Quantcast

'80:20 അനുപാതം കോടതിയെ ബോധ്യപ്പെടുത്തുന്നതില്‍ സര്‍ക്കാരിന് തെറ്റുണ്ടായതായി സംശയിക്കുന്നു' പാലോളി മുഹമ്മദ് കുട്ടി

ന്യൂനപക്ഷങ്ങള്‍ക്കുള്ള പദ്ധതിയായാണ് ഹൈക്കോടതി സ്കോളർഷിപ്പിനെ കണ്ടതെന്നും എന്നാല്‍ ഇതുസംബന്ധിച്ച് 80:20 അനുപാതം എന്താണെന്ന് കോടതിയെ ബോധ്യപ്പെടുത്തുന്നതില്‍ സര്‍ക്കാരിന് തെറ്റുണ്ടായതായി സംശയിക്കുന്നുവെന്നും പാലോളി മുഹമ്മദ് കുട്ടി പറഞ്ഞു

MediaOne Logo

Web Desk

  • Updated:

    2021-07-18 05:39:49.0

Published:

18 July 2021 5:30 AM GMT

80:20 അനുപാതം കോടതിയെ ബോധ്യപ്പെടുത്തുന്നതില്‍ സര്‍ക്കാരിന് തെറ്റുണ്ടായതായി സംശയിക്കുന്നു പാലോളി മുഹമ്മദ് കുട്ടി
X

മുസ്‌ലിം വിദ്യാർത്ഥികൾക്കായി നടപ്പാക്കിയ സ്‌കോളർഷിപ്പ് പദ്ധതി ജനസംഖ്യാനുപാതികമായി പുനഃക്രമീകരിച്ച തീരുമാനത്തില്‍ പ്രതികരണവുമായി മുതിര്‍ന്ന സി.പി.എം നേതാവ് പാലോളി മുഹമ്മദ് കുട്ടി. ഇപ്പോള്‍ ഉയര്‍ന്നുവരുന്ന പ്രശ്നങ്ങള്‍ക്കാധാരം ഹൈക്കോടതി വിധിയാണെന്ന് പറഞ്ഞ പാലോളി 80:20 അനുപാതം എന്താണെന്ന് കോടതിയെ ബോധ്യപ്പെടുത്തുന്നതില്‍ സര്‍ക്കാരിന് തെറ്റുണ്ടായതായി സംശയിക്കുന്നുവെന്നും അഭിപ്രായപ്പെട്ടു.

ഒന്നാം യു.പി.എ. സര്‍ക്കാരിന്‍റെ കാലത്ത് രാജ്യത്തെ മുസ്‌ലിം സമുദായത്തിന്‍റെ പിന്നാക്കാവസ്ഥ പഠിക്കുന്നതിനായി നിയോഗിച്ച സച്ചാര്‍ കമ്മിറ്റി റിപ്പോര്‍ട്ടിന്‍റെയും ഇതിനെ പിന്തുടര്‍ന്ന് കേരളത്തിലെ മുസ്‌ലിം സമുദായത്തിന്‍റെ പ്രശ്നങ്ങള്‍ പഠിക്കുന്നതിനായി അന്നത്തെ ഇടതുപക്ഷ സര്‍ക്കാര്‍ നിയോഗിച്ച പാലോളി മുഹമ്മദ് കുട്ടി കമ്മിറ്റിയുടെ ശിപാര്‍ശകളുടെയും അടിസ്ഥാനത്തില്‍ ഏര്‍പ്പെടുത്തിയതാണ് ന്യൂനപക്ഷ വിദ്യാര്‍ഥി സ്‌കോളര്‍ഷിപ്പ് പദ്ധതി.

