'ഒരുക്കങ്ങൾ പതിനഞ്ചിനകം പൂർത്തീകരിക്കണം'; ശബരിമല തീർഥാടന മുന്നൊരുക്കത്തിൽ അതൃപ്തി പ്രകടിപ്പിച്ച് പന്തളം കൊട്ടാരം
തീർഥാടനത്തിന് ദിവസങ്ങൾ മാത്രം മുന്നിലുള്ളപ്പോഴും സന്നിധാനത്തും പമ്പയിലും മുഴുവൻ ജോലികളും ഇനിയും പൂർത്തിയായിട്ടില്ല
പത്തനംതിട്ട: ശബരിമല തീർഥാടനത്തിന്റെ മുന്നൊരുക്കങ്ങൾ പൂർത്തിയാകാൻ വൈകുന്നതിൽ അതൃപ്തി പ്രകടിപ്പിച്ച് പന്തളം കൊട്ടാര. അവലോകനയോഗങ്ങളുടെ വേഗതയിൽ കാര്യങ്ങൾ നടക്കുന്നില്ലെന്നും പല ജോലികളും ഇഴഞ്ഞ് നീങ്ങുകയാണെന്നും കൊട്ടാരം പ്രതിനിധി നാരായണ വർമ്മ പറഞ്ഞു.
ലക്ഷക്കണക്കിന് തീർത്ഥാടകരെത്തുമ്പോൾ അവർക്ക് വേണ്ട അടിസ്ഥാന സൗകര്യങ്ങളൊരുക്കാൻ സർക്കാർ ബാധ്യസ്ഥരാണ്. ഈ മാസം പതിനഞ്ചിനകം മുഴുവൻ ജോലികളും പൂർത്തിയാക്കി ശബരിമല തീർത്ഥാടന സജ്ജമാക്കണമെന്നും നാരായണ വർമ ആവശ്യപ്പെട്ടു.
തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെയും സംസ്ഥാന സർക്കാരിന്റെയും കണക്കുകൂട്ടലുകൾ തെറ്റിച്ചാണ് ഇപ്പോൾ ശബരിമലയിലെ പ്രവർത്തനങ്ങൾ. തീർഥാടനത്തിന് ദിവസങ്ങൾ മാത്രം മുന്നിലുള്ളപ്പോഴും സന്നിധാനത്തും പമ്പയിലും മുഴുവൻ ജോലികളും ഇനിയും പൂർത്തിയായിട്ടില്ല. ഇതോടെയാണ് പന്തളം കൊട്ടാരവും അതൃപ്തി പ്രകടിപ്പിച്ച് രംഗത്ത് വന്നത്.
യുദ്ധകാല അടിസ്ഥാനത്തിൽ പ്രവർത്തനങ്ങൾ നടത്തി ഈ മാസം പത്തിനുള്ളിൽ ഒരുക്കങ്ങൾ പൂർത്തീകരിക്കാനായിരുന്നു നേരത്തെ സർക്കാർ തീരുമാനിച്ചിരുന്നത്. എന്നാൽ നവീകരണ - നിർമ്മാണ പ്രവർത്തനങ്ങൾ താമസിച്ചതിനൊപ്പം കാലാവസ്ഥയും പ്രശ്‌നങ്ങൾ സൃഷ്ടിച്ചതോടെയാണ് തീർഥാടനത്തെച്ചൊല്ലി പലകോണുകളിൽ നിന്നും പരാതികൾ ഉയർന്നത്.
Adjust Story Font
16