പനയംപാടം സ്ഥിരം അപകട മേഖല; റോഡ് ഉപരോധിച്ച് നാട്ടുകാർ
നാളെ ജില്ലാ കലക്ടറുടെ നേതൃത്വത്തിൽ ചർച്ച നടത്തും
പാലക്കാട്: പാലക്കാട് പനയംപാടത്ത് ലോറി മറിഞ്ഞ് വിദ്യാർഥികൾ മരണപ്പെട്ട സംഭവത്തിൽ നാട്ടുകാരുടെ പ്രതിഷേധം. അപകടത്തിനിടയാക്കിയ സ്ഥലത്ത് ഒരുപാട് തവണ അപകടം നടന്നിട്ടുണ്ടെന്നും ഇത് സ്ഥിരമായ അപകട മേഖലയാണെന്നും നാട്ടുകാർ പറഞ്ഞു. പ്രശ്‌നത്തിന് ശാശ്വത പരിഹാരം കാണണമെന്ന് ആവശ്യപ്പെട്ട് നാട്ടുകാർ റോഡ് ഉപരോധിച്ചു. രാഹുൽ മാങ്കൂട്ടത്തിൽ എത്തി അനുനയിപ്പിക്കാൻ ശ്രമിച്ചെങ്കിലും കലക്ടർ എത്താതെ പിരിഞ്ഞുപോകില്ലെന്ന നിലപാടിലായിരുന്നു നാട്ടുകാർ.
അശാസ്ത്രീയമായ വളവും റോഡിന്റെ മിനുസവും മൂലം അപകടങ്ങൾ പതിവാണ്. പരാതികൾ അധികൃതർ കേൾക്കുന്നില്ല. അപകടങ്ങളുണ്ടാവുമ്പോൾ മാത്രമാണ് അധികാരികൾ ശ്രദ്ധിക്കുന്നത്. പൊലീസ് വാഹനം അപകടത്തിൽപെട്ടപ്പോഴാണ് റോഡിന്റെ മിനുസം ഒഴിവാക്കാനായി ജെസിബി ഉപയോഗിച്ച് വരഞ്ഞിട്ടത്. ഒരു ദിവസം തന്നെ ഒന്നിലധികം അപകടങ്ങൾ നടന്നിട്ടുണ്ട്. ഒരുപാട് പേരുടെ ജീവൻ ഇവിടെവച്ച് നഷ്ടമായിട്ടുണ്ട്. കഴിഞ്ഞ നാല് വർഷമായി ഇതുതന്നെയാണ് അവസ്ഥ. നിരവധി തവണ ഇതിന്റെ പേരിൽ സമരങ്ങൾ നടന്നിട്ടുണ്ടെന്നും നാട്ടുകാർ പറഞ്ഞു.
നാട്ടുകാർ ഉയർത്തുന്ന പ്രശ്നങ്ങൾക്ക് ശാശ്വത പരിഹാരം കാണുമെന്ന് പാലക്കാട് എഡിഎം പറഞ്ഞു. നാളെ ജില്ലാ കലക്ടറുടെ നേതൃത്വത്തിൽ ചർച്ച നടത്തും. ഇന്ന് പനയംപാടത്ത് ലോറി സ്‌കൂൾ കുട്ടികളുടെ മുകളിലേക്ക് മറിഞ്ഞ് നാല് വിദ്യാർഥിനികൾ മരിച്ചിരുന്നു. രണ്ട് ലോറികൾ കൂട്ടിയിടിച്ച് ഒരു ലോറി കുട്ടികൾക്ക് മുകളിലേക്ക് മറിയുകയായിരുന്നു. സംഭവത്തിൽ വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി അടിയന്തര റിപ്പോർട്ട് തേടി. അപകടത്തെക്കുറിച്ച് അന്വേഷിച്ച് റിപ്പോർട്ട് സമർപ്പിക്കാൻ മന്ത്രി പാലക്കാട് കലക്ടറോട് ആവശ്യപ്പെട്ടു.
Adjust Story Font
16