100 ശതമാനവും മുസ്ലിങ്ങള്‍ക്കായി തുടങ്ങിയ ഈ സ്‌കോളര്‍ഷിപ്പില്‍ 20 ശതമാനം ക്രിസ്ത്യന്‍ വിഭാഗത്തിലെ പിന്നാക്കക്കാര്‍ക്ക് നല്‍കാന്‍ 2011ലെ യു.ഡി.എഫ് സര്‍ക്കാര്‍ പിന്നീട് തീരുമാനിക്കുകയായിരുന്നു. ഇതോടെ ന്യൂനപക്ഷ സ്‌കോളര്‍ഷിപ്പിലെ 80 ശതമാനം മുസ്‍ലിങ്ങള്‍ക്കും 20 ശതമാനം ക്രിസ്ത്യാനികള്‍ക്കും എന്ന നിലയിലായി. ന്യൂനപക്ഷങ്ങള്‍ക്ക് വേണ്ടിയുള്ള പല ആനുകൂല്യങ്ങളും മുസ്‍ലിം സമുദായം അനര്‍ഹമായി തട്ടിയെടുക്കുകയാണെന്ന തരത്തില്‍ കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി കേരളത്തില്‍ വ്യാജ പ്രചരണങ്ങള്‍ വ്യാപകമായിരുന്നു.ഇതിന്‍റെ ചുവടുപിടിച്ചാണ് ചില ക്രിസ്ത്യന്‍ സംഘടനകള്‍ കോടതിയെ സമീപിച്ചത്. ഇതിനെത്തുടര്‍ന്ന് ന്യൂനപക്ഷ സ്‌കോളര്‍ഷിപ്പ് ജനസംഖ്യാനുപാതികമാക്കണമെന്ന കോടതിവിധിയിലേക്ക് കാര്യങ്ങള്‍ എത്തുകയായിരുന്നു. ഈ കോടതി വിധിയുടെ പശ്ചാത്തലത്തിലാണ് അന്നത്തെ കമ്മീഷന്‍ അധ്യക്ഷന്‍ കൂടിയായ പാലോളി മുഹമ്മദ് കുട്ടി പ്രതികരിക്കുന്നത്.

ന്യൂനപക്ഷങ്ങള്‍ക്കുള്ള പദ്ധതിയായാണ് ഹൈക്കോടതി സ്കോളർഷിപ്പിനെ കണ്ടതെന്നും എന്നാല്‍ ഇതുസംബന്ധിച്ച്. 80:20 അനുപാതം എന്താണെന്ന് കോടതിയെ ബോധ്യപ്പെടുത്തുന്നതില്‍ സര്‍ക്കാരിന് തെറ്റുണ്ടായതായിസംശയിക്കുന്നുവെന്നും പാലോളി മുഹമ്മദ് കുട്ടി പറഞ്ഞു.

അന്ന് രൂപീകരിച്ച സച്ചാർ കമ്മിറ്റി രാജ്യത്തെ മുസ്‍ലിംകളുടെ പിന്നാക്കാവസ്ഥ പഠിച്ച് റിപ്പോർട്ട് സമർപ്പിച്ചിരുന്നു. ഇതിനുപിന്നാലെ അന്നത്തെ കേന്ദ്ര സർക്കാർ റിപ്പോർട്ട് സംസ്ഥാനങ്ങള്‍ക്ക് അയച്ചു. അതിന്‍റെ അടിസ്ഥാനത്തിലാണ് പാലോളി കമ്മിറ്റി രൂപീകരിച്ചത്. കമ്മിറ്റി കേരളത്തിലെ എല്ലാ ജില്ലകളിലും സിറ്റിംഗ് നടത്തി അഭിപ്രായം കേട്ടു. വിദ്യാഭ്യാസപരമായും തൊഴില്‍പരമായും മുസ്‍ലിംകള്‍ പിന്നാക്കം നില്‍ക്കുന്നുവെന്ന് കമ്മിറ്റി കണ്ടെത്തി. അതുപോലെതന്നെ പരിവർത്തിത ക്രൈസ്തവരുടെ അവസ്ഥയും പിന്നാക്കമാണ്. അതുകൊണ്ടാണ് കേരളത്തിലെ പ്രത്യേക സാഹചര്യവും അവരുടെ പിന്നാക്ക അവസ്ഥയും പരിഗണിച്ച് മറ്റുപിന്നാക്ക സമുദായങ്ങളേയും കൂടി സ്കോളര്‍ഷിപ്പില്‍ ഉള്‍പ്പെടുത്തിയത്.

