിൻ ബോർഡും മറ്റു അനുബന്ധ ഉപകരണങ്ങളും ഇടിയുടെ ആഘാതത്തിൽ പൂർണമായും കത്തിനശിച്ചു. ഇലക്ട്രോണിക് ഉപകരണങ്ങളായ റഫ്രിജറേറ്റര്‍,വാഷിങ് മെഷീൻ, ഇൻവെർട്ടർ തുടങ്ങിയവയും നശിച്ചു. സൺഷൈഡിന്റെ പല ഭാഗത്തും ഇടിയുടെ ആഘാതത്തിൽ പൊളിഞ്ഞു വീണു . അപകട സമയത്ത് വീട്ടിലുണ്ടായിരുന്ന നാല് പേരും അടുക്കളയിൽ ആയതിനാൽ അപകടത്തിൽ നിന്നും രക്ഷപെട്ടു.
വീടിനു സമീപത്തുള്ള റബ്ബർ മരങ്ങളും കത്തിനശിച്ചു. മൊത്തം അഞ്ച് ലക്ഷത്തിലധികം രൂപയുടെ നാശനഷ്ടം കണക്കാക്കുന്നതായി വീട്ടുകാർ പറഞ്ഞു. തച്ചനാട്ടുകര പഞ്ചായത്ത് അധികൃതരും വില്ലേജ് അധികൃതരും സ്ഥലത്തെത്തി തുടർ നടപടികൾ സ്വീകരിച്ചു.
Adjust Story Font
16