Quantcast

പാലക്കാട്‌ ചെർപ്പുളശ്ശേരിയിൽ മിന്നൽ ചുഴലി

20ൽ അധികം വൈദ്യുത പോസ്റ്റുകൾ മരം വീണ് തകർന്നു

MediaOne Logo

Web Desk

  • Published:

    25 July 2023 5:32 AM GMT

palakkad rain many trees fell
X

പാലക്കാട്‌: ചെർപ്പുളശ്ശേരി ചളവറയിൽ മിന്നൽ ചുഴലി. മരങ്ങൾ കടപുഴകി വീണ് നിരവധി വീടുകൾക്ക് നാശനഷ്ടമുണ്ടായി. 20ൽ അധികം വൈദ്യുത പോസ്റ്റുകൾ മരം വീണ് തകർന്നു. ഇന്നലെ രാത്രി 8 മണി മുതൽ വൈദ്യുത തടസ്സം നേരിടുകയാണ്. റോഡ് ഗതാഗതവും തടസ്സപ്പെട്ടു.

ചളവറ കുബേര ക്ഷേത്രത്തിനു മുകളിലേക്കും മരം വീണു. രണ്ട് ഓട്ടോറിക്ഷകളും മൂന്ന് സ്കൂട്ടറുകളും മരം വീണ് തകർന്നു. കടപുഴകി വീണവയില്‍ കൂറ്റന്‍ തേക്ക് മരങ്ങളുമുണ്ട്. ആര്‍ക്കും ആളപായമില്ല. ഗതാഗതവും വൈദ്യുതിയും പുനസ്ഥാപിക്കാനുള്ള നീക്കം തുടരുകയാണ്.

മലപ്പുറം തിരൂരങ്ങാടിയിൽ ബൈക്ക് യാത്രക്കാരുടെ മേൽ മരക്കൊമ്പ് പൊട്ടിവീണു. യാത്രക്കാർ അത്ഭുതകരമായി രക്ഷപ്പെട്ടു. ദേശീയപാതയിൽ കൊളപ്പുറത്ത് ഇന്നലെ രാത്രിയാണ് അപകടമുണ്ടായത്. യാത്രക്കാര്‍ ബൈക്കില്‍ നിന്ന് റോഡിലേക്ക് തെറിച്ചുവീണു. എന്നാല്‍ നിസ്സാര പരിക്കുകളോടെ രക്ഷപ്പെട്ടു. ഇവരെ ഉടന്‍ ആശുപത്രിയിലെത്തിച്ച് ചികിത്സ നല്‍കി.

കേരളത്തില്‍ പരക്കെ മഴ തുടരുകയാണ്. 9 ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. ഇടുക്കി, എറണാകുളം, തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസര്‍കോട് ജില്ലകളിലാണ് യെല്ലോ അലര്‍ട്ട്. ജൂലൈ 26നും 27നും മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസര്‍കോട് ജില്ലകളില്‍ യെല്ലോ അലര്‍ട്ടുണ്ട്. വടക്കൻ ജില്ലകളിൽ ശക്തമായ മഴ തുടരും. വ്യാഴാഴ്ച വരെ സംസ്ഥാന വ്യാപകമായി മഴയ്ക്ക് സാധ്യതയുണ്ട്. ഇതിനിടെ ബംഗാൾ ഉൾക്കടലിൽ പുതിയ ന്യൂനമർദം രൂപപ്പെട്ടു. ജൂലൈ 26ഓടെ തീവ്ര ന്യൂനമർദമായി ശക്തി പ്രാപിക്കുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു.

കനത്ത മഴക്കിടെ എറണാകുളം ചങ്ങമ്പുഴ പാർക്കിന് സമീപം മരം കടപുഴകി വീണു. വൈദ്യുതി ലൈനിലേക്കാണ് മരം വീണത്. കോഴിക്കോട് ജില്ലയില്‍ 36 വീടുകള്‍‌ ഭാഗികമായി തകര്‍ന്നു. ബാലുശ്ശേരി കോട്ടനടപ്പുഴയില്‍ ഒഴുക്കില്‍പ്പെട്ട യുവാവിനെ കണ്ടെത്താനായിട്ടില്ല. കേരള കര്‍ണാടക തീരത്ത് മത്സ്യബന്ധനത്തിനുള്ള വിലക്ക് വെള്ളിയാഴ്ച വരെ തുടരും. ജൂലൈ 28 വരെ കേരള - കർണാടക തീരത്തും ലക്ഷദ്വീപ് പ്രദേശത്തും മണിക്കൂറിൽ 40 മുതൽ 45 കിലോമീറ്റർ വരെയും ചില അവസരങ്ങളിൽ മണിക്കൂറിൽ 55 കിലോമീറ്റർ വരെയും വേഗതയിൽ ശക്തമായ കാറ്റിനും മോശം കാലാവസ്ഥക്കും സാധ്യതയുണ്ട്.



TAGS :

Next Story