പാലക്കാട്ടെ ആർ.എസ്.എസ് പ്രവർത്തകന്റെ കൊലപാതകം: ഒരാൾ അറസ്റ്റിൽ
പോപ്പുലര്‍ ഫ്രണ്ട് നേതാവാണ് അറസ്റ്റിലായത്. കൊലപാതകത്തിൽ നേരിട്ട് പങ്കുള്ളയാളാണെന്നും ഇയാളുടെ പേര് വിവരങ്ങൾ ഇപ്പോൾ പുറത്തുവിടില്ലെന്നും പൊലീസ് പറഞ്ഞു.
പാലക്കാട് ആർ.എസ്.എസ് പ്രവർത്തകൻ സഞ്ജിത്തിന്റെ കൊലപാതക കേസിൽ ഒരാൾ അറസ്റ്റിലെന്ന് പൊലീസ്. പോപ്പുലര്‍ ഫ്രണ്ട് നേതാവാണ് അറസ്റ്റിലായത്. കൊലപാതകത്തിൽ നേരിട്ട് പങ്കുള്ളയാളാണെന്നും ഇയാളുടെ പേര് വിവരങ്ങൾ ഇപ്പോൾ പുറത്തുവിടില്ലെന്നും പൊലീസ് പറഞ്ഞു.
നേരത്തെ കേസിൽ മൂന്നു പേരെ കസ്റ്റഡിയിലെടുത്തിരുന്നു. പാലക്കാട് സ്വദേശി സുബൈർ, നെന്മാറ സ്വദേശികളായ സലാം, ഇസ്ഹാക്ക് എന്നിവരെയാണ് കസ്റ്റഡിയിലെടുത്തിരുന്നത്. കോട്ടയം മുണ്ടക്കയത്തെ ബേക്കറി ജീവനക്കാരനാണ് സുബൈർ. സുബൈറിന്റെ താമസസ്ഥലത്ത് നിന്നാണ് മറ്റുള്ളവരെ പിടികൂടിയത്. കേസിൽ ഇവർക്കുള്ള പങ്കിനെക്കുറിച്ച് അന്വേഷിച്ചുവരികയാണെന്നാണ് പൊലീസ് അറിയിച്ചിരുന്നത്.
ഭാര്യയുമൊത്ത് കഴിഞ്ഞ തിങ്കളാഴ്ച രാവിലെ ബൈക്കിൽ ജോലി സ്ഥലത്തേക്ക് പോകുന്നതിനിടെയാണ് സഞ്ജിത്തിനെ ആക്രമിച്ച് കൊലപ്പെടുത്തിയത്. കൊലപാതകത്തിന് എത്തിയ പ്രതികൾ സഞ്ചരിച്ച മാരുതി 800 കാറിന്റെ സിസിടിവി ദൃശ്യങ്ങൾ പോലീസ് നേരത്തെ പുറത്തുവിട്ടിരുന്നു. അതിനിടെ, കൊലപാതകത്തിന് ഉപയോഗിച്ചതെന്നു സംശയിക്കുന്ന വാളുകള്‍ കണ്ണന്നൂരില്‍നിന്ന് പൊലീസ് കണ്ടെടുത്തിരുന്നു. ഇവയിലുണ്ടായിരുന്ന രക്തക്കറ സഞ്ജിത്തിന്റേതാണോയെന്ന് അറിയാന്‍ രാസപരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. ഇതിന്റെ ഫലത്തിനായി കാത്തിരിക്കുകയാണ് അന്വേഷണസംഘം.
എന്നാല്‍, പൊലീസ് അന്വേഷണം തൃപ്തികരമല്ലെന്ന നിലപാടിലാണു ബിജെപിയും ആര്‍എസ്എസും. കേസ് എന്‍ഐഎ അന്വേഷിക്കണമെന്നാണ് ഇരു സംഘടനകളുടെയും ആവശ്യം.
Adjust Story Font
16