Quantcast

പാനൂർ ബോംബ് സ്ഫോടനം: കണ്ണൂരിലെ സ്ഥിരം കുറ്റവാളികളെ കരുതൽ തടങ്കലിലാക്കാൻ നിർദേശം

സംസ്ഥാനാതിർത്തികളിലും പരിശോധന വേണം

MediaOne Logo

Web Desk

  • Published:

    7 April 2024 4:12 AM GMT

kannur bomb squad
X

തിരുവനന്തപുരം: പാനൂർ ബോംബ് സ്ഫോടനത്തിന്റെ പശ്ചാത്തലത്തിൽ കരുതൽ തടങ്കൽ വേണമെന്ന കർശന നിർദേശവുമായി എ.ഡി.ജി.പി എം.ആർ അജിത്ത് കുമാർ. കണ്ണൂരിലെ സ്ഥിരം കുറ്റവാളികളെ കരുതൽ തടങ്കലിലാക്കണം.

സംസ്ഥാനാതിർത്തികളിലും പരിശോധന വേണം. പരിശോധനയുടെയും തടങ്കലിന്റെയും വിവരങ്ങൾ ദിനംപ്രതി അറിയിക്കണം. ഇതിനായി കണ്ണൂർ റേഞ്ച് ഡി.ഐ.ജിയെ ചുമതലപ്പെടുത്തുകയും ചെയ്തു. ശനിയാഴ്ച ചേർന്ന യോഗത്തിലാണ് എ.ഡി.ജി.പി നിർദേശം നൽകിയത്.

സ്ഫോടനത്തിന്റെ പശ്ചാത്തലത്തിൽ കോഴിക്കോട് നാദാപുരം മേഖലകളിൽ ഇന്നും ​​പൊലീസ് പരിശോധന നടത്തുന്നുണ്ട്. ഒഴിഞ്ഞ പറമ്പുകളിലും ജില്ലാ അതിർത്തിയായ പെരിങ്ങത്തൂർ പുഴയോരത്തുമാണ് പരിശോധന.

മുൻകാലത്ത് സ്ഫോടക വസ്തുക്കൾ പിടികൂടിയവരുടെ വീടുകളിലും പരിസരങ്ങളിലും പരിശോധന നടത്തും. കേന്ദ്രസേനയും ബോംബ് സ്ക്വാഡും ഡോഗ് സ്ക്വാഡും പരിശോധനയ്ക്കുണ്ട്.

പാനൂർ മേഖലയിലും ബോംബ് സ്ക്വാഡിന്റെ വ്യാപക പരിശോധന നടക്കുന്നുണ്ട്. പാനൂർ, കൊളവല്ലൂർ, കൂത്തുപറമ്പ് എന്നിവിടങ്ങളിലാണ് പരിശോധന.

സ്ഫോടനത്തിൽ ഇന്ന് കൂടുതൽ അറസ്റ്റ് ഉണ്ടായേക്കും. ഇന്നലെ അറസ്റ്റിലായ നാല് പേരെ ഞായറാഴ്ച ഉച്ചയോടെ മജിസ്‌ട്രേറ്റിനു മുന്നിൽ ഹാജരാക്കും. ബോംബ് നിർമ്മാണത്തിന് പിന്നിലുള്ളവരെ കുറിച്ചുകൂടി അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് പ്രക്ഷോഭത്തിന് ഒരുങ്ങുകയാണ് യു.ഡി.എഫ്.


TAGS :

Next Story