Quantcast

വെണ്ടുട്ടായി ബാബുവിന്‍റെ കൊലയ്ക്ക് പിന്നില്‍ പിണറായി; അദ്ദേഹം ഒന്നും ചെയ്യാറില്ല ചെയ്യിപ്പിക്കുന്നതില്‍ വിദഗ്ധനെന്ന് പാണ്ട്യാല ഷാജി

മാര്‍ക്സിസ്റ്റ് വിരുദ്ധമായ സാമൂഹ്യ വിരുദ്ധമായ ഒരു ഗാങ്സ്റ്റര്‍ ലീഡറാണ് പിണറായി എന്ന് പാണ്ട്യാല ഷാജി

MediaOne Logo

Web Desk

  • Updated:

    2021-06-20 04:30:02.0

Published:

20 Jun 2021 4:24 AM GMT

വെണ്ടുട്ടായി ബാബുവിന്‍റെ കൊലയ്ക്ക് പിന്നില്‍ പിണറായി; അദ്ദേഹം ഒന്നും ചെയ്യാറില്ല ചെയ്യിപ്പിക്കുന്നതില്‍ വിദഗ്ധനെന്ന് പാണ്ട്യാല ഷാജി
X

പിണറായി വിജയന്റെ രാഷ്ട്രീയ ഗുരുവും കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ സ്ഥാപക നേതാക്കളില്‍ ഒരാളുമായ പാണ്ട്യാല ഗോപാലൻ മാസ്റ്ററുടെ മകന്‍ ഷാജി മുഖ്യമന്ത്രിക്കെതിരെ ഗുരുതര ആരോപണവുമായി രംഗത്ത്. 1986ല്‍ എം വി രാഘവനൊപ്പം സിപിഎം വിട്ട വെണ്ടുട്ടായി ബാബുവിനെ കൊലപ്പെടുത്തിയതിന് പിന്നില്‍ പിണറായി വിജയനാണെന്ന് പാണ്ട്യാല ഷാജി ആരോപിച്ചു.

വെണ്ടുട്ടായി ബാബു പിണറായി വിജയന്‍റെ വിശ്വസ്തരില്‍ ഒരാളായിരുന്നു. സിപിഎം വിട്ട് സിഎംപിയിലെത്തിയ ബാബുവിനെ തലശ്ശേരിയിലെ കോടതിയില്‍ പോയി മടങ്ങവേ കൊലപ്പെടുത്തുകയായിരുന്നു. കഴുത്തിന് പിന്നില്‍ വെട്ടിയാണ് ബാബുവിനെ കൊന്നത്. ആ കൊലയ്ക്ക് പിന്നിലെ മുഖ്യ ആസൂത്രകന്‍ പിണറായി വിജയനാണെന്നാണ് ഷാജി ആരോപിക്കുന്നത്. ഷാജി മീഡിയവണിനോട് പറഞ്ഞതിങ്ങനെ-

"വെണ്ടുട്ടായി എന്ന് പറയുന്ന സ്ഥലത്ത് മടയന്‍ ബാബു എന്നൊരാളുണ്ടായിരുന്നു. അയാളെ അതിദാരുണമായി കൊലപ്പെടുത്തിയതിന്‍റെ ചീഫ് ഓപ്പറേറ്റര്‍ പിണറായിയാണ്. ബാബു പഴയ സിപിഎംകാരനാണ്. തെറ്റിക്കഴിഞ്ഞ് 86ല്‍ സിഎംപി വന്നപ്പോള്‍ അതിലേക്ക് വരാന്‍ തുടങ്ങി. അപാരമായ കരുത്തുള്ള ഒരാളാണ്. തിരുവങ്ങാട് വെച്ച് ഇ.ഡി നായരുടെ കേസുണ്ടായിട്ട് അവിടെ പോയി വരുന്ന വഴി പുലര്‍ച്ചെ ഇയാളെ ചാമ്പിക്കളഞ്ഞു. ബാബുവിനെ കൊന്നുകളഞ്ഞു. ഇതൊന്നും പിണറായി വിജയന്‍ ചെയ്യാറില്ല. പക്ഷേ ചെയ്യിപ്പിക്കുന്നതില്‍ വിദഗ്ധനാണ്. അതായത് ഗൂഢാലോചനക്കാരനാണ്. മാര്‍ക്സിസ്റ്റ് വിരുദ്ധമായ സാമൂഹ്യ വിരുദ്ധമായ ഒരു ഗാങ്സ്റ്റര്‍ ലീഡറാണ് പിണറായി" എന്നാണ് പാണ്ട്യാല ഷാജി പറഞ്ഞത്.

