Quantcast

പോപ്പുലര്‍ ഫ്രണ്ട് നേതാവ് സുബൈറിന്‍റെ കൊലപാതകം രാഷ്ട്രീയ വൈരാഗ്യം കാരണമാണെന്ന് പാലക്കാട് എസ്.പി

രാത്രിയിലെ പ്രതികാര നടപടി തടയാന്‍ പ്രത്യേക പൊലീസ് ബന്ധവസ്സ് ഒരുക്കുമെന്ന് എസ്.പി ആര്‍ വിശ്വനാഥ്

MediaOne Logo

ijas

  • Updated:

    2022-04-15 14:55:38.0

Published:

15 April 2022 2:36 PM GMT

പോപ്പുലര്‍ ഫ്രണ്ട് നേതാവ് സുബൈറിന്‍റെ കൊലപാതകം രാഷ്ട്രീയ വൈരാഗ്യം കാരണമാണെന്ന് പാലക്കാട് എസ്.പി
X

പാലക്കാട്: പോപ്പുലര്‍ ഫ്രണ്ട് നേതാവ് സുബൈറിന്‍റേത് രാഷ്ട്രീയകൊലയാണെന്നാണ് പ്രാഥമിക വിലയിരുത്തലെന്ന് എസ്.പി ആര്‍ വിശ്വനാഥ്. കൊലപാതകികൾ സംഭവ സ്ഥലത്ത് ഉപേക്ഷിച്ച കാർ നേരത്തെ കൊല്ലപ്പെട്ട ആർ.എസ്.എസ് പ്രവർത്തകൻ സഞ്ജിത്തിന്‍റേതാണെന്നും എസ്.പി പറഞ്ഞു. പാലക്കാട് ജില്ലയിലെ എല്ലാ പൊലീസ് ഓഫീസര്‍മാരും അതീവ ജാഗ്രതയിലാണെന്നും രാത്രിയിലെ പ്രതികാര നടപടി തടയാന്‍ പ്രത്യേക പൊലീസ് ബന്ധവസ്സ് ഒരുക്കുമെന്നും എസ്.പി പറഞ്ഞു. പാലക്കാട് ജില്ലാ ക്രൈം ബ്രാഞ്ച് ഡി.വൈ.എസ്.പിക്കാണ് അന്വേഷണ ചുമതല. കൊല്ലപ്പെട്ട സുബൈറിന് ആര്‍.എസ്.എസ് ഭീഷണിയുണ്ടോയെന്ന കാര്യം പരിശോധിക്കണമെന്നും എസ്.പി ആര്‍ വിശ്വനാഥ് വ്യക്തമാക്കി. സുബൈറിന്‍റെ കൊലപാതകത്തിന്‍റെ പശ്ചാത്തലത്തില്‍ സംസ്ഥാന പൊലീസിന് ഡി.ജി.പിയുടെ കനത്ത ജാഗ്രതാ നിര്‍ദ്ദേശമുണ്ട്. ജില്ലാ പൊലീസ് മേധാവിമാർക്ക് ഡി.ജി.പി അനില്‍ കാന്താണ് ജാഗ്രതാ നിർദേശം നല്‍കിയത്. അക്രമ സംഭവങ്ങൾ ഇല്ലാതിരിക്കാൻ പൊലീസ് ശ്രദ്ധിക്കണമെന്ന് ഡി.ജി.പി ആവശ്യപ്പെട്ടു.

അതെ സമയം സുബൈറിന്‍റെ കൊലപാതകത്തിലെ പ്രതികൾ തമിഴ്നാട്ടിലേക്ക് കടന്നതായി സൂചന ലഭിച്ചു. ഡ്രൈവർ ഉൾപ്പടെ അഞ്ച് പേരാണ് സംഘത്തിലുള്ളത്. ഇതില്‍ നാല് പേര്‍ കൊലപാതകത്തില്‍ നേരിട്ട് പങ്കെടുത്തവരാണ്. കൊലപാതകം നടത്തിയവര്‍ മുഖം മൂടി ധരിച്ചിരുന്നതായ സാക്ഷി മൊഴി പൊലീസിന് ലഭിച്ചിട്ടുണ്ട്. എന്നാല്‍ അക്രമിസംഘത്തിലുള്ളവര്‍ മുഖം മൂടി ധരിച്ചിരുന്നില്ലെന്ന് സുബൈറിന്‍റെ പിതാവ് അബൂബക്കർ മീഡിയവണിനോട് പറഞ്ഞു. കൊലപാതക ശേഷം പാലക്കാട് കൊഴിഞ്ഞാമ്പാറ ഭാഗത്തേക്കാണ് പ്രതികള്‍ കടന്നത്. അവിടെ നിന്ന് പ്രതികള്‍ തമിഴ്നാട്ടിലേക്ക് കടന്നതായാണ് സൂചന.

