ഇന്ദുജയ്ക്ക് അവസാനം വന്ന കോൾ അജാസിന്റേത്; ആത്മഹത്യക്ക് കാരണം മാനസിക പീഡനം
ഫോണിൽ വളരെ രോഷാകുലനായാണ് അജാസ് യുവതിയോട് സംസാരിച്ചത്, ഇത് കൂടിയായതോടെ യുവതി ജീവനൊടുക്കുകയായിരുന്നു...
തിരുവനന്തപുരം: പാലോട് നവവധുവിന്റെ ആത്മഹത്യയിൽ ഭർത്താവ് അഭിജിത്തിന്റെയും സുഹൃത്ത് അജാസിന്റെയും അറസ്റ്റ് ഉടൻ...ആത്മഹത്യക്ക് കാരണം ഇരുവരുടെയും മർദനവും മാനസിക പീഡനവുമാണെന്നാണ് പൊലീസിന്റെ് കണ്ടെത്തൽ. അഭിജിത്തിനെതിരെ ഭർതൃ പീഡനം, ആത്മഹത്യാ പ്രേരണ, ദേഹോപദ്രവം ഏല്പിക്കൽ തുടങ്ങിയ കുറ്റങ്ങളും, അജാസിനെതിരെ പട്ടികജാതി പീഡനം, മർദനം, ആത്മഹത്യാപ്രേരണ വകുപ്പുകളുമാണ് ചുമത്തിയത്.
ഇന്ദുജയുടെ ഫോണിലേക്ക് അവസാനം വന്ന കോൾ അജാസിന്റേതായിരുന്നു. ഈ കോളിന് പിന്നാലെയാണ് യുവതി ആത്മഹത്യ ചെയ്തതെന്നാണ് പൊലീസ് പറയുന്നത്. യുവതിയെ രണ്ട് ദിവസം മുമ്പ് അജാസ് മർദിച്ചിരുന്നതായി അഭിജിത്ത് മൊഴി നൽകിയിരുന്നു. ഇന്ദുജ ആത്മഹത്യ ചെയ്ത അന്ന് തന്നെ അഭിജിത്തിനെ കസ്റ്റഡിയിലെടുത്ത പൊലീസ്, ഇയാളുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് ഇരുവരുടെയും സുഹൃത്തായ അജാസിനെയും കസ്റ്റഡിയിലെടുക്കുന്നത്. ആത്മഹത്യയിൽ രണ്ട് പേരുടെയും പങ്ക് വ്യക്തമായതോടെ പൊലീസ് അറസ്റ്റ് നടപടികളിലേക്ക് കടക്കുകയായിരുന്നു.
ഭർതൃവീട്ടിൽ ഇന്ദുജയ്ക്ക് ശാരീരികവും മാനസികവുമായ പീഡനം ഏറ്റെന്ന് യുവതിയുടെ കുടുംബം ആദ്യമേ തന്നെ ആരോപിച്ചിരുന്നു. ഇതിന്റെ കൂടി അടിസ്ഥാനത്തിലാണ് പൊലീസ് അന്വേഷണം വിപുലപ്പെടുത്തി യുവാക്കളെ കസ്റ്റഡിയിലെടുക്കുന്നത്.
അജാസുമായി ദീർഘകാലത്തെ ബന്ധം ഇന്ദുജയ്ക്കുണ്ടായിരുന്നു. വിവാഹശേഷവും ഇത് തുടർന്നതിനാൽ അഭിജിത്തുമായി വഴക്കുകളും പതിവായിരുന്നു. വിവാഹബന്ധം വേർപെടുത്താൻ അഭിജിത്ത് തയ്യാറെടുത്തിരുന്നതായാണ് വിവരം. ഇയാൾ യുവതിയെ മർദിക്കുകയും ചെയ്തിരുന്നു. ഇത് ആത്മഹത്യ ചെയ്യാൻ യുവതിയെ പ്രേരിപ്പിച്ചതായാണ് പൊലീസ് പറയുന്നത്. അപ്പോഴും ഇന്ദുജയുടെ ഫോണിലേക്ക് അവസാനം വന്ന കോൾ ചില സംശയങ്ങൾ ഉണ്ടാക്കിയിരുന്നു. ഈ കോൾ അജാസിന്റേതാണെന്ന് തെളിഞ്ഞതോടെ ഇതും ആത്മഹത്യയിലേക്ക് യുവതിയെ നയിച്ചതായി പൊലീസ് കണ്ടെത്തി.
ഫോണിൽ വളരെ രോഷാകുലനായാണ് അജാസ് യുവതിയോട് സംസാരിച്ചത്. ഇത് കൂടിയായതോടെ മനോവിഷമം മൂലം യുവതി ജീവനൊടുക്കുകയായിരുന്നു. അഭിജിത്തും അജാസും ഇന്ദുജയെ ഉപദ്രവിച്ചതായാണ് പൊലീസ് പറയുന്നത്. കേസിൽ യുവാക്കളുടെ പങ്ക് മാത്രമേ ഇതുവരെ വ്യക്തമായിട്ടുള്ളൂ. ഗാർഹിക പീഡനത്തിന്റെ പരിധിയിൽ വരുന്നതിനാൽ അഭിജിത്തിന്റെ വീട്ടുകാരിലേക്കും അന്വേഷണം നീണ്ടേക്കും.
Adjust Story Font
16