Quantcast

ഹൈദരലി തങ്ങൾക്ക് വിട; മൃതദേഹം മലപ്പുറം ടൗൺ ഹാളിൽ, പൊതുദർശനത്തിനായി ആയിരങ്ങൾ...

ഖബറടക്കം നാളെ രാവിലെ ഒമ്പത് മണിക്ക് പാണക്കാട് പള്ളി ഖബർസ്ഥാനിൽ

MediaOne Logo

abs

  • Updated:

    2022-03-06 16:33:31.0

Published:

6 March 2022 7:05 AM GMT

ഹൈദരലി തങ്ങൾക്ക് വിട; മൃതദേഹം മലപ്പുറം ടൗൺ ഹാളിൽ, പൊതുദർശനത്തിനായി ആയിരങ്ങൾ...
X

മലപ്പുറം: അന്തരിച്ച മുസ്ലിം ലീഗ് സംസ്ഥാന അധ്യക്ഷനും ആത്മീയനേതാവുമായ പാണക്കാട് ഹൈദരലി ശിഹാബ് തങ്ങളുടെ മൃതദേഹം മലപ്പുറം ടൗൺഹാളിലെത്തിച്ചു. പൊതുദർശനത്തിനായി ആയിരങ്ങളാണ് പ്രദേശത്തെത്തുന്നത്. നേരത്തെ മൃതദേഹം പാണക്കാട്ടെ തങ്ങളുടെ വീട്ടിലെത്തിച്ചിരുന്നു. അവിടെ ബന്ധുക്കൾക്ക് മാത്രം ദർശനത്തിനും മയ്യിത്ത് നിസ്‌കാരത്തിനും അവസരം നൽകിയിരുന്നു. അതിന് ശേഷമാണ് മയ്യിത്ത് ടൗൺഹാളിലെത്തിച്ചത്. പ്രഗത്ഭരും സാധാരണക്കാരുമടക്കം നിരവധി പേരാണ് പൊതുദർശനത്തിന് എത്തിക്കൊണ്ടിരിക്കുന്നത്. വിവിധ നേതാക്കളുടെയും പണ്ഡിതന്മാരുടെയും നേതൃത്വത്തിൽ മയ്യിത്ത് നിസ്‌കാരം നടന്നുകൊണ്ടിരിക്കുകയാണ്. രാത്രി പത്ത് മണിയോടെ മലപ്പുറം ടൗൺ ഹാളിലെത്തി മുഖ്യമന്ത്രി പിണറായി വിജയൻ തങ്ങൾക്ക് അന്തിമോപചാരം അർപ്പിച്ചു. കോൺഗ്രസ് നേതാവ് രാഹുൽഗാന്ധി നാളെ ആദരാഞ്ജലികൾ അർപ്പിക്കാനെത്തും.

അർബുദ ബാധിതനായി എറണാകുളത്ത് ചികിത്സയിലായിരിക്കേയാണ് പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങൾ അന്തരിച്ചത്. അങ്കമാലിയിൽ മൃതദേഹം പൊതുദർശനത്തിന് വെച്ചിരുന്നു. അതിന് ശേഷമാണ് മലപ്പുറത്തേക്ക് കൊണ്ടുവന്നത്. തങ്ങളുടെ ഖബറടക്കം നാളെ രാവിലെ ഒമ്പത് മണിക്ക് പാണക്കാട് പള്ളി ഖബർസ്ഥാനിൽ നടക്കും. പാണക്കാട് സയ്യിദ് അഹമ്മദ് പൂക്കോയ തങ്ങളുടെ മൂന്നാമത്തെ മകനാണ് ഹൈദരലി. മുഹമ്മദലി ശിഹാബ് തങ്ങൾ, ഉമറലി ശിഹാബ് തങ്ങൾ എന്നിവർ സഹോദരങ്ങളാണ്. സമസ്തയുടെ ഉപാധ്യക്ഷനാണ്.

18 വർഷത്തോളം മുസ്‍ലിം ലീഗ് മലപ്പുറം ജില്ലാ പ്രസിഡന്റായിരുന്ന തങ്ങൾ, മുഹമ്മദലി ശിഹാബ് തങ്ങളുടെ മരണശേഷമാണ് ലീഗ് സംസ്ഥാന അധ്യക്ഷനായത്. കേരളത്തിലെ ഒരുപാട് മുസ്‍ലിം മഹല്ലുകളുടെ ഖാദിയായ ഇദ്ദേഹം ദാറുൽ ഹുദാ ഇസ്‌ലാമിക് യൂനിവേഴ്‌സിറ്റി, കടമേരി റഹ്‌മാനിയ്യ അറബിക് കോളേജ്, നന്തി ദാറുസ്സലാം അറബിക് കോളേജ് അടങ്ങിയ ഉന്നത മതകലാലയങ്ങളുടെ അധ്യക്ഷ സ്ഥാനവും വഹിക്കുന്നുണ്ട്.