'എന്നെ സിപിഎമ്മുകാര്‍‌ വെട്ടിനുറുക്കാന്‍ കാരണം പിണറായിയുടെ ശത്രുത'

തന്നെ സിപിഎം പ്രവര്‍ത്തകര്‍ ആക്രമിക്കാന്‍ കാരണവും പിണറായിയുടെ ശത്രുതയാണെന്ന് പാണ്ട്യാല ഷാജി ആരോപിച്ചു- "പിണറായി എന്തെങ്കിലും ആയിട്ടുണ്ടെങ്കില്‍, നല്ല ക്വാളിറ്റി എന്തെങ്കിലുമുണ്ടെങ്കില്‍ എന്‍റെ അച്ഛനില്‍ നിന്ന് ലഭിച്ചതാണ്. തലശ്ശേരിയില്‍ വിവേകാനന്ദ ട്യൂട്ടോറിയല്‍ എന്നൊരു കോളജുണ്ടായിരുന്നു. അധ്യാപകര്‍ക്ക് മാന്യമായ ശമ്പളം കൊടുക്കാതിരുന്ന അവസ്ഥയുണ്ടായി. ഇതിനെതിരെ നമ്മള്‍ പാര്‍ട്ടിക്കകത്ത് പ്രശ്നമുണ്ടാക്കി. ഇതിനെ എതിര്‍ക്കുന്ന ചേരിയിലായിരുന്നു പിണറായി. തലശ്ശേരി ടൌണിലൂടെ മുദ്രാവാക്യം വിളിച്ചു. ഞാനാ വിളിച്ചത്. പിണറായിക്കിത് ഭൂഷണമെങ്കില്‍ തലശ്ശേരിക്കിത് അപമാനം. പിണറായി എന്താ തലശ്ശേരിയാ.. ഇതായിരുന്നു മുദ്രാവാക്യം. ഇത് ചര്‍ച്ചയായി. പാര്‍ട്ടി മാപ്പ് പറയണമെന്ന് ആവശ്യപ്പെട്ടു. മാപ്പ് പറയാന്‍ ഞാന്‍ തയ്യാറാ. പക്ഷേ പിണറായിയും മാപ്പ് പറയണമെന്ന് ഞാന്‍ ആവശ്യപ്പെട്ടു. സംഗതി എവിടെയുമെത്തിയില്ല. ബാബു എന്നാ എന്നെ വിളിക്കുക. അയാള്‍ പറഞ്ഞത് ബാബു ഒരു പയ്യനൊന്നുമല്ല. ഈ മുദ്രാവാക്യം മുതിര്‍ന്ന മുദ്രാവാക്യമാണ്. തന്നെ അപമാനിക്കുന്നതാണ്. മൂപ്പര് എന്ത് വിഷയത്തെയും വ്യക്തിപരമായേ കാണൂ. രാഷ്ട്രീയമായി കാണില്ല. 86ല്‍ സിഎംപി വന്നതോടെ അകല്‍ച്ച പൂര്‍ണമായി".

വെണ്ടുട്ടായി ബാബുവിന്‍റെ കൊലപാതകത്തിനെതിരെ പിണറായിയില്‍ പ്രതിഷേധ പ്രകടനം സംഘടിപ്പിച്ചു. അന്നത്തെ തന്‍റെ പ്രസംഗം കേട്ട ചില സില്‍ബന്ദികള്‍ താന്‍ പിണറായിയുടെ രണ്ട് മക്കളെയും ശരിപ്പെടുത്തുമെന്ന് പ്രസംഗിച്ചെന്ന് പോയി പറഞ്ഞുകൊടുത്തു. ഇതും കൂടി ആയതോടെ തന്നെ ശരിപ്പെടുത്താനുള്ള സാധ്യതകള്‍ പിണറായി അന്വേഷിക്കാന്‍ തുടങ്ങിയെന്നും പാണ്ട്യാല ഷാജി ആരോപിച്ചു.

"അങ്ങനെയിരിക്കെയാണ് എകെജി സഹകരണ ആശുപത്രി തെരഞ്ഞെടുപ്പ് നടക്കുന്നത്. മൂന്നാമത്തെ ദിവസമാണ് എന്നെ ആക്രമിക്കുന്നത്. ഒന്നേകാല്‍ വര്‍ഷമാ ആശുപത്രിയില്‍ കിടന്നത്. എന്‍റെ രണ്ട് മക്കളെയും കൈകൊണ്ട് എടുക്കാന്‍ എനിക്ക് കഴിഞ്ഞില്ല. എന്‍റെ രണ്ട് കാലും പോയതാ. പാര കൊണ്ട് കാലില്‍ അടിച്ചിട്ട് ചിതറിപ്പോയി. ഒരു മണിക്കൂറാ എന്നെ അടിച്ചത്. അടികൊണ്ടുവീണു. മമ്പറം ദിവാകരനാണ് രണ്ട് ജീപ്പില്‍ ആളുമായി വന്ന് എന്നെ എടുത്തുകൊണ്ടുപോയത്. ഒരു മനുഷ്യനെ ഇങ്ങനെ അക്രമിക്കാന്‍ ആരാ ഇയാള്‍ക്ക് അധികാരം കൊടുത്തത്? തെളിവെന്താന്ന് ചോദിച്ചാല്‍ പാണ്ട്യാലയുടെ മകനെ വേറെ ആരെങ്കിലും അടിക്കുമോ? ഞാന്‍ എന്തെങ്കിലും സാമൂഹ്യവിരുദ്ധ പ്രവര്ത്തനം നടത്തിയെന്ന് പാര്‍ട്ടിക്ക് അകത്തുള്ളവരോ പുറത്തുള്ളവരോ പറയില്ല. അത്യാവശ്യം എഴുത്തും വായനയുമായി പോകുന്ന ഒരാളാ ഞാന്‍".

TAGS :

Next Story