Quantcast

താങ്ങായി തങ്ങൾ; ചലനശേഷി നഷ്‌ടപ്പെട്ട യുവാവിനെ കാണാനെത്തി പാണക്കാട് സാദിഖലി ശിഹാബ് തങ്ങള്‍

"അസംഖ്യം തിരക്കുകള്‍ക്കിടയിലും തന്നെ പരിഗണിക്കാനിറങ്ങി വന്ന തങ്ങളെ ഒരു ചെറുപുഞ്ചിരിയോടെയാണ് ആ യുവാവ് എതിരേറ്റത്"

MediaOne Logo

Web Desk

  • Updated:

    2022-12-16 15:19:15.0

Published:

16 Dec 2022 3:18 PM GMT

താങ്ങായി തങ്ങൾ; ചലനശേഷി നഷ്‌ടപ്പെട്ട യുവാവിനെ കാണാനെത്തി പാണക്കാട് സാദിഖലി ശിഹാബ് തങ്ങള്‍
X

കഴുത്തിന് താഴെ ചലന ശേഷിയില്ലാത്ത യുവാവിനെ സന്ദർശിച്ച് പാണക്കാട് സാദിഖലി ശിഹാബ് തങ്ങള്‍. ഒരു വര്‍ഷം മുമ്പ് പുഴയില്‍ കുളിക്കാന്‍ പോകുമ്പോള്‍ കാല്‍ തെറ്റി വീണ് ചലനശേഷി നഷ്ടപ്പെട്ട യുവാവ് ചൊവ്വാഴ്ച വൈകിട്ടോടെയാണ് മട്ടന്നൂര്‍ പൂക്കോയ തങ്ങള്‍ ഹോസ്പീസിന്റെ ആംബുലന്‍സില്‍ പാണക്കാട്ടെത്തിയത്. പതിവ് തിരക്കുകൾ മാറ്റിവെച്ച് ശിഹാബ് തങ്ങൾ യുവാവിന് അരികിൽ എത്തുകയായിരുന്നു. തങ്ങളുടെ സന്ദർശനത്തിന് പിന്നാലെ മട്ടന്നൂർ പൂക്കോയ തങ്ങള്‍ ഹോസ്പീസ് ഫേസ്ബുക്കിൽ പങ്കുവെച്ച കുറിപ്പ് ശ്രദ്ധേയമാവുകയാണ്.

കുറിപ്പിന്റെ പൂർണരൂപം:-

പാണക്കാട് സാദിഖലി ശിഹാബ് തങ്ങള്‍ രോഗിയായ ആ ചെറുപ്പക്കാരന്റെ വേദനയില്‍ ആശ്വാസം പകരുക മാത്രമായിരുന്നില്ല, വേദന ഒപ്പിയെടുക്കുക കൂടിയാണെന്നാണ് ആ നിമിഷങ്ങള്‍ക്ക് സാക്ഷിയായപ്പോഴെനിക്ക് തോന്നിയത്. കഴുത്തിന് താഴെ ചലന ശേഷിയില്ലാതെ, അത്യധികം വേദനയിലൂടെ കടന്നുപോകുന്ന സാഹചര്യത്തിലും ആ ചെറുപ്പക്കാരന്റെ മുഖത്തു വിരിഞ്ഞ പുഞ്ചിരി വിവരണാതീതമായിരുന്നു. ഒരു വര്‍ഷത്തിലധികമായി കഴിച്ചു തീര്‍ത്ത വേദന സംഹാരികളേക്കാള്‍ ഫലം ഈയൊരു കൂടിക്കാഴ്ചക്ക് നല്‍കാനായിട്ടുണ്ടെന്ന് ആ മുഖം വിളിച്ചു പറയുന്നുണ്ടെന്ന് തോന്നി.

ഒരു വര്‍ഷം മുമ്പ് പുഴയില്‍ കുളിക്കാന്‍ പോകുമ്പോള്‍ കാല്‍ തെറ്റി വീണ് ചലനശേഷി നഷ്ടപ്പെട്ട യുവാവ് മട്ടന്നൂര്‍ പൂക്കോയ തങ്ങള്‍ ഹോസ്പീസിന്റെ ആംബുലന്‍സില്‍ ചൊവ്വാഴ്ച വൈകീട്ടോടെയാണ് പാണക്കാട്ടെത്തിയത്. പാണക്കാട്ടെ പതിവു തിരക്കുകളിലേക്ക്...

പാണക്കാട്ടെ തങ്ങളോട് ആവലാതികളും വേദനകളും പറയാന്‍ അപ്പോഴും നിരവധിയാളുകള്‍ ആ മേശക്ക് ചുറ്റുമുണ്ടായിരുന്നു. യൂവാവിനെ അനുഗമിച്ചെത്തിയവര്‍ വിവരം പറഞ്ഞപ്പോള്‍ മൗനിയായി തങ്ങള്‍ എല്ലാം കേട്ടിരുന്നു. പിന്നെ ചുറ്റും കൂടി നിന്നവരോട് ഇപ്പോ വരാമെന്നും പറഞ്ഞ് മുറ്റത്ത് ആംബുലന്‍സില്‍ കാത്തുകിടന്ന യുവാവിന്റെ അരികിലെത്തി.

അസംഖ്യം തിരക്കുകള്‍ക്കിടയിലും തന്നെ പരിഗണിക്കാനിറങ്ങി വന്ന തങ്ങളെ ഒരു ചെറുപുഞ്ചിരിയോടെയാണ് ആ യുവാവ് എതിരേറ്റത്. വേദനമുറ്റിയ മുഖത്തേക്ക് തങ്ങള്‍ ആശ്വാസ വാക്കുകള്‍ ചൊരിഞ്ഞു. വേദനകളില്‍ നിന്നും ഉയിര്‍ത്തെഴുന്നേല്‍ക്കാനുള്ള ആത്മധൈര്യം പകര്‍ന്നു. അസുഖം എത്രയും പെട്ടെന്ന് ഭേദമാകാന്‍ പ്രാര്‍ത്ഥിച്ചു...

പാണക്കാട്ടെ തങ്ങന്മാര്‍ പതിറ്റാണ്ടുകളായി ഒരു ജനതക്ക് നല്‍കിക്കൊണ്ടിരിക്കുന്നത് അതുതന്നെയാണ്. വേദനിക്കുന്നവര്‍ക്ക് വേദനസംഹാരിയാകാനും അവരുടെയെല്ലാം കണ്ണീരൊപ്പുന്ന തൂവാലയാകാനും അവര്‍ക്ക് കഴിയുന്നു. വിഷമഘട്ടങ്ങളില്‍ സമൂഹത്തെ മുന്നോട്ട് നയിക്കുന്ന നേതാക്കളാകുന്നു. കേരളത്തിലെ മറ്റൊരു കുടുംബത്തിനും മറ്റൊരു നേതാക്കള്‍ക്കും അവകാശപ്പെടാന്‍ പോലും കഴിയാത്തത്രയും നന്മകള്‍ ചെയ്തുകൊണ്ടേയിരിക്കുന്നു...

ഇനിയും ഒരുപാട് കാലം സമൂഹത്തെ നേര്‍മാര്‍ഗത്തില്‍ നയിക്കാനും അനേകം മനുഷ്യരുടെ വിഷമങ്ങള്‍ പരിഹരിക്കാനും പാണക്കാട്ടെ തങ്ങന്മാര്‍ക്ക് അല്ലാഹു തൗഫീഖ് നല്‍കട്ടെ. ആമീന്‍.

TAGS :

Next Story