യു.ഡി.എഫ് ഭരണകാലത്ത് 80:20 അനുപാതം ആരും ചോദ്യം ചെയ്തില്ല. മുസ്‍ലിംകള്‍ക്ക് ലഭിക്കുന്ന ആനുകൂല്യം നഷ്ടമാകില്ലെന്ന് മുഖ്യമന്ത്രി പിണറായി ഉറപ്പുംകൊടുത്തു. അതുകൊണ്ടാണ് പ്രതിപക്ഷനേതാവ് സർക്കാർ തീരുമാനത്തെ സ്വാഗതം ചെയ്തത്. ലീഗിന്‍റേത് രാഷ്ട്രീയ ആരോപണമാണെന്നും പാലോളി മുഹമ്മദ് കുട്ടി വിമര്‍ശിച്ചു

അനുപാതം മാറുന്നത് ഇങ്ങനെ...

നേരത്തെ 80:20 ആയിരുന്ന സ്‌കോളർഷിപ്പ് അനുപാതമാണ് ഇപ്പോൾ ജനസംഖ്യയ്ക്ക് അനുസൃതമായി മാറുന്നത്. ഇതോടെ അനുപാതം 59.5:40.87ലേക്ക് മാറും. ഇത് മുസ്‌ലിംകൾക്ക് നഷ്ടം വരുത്തുമെന്നാണ് ചൂണ്ടിക്കാണിക്കപ്പെടുന്നത്. കഴിഞ്ഞ വർഷം മുസ്‌ലിംകൾക്ക് നൽകിയ സ്‌കോളർഷിപ്പുകളുടെ എണ്ണവും തുകയും ഈ വർഷവും നിലനിർത്തുമെന്നാണ് സർക്കാർ പറയുന്നത്. എന്നാൽ മുസ്‌ലിം സമുദായത്തിന് വേണ്ടി മാത്രമുള്ള പദ്ധതിയാണ് ഇപ്പോൾ പങ്കിടേണ്ടി വരുന്ന സാഹചര്യമുണ്ടായത്.ഭാവിയിൽ സ്‌കോളർഷിപ്പിന്റെ എണ്ണത്തിലും തുകയിലും വർധനയോ കുറവോ വരുമ്പോഴും അത് ജനസംഖ്യാനുപാതികമായിട്ടായിരിക്കും ബാധിക്കുക. സംസ്ഥാന ന്യൂനപക്ഷ ജനസംഖ്യയിലെ 59.05 ശതമാനം വരുന്ന മുസ്‌ലിം സമുദായത്തിനാകും പദ്ധതിയിൽ ഭാവിയിലുണ്ടാകുന്ന ഏറ്റക്കുറച്ചിലുകളുടെ നഷ്ടം എന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു.സച്ചാർ സമിതി നിർദേശം നടപ്പാക്കുന്നതുമായി ബന്ധപ്പെട്ട പാലോളി കമ്മിറ്റി ശിപാർശ അനുസരിച്ച് 2009 മുതലാണ് സംസ്ഥാനത്തെ മുസ്‌ലിംകൾക്ക് പ്രത്യേകം സ്‌കോളർഷിപ്പ് അനുവദിച്ചത്. രണ്ടു വർഷത്തിന് ശേഷം പരിവർത്തിത, ലത്തീൻ കത്തോലിക്ക വിഭാഗങ്ങളെ കൂടി ഉൾപ്പെടുത്തി 80:20 എന്ന രീതിയിലേക്ക് പദ്ധതി പുതുക്കി. പത്തു വർഷം പ്രശ്‌നങ്ങളില്ലാതെ മുമ്പോട്ടു പോയ പദ്ധതിയാണ് ചില ക്രൈസ്തവ സംഘടനകൾ ഹൈക്കോടതിയെ സമീപിച്ചതോടെ മാറിമറിഞ്ഞത്.

TAGS :

Next Story