ഇന്ന് ഉച്ചക്ക് ഒന്നരക്കാണ് പാലക്കാട് എലപ്പുള്ളിയിൽ പോപ്പുലർ ഫ്രണ്ട് നേതാവിനെ പട്ടാപകല്‍ നടുറോഡില്‍ വെച്ച് വെട്ടികൊലപെടുത്തിയത്. പോപ്പുലർ ഫ്രണ്ട് എലപ്പുള്ളി പാറ ഏരിയാ പ്രസിഡന്‍റ് കുത്തിയതോട് സ്വദേശി സുബൈർ പാറ (47)ആണ് കൊല്ലപ്പെട്ടത്. ജുമുഅ നമസ്കാരം കഴിഞ്ഞ് പിതാവിനൊപ്പം മടങ്ങും വഴി ഉച്ചക്ക് ഒന്നരക്ക് രണ്ടു കാറുകളില്‍ എത്തിയ സംഘം ബൈക്ക് ഇടിച്ചു വീഴ്ത്തിയ ശേഷം വെട്ടി കൊലപ്പെടുത്തുകയായിരുന്നു. സുബൈറിനെ അതിക്രൂരമായാണ് അക്രമികള്‍ കൊലപ്പെടുത്തിയത്. ശരീരത്തില്‍ വലിയ മുറിവുകളാണുണ്ടായിരുന്നതെന്നും ആശുപത്രിയില്‍ എത്തിക്കും മുന്‍പേ മരണം സംഭവിച്ചിരുന്നതായും പൊലീസ് പറഞ്ഞു. ഒപ്പമുണ്ടായിരുന്ന പിതാവിന് ബൈക്കില്‍ നിന്നും വീണ് പരിക്കുപറ്റിയിട്ടുണ്ട്. മൃതദേഹം പാലക്കാട് ജില്ലാ ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. നാളെ പോസ്റ്റുമോര്‍ട്ടം നടത്തി മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുകൊടുക്കും. പോപുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ പാലക്കാട് മുന്‍ ഡിവിഷന്‍ പ്രസിഡന്‍റ്, എസ്.ഡി.പി.ഐ എലപ്പുള്ളി പഞ്ചായത്ത് കമ്മിറ്റി അംഗം, പോപുലര്‍ ഫ്രണ്ട് പാറ ഏരിയാ പ്രസിഡന്‍റ് എന്നീ നിലകളില്‍ സുബൈര്‍ പ്രവര്‍ത്തിച്ചിരുന്നു.

അതെ സമയം കൊലപാതകത്തിന് പിന്നില്‍ ആര്‍.എസ്.എസ് ആണെന്ന് പോപ്പുലർ ഫ്രണ്ട് ആരോപിച്ചു. ബി.ജെ.പി നേതാവ് സഞ്ജിത്ത് കൊലപ്പെട്ട പ്രദേശത്താണ് കൊലപാതകം നടന്നത്. ആര്‍.എസ്.എസ്-എസ്.ഡി.പി.ഐ സംഘര്‍ഷം നിലനില്‍ക്കുന്നയിടമാണ് ഇവിടെ. ഇതിന്‍റെ തുടര്‍ച്ചയായാണ് ഇന്നത്തെ കൊലപാതകം എന്നാണ് പോപ്പുലർ ഫ്രണ്ട് ആരോപിക്കുന്നത്

Palakkad SP R Viswanath said that the murder of Popular Front leader subair was due to political animosity

TAGS :

Next Story