പുതിയ മാളിയേക്കല്‍ സയ്യിദ് അഹമ്മദ് പൂക്കോയ തങ്ങളുടെയും (പി.എം.എസ്.എ പൂക്കോയ തങ്ങള്‍) മര്‍യം എന്ന ചെറിഞ്ഞി ബീവിയുടെയും പുത്രന്മാരില്‍ മൂന്നാമനായി 1947 ജൂണ്‍ 15ന് പാണക്കാട് കൊടപ്പനക്കല്‍ തറവാട്ടില്‍ ജനനം. ഓത്തുപള്ളിയിലായിരുന്നു പ്രാഥമിക പഠനം. പണക്കാട്ടെ ദേവധാര്‍ സ്‌കൂളില്‍ ഒന്നു മുതല്‍ നാലു വരെ പഠിച്ചു. തുടര്‍ന്ന് കോഴിക്കോട് മദ്‌റസത്തുല്‍ മുഹമ്മദിയ്യ (എം.എം ഹൈസ്‌കൂള്‍) സ്‌കൂളില്‍ ചേര്‍ന്നു. പത്തു വരെ അവിടെയായിരുന്നു പഠനം. എസ്.എസ്.എല്‍.സിക്കു ശേഷം മതപഠനത്തിലേക്ക് തിരിഞ്ഞു. മലപ്പുറം തിരുന്നാവായക്കടുത്ത കോന്നല്ലൂര്‍ ദര്‍സിലാണ് ആദ്യം ചേര്‍ന്നത് . തുടര്‍ന്ന് പൊന്നാനി മഊനത്തില്‍ ഇസ്‍ലാമിലും അവിടെനിന്ന് പട്ടിക്കാട് ജാമിഅ നൂരിയ്യയിലേക്കും പഠനം തുടര്‍ന്നു. 1972ല്‍ ആണ് ജാമിഅയില്‍ ചേര്‍ന്നത്. 1975 ഫൈസി ബിരുദം നേടി. ശംസുല്‍ ഉലമ ഇ.കെ അബൂബക്കര്‍ മുസ്ലിയാര്‍, കോട്ടുമല അബൂബക്കര്‍ മുസ്ലിയാര്‍, കുമരംപുത്തൂര്‍ എ.പി മുഹമ്മദ് മുസ്ലിയാര്‍ തുടങ്ങിയവരായിരുന്നു ഗുരുവര്യന്മാര്‍. ജാമിഅയിലെ പഠനത്തിനിടെ വിദ്യാര്‍ഥി സംഘടനയായ നൂറുല്‍ ഉലമ സ്റ്റുഡന്റ് ഫെഡറേഷന്റെ പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടു. പൊതുപ്രവര്‍ത്തനത്തിന്റെയും സംഘടനാ പ്രവര്‍ത്തനത്തിന്റെയും തുടക്കം ഇതായിരുന്നു.

1973ല്‍ സുന്നി സ്റ്റുഡന്റ് ഫെഡറേഷന്‍ രൂപീകരിച്ചപ്പോള്‍ അതിന്റെ പ്രഥമ സംസ്ഥാന പ്രസിഡന്റായി ഹൈദരലി തങ്ങളെ തെരഞ്ഞെടുത്തു. 1977ല്‍ മലപ്പുറം ജില്ലയിലെ പുല്‍പ്പറ്റ പഞ്ചായത്തിലെ പൂക്കൊളത്തൂരില്‍ മഹല്ല് പള്ളി- മദ്‌റസ പ്രസിഡന്റ് സ്ഥാനം ഏറ്റെടുത്തു. പിതാവ് പി.എം.എസ്.എ പൂക്കോയ തങ്ങളുടെ മരണത്തോടെയാണ് രാഷ്ട്രീയ, മത രംഗത്തോട് കൂടുതല്‍ സജീവമായി ഇടപെടുന്നത്. സഹോദരങ്ങളായ മുഹമ്മദലി ശിഹാബ് തങ്ങളും ഉമറലി ശിഹാബ് തങ്ങളും മരണപ്പെട്ടതോടെ അവരുടെ ഉത്തരവാദിത്വങ്ങള്‍ ഹൈദരലി തങ്ങള്‍ ഏറ്റെടുത്തു. 2008ല്‍ സമസ്ത മുശാവറ അംഗമായ തെരഞ്ഞെടുക്കപ്പെട്ട തങ്ങളെ 2010 ഒക്ടോബര്‍ രണ്ടിന് വൈസ് പ്രസിഡന്റായി തെരഞ്ഞെടുത്തു. 2009ലാണ് സുന്നി യുവജനസംഘം സംസ്ഥാന പ്രസിഡന്റായി തെരഞ്ഞെടുത്തത്. പാണക്കാട് സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങള്‍ 2009 ഓഗസ്റ്റ് ഒന്നിന് മരണപ്പെട്ടതോടെ മുസ്‍ലിം ലീഗിന്റെ സംസ്ഥാന പ്രസിഡന്റായും ഹൈദരലി ശിഹാബ് തങ്ങളെ തെരഞ്ഞെടുത്തു. ആയിരത്തിലധികം മഹല്ലുകളുടെ ഖാസി, പട്ടിക്കാട് ജാമിഅ നൂരിയ്യ അടക്കമുള്ള നൂറുകണക്കിന് മത-ഭൗതിക സ്ഥാപനങ്ങളുടെ പ്രസിഡന്റ്, അനാഥ അഗതി മന്ദിരങ്ങളുടെ അധ്യക്ഷന്‍, സുന്നി യുവജന സംഘം സംസ്ഥാന പ്രസിഡന്റ് തുടങ്ങി ആത്മീയ, സാമൂഹ്യ, സാംസ്‌കാരിക, രംഗത്തെ നേതൃ ചുമതലകള്‍ വഹിച്ചു.

കൊയിലാണ്ടിയിലെ സയ്യിദ് അബ്ദുല്ല ബാഫഖി തങ്ങളുടെ മകള്‍ സയ്യിദത്ത് ശരീഫ ഫാത്വിമ സുഹ്‌റയാണ് ഭാര്യ. സയ്യദ് നഈമലി ശിഹാബ് തങ്ങള്‍, സയ്യിദ് മുഈനലി ശിഹാബ് തങ്ങള്‍, സയ്യിദത്ത് സാജിദ, സയ്യിദത്ത് വാജിദ എന്നിവരാണ് മക്കള്‍.

TAGS :

Next Story