പാലക്കാട്ടെ സംഭവങ്ങൾ ദൗർഭാഗ്യകരം, സമാധാനം ഉറപ്പുവരുത്തണം: സാദിഖലി ശിഹാബ് തങ്ങൾ
കൊലപാതകങ്ങളിലൂടെ പ്രശ്‌നങ്ങൾ പരിഹരിക്കാമെന്ന ചില സംഘടനകളുടെ ധാരണ ശരിയല്ലെന്ന് തങ്ങൾ
മലപ്പുറം: കേരളത്തെ കൊലക്കളമാക്കുന്ന സംഭവങ്ങൾ ആവർത്തിക്കാതിരിക്കാനും സമാധാനം ഉറപ്പുവരുത്താനും ജാഗ്രത പുലർത്തണമെന്ന് മുസ്‌ലിംലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങൾ അഭ്യർത്ഥിച്ചു. പാലക്കാട്ട് നടന്ന കൊലപാതകങ്ങൾ ദൗർഭാഗ്യകരമാണെന്നും കൊലപാതകങ്ങളിലൂടെ പ്രശ്‌നങ്ങൾ പരിഹരിക്കാമെന്ന ചില സംഘടനകളുടെ ധാരണ ശരിയല്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. സംസ്ഥാനത്ത് സമാധാനം ഉറപ്പുവരുത്തുന്നതിൽ സർക്കാരും ഭരണസംവിധാനങ്ങളും ജാഗ്രത പുലർത്തണമെന്ന് തങ്ങൾ ആവശ്യപ്പെട്ടു.
അതിവൈകാരികമായി പ്രതികരിച്ചതുകൊണ്ട് സമൂഹത്തിന് ഒരു നേട്ടവും ഉണ്ടാകില്ല. ആയുധമെടുത്തു കൊണ്ടല്ല, ആശയങ്ങളിലൂടെയാണ് സംവാദങ്ങൾ നടക്കേണ്ടത്. വെറുപ്പിന്റെ ആശയങ്ങൾക്ക് പ്രചാരണം നൽകാതെ സ്‌നേഹത്തിന്റെ സന്ദേശം പ്രചരിപ്പിക്കാൻ എല്ലാവരും രംഗത്തുവരണം. ആശയങ്ങളിലും വീക്ഷണത്തിലും വ്യത്യാസമുണ്ടെങ്കിലും മനുഷ്യൻ എന്ന നിലയിൽ പരസ്പരബഹുമാനം കാത്തുസൂക്ഷിക്കണം. മരണപ്പെട്ട വ്യക്തികളുടെ കുടുംബങ്ങളുടെ വേദനയിൽ പങ്കു ചേരുന്നു. ഇനിയും ചോര വീഴാതിരിക്കാനുള്ള ജാഗ്രത ഭരണകൂടത്തിന്റെയും ബന്ധപ്പെട്ട കക്ഷിനേതാക്കളുടെയും ഭാഗത്തു നിന്നും ഉണ്ടാകണം -പ്രസ്താവനയിൽ തങ്ങൾ വ്യക്തമാക്കി. കേരളത്തിന്റെ മഹിതമായ സാംസ്‌കാരിക പാരമ്പര്യത്തെയും സൗഹൃദത്തെയും തകർക്കാൻ ശ്രമിക്കുന്നവർ ആരായാലും അവരെ ഒറ്റപ്പെടുത്താൻ സമൂഹം തയ്യാറാവണമെന്നും സാദിഖലി തങ്ങൾ പറഞ്ഞു.
Palakkad Murders unfortunate, peace must be ensured: Sadiqali Shihab Thangal
Adjust Story Font
16