Quantcast

പന്തീരങ്കാവിൽ നവവധുവിനെ ക്രൂരമായി മർദിച്ച സംഭവം; മുഖ്യമന്ത്രിക്ക് പരാതി നൽകി കുടുംബം

കേസ് എടുക്കുന്നതിലെ പൊലീസ് വീഴ്ച ചൂണ്ടിക്കാണിച്ചാണ് പരാതി

MediaOne Logo

Web Desk

  • Published:

    14 May 2024 9:42 AM GMT

Pantheerankavu domestic violence case; Girls relatives gives complaint to CM
X

കൊച്ചി: പന്തീരങ്കാവിൽ നവവധുവിനെ ക്രൂരമായി മർദിച്ച സംഭവത്തിൽ പെൺകുട്ടിയുടെ കുടുംബം മുഖ്യമന്ത്രിക്കും വനിതാ കമ്മിഷനും പരാതി നൽകി. പൊലീസ് വീഴ്ച ചൂണ്ടിക്കാണിച്ചാണ് പരാതി. എറണാകുളം പറവൂർ സ്വദേശിയായ പെൺകുട്ടിയുടെ കുടുംബം എറണാകുളം റൂറൽ എസ്പിക്കും പരാതി നൽകിയിട്ടുണ്ട്.

പന്തീരങ്കാവിലെ ഭർതൃവീട്ടിൽ വെച്ച് പെൺകുട്ടി ക്രൂരപീഡനത്തിനിരയായി എന്നാണ് കുടുംബത്തിന്റെ പരാതി. കൂടുതൽ സ്ത്രീധനം ആവശ്യപ്പെട്ട് പെൺകുട്ടിയെ ഭർത്താവ് രാഹുൽ മൊബൈൽ ചാർജറിന്റെ കേബിൾ ഉപയോഗിച്ച് കഴുത്തിൽ മുറുക്കിയെന്നും ബെൽറ്റ് ഉപയോഗിച്ച് അടിച്ചുവെന്നും ഇവർ പരാതിയിൽ പറയുന്നു.

മർദനം ചൂണ്ടിക്കാട്ടി വധശ്രമത്തിന് കേസെടുക്കണം എന്ന് ആവശ്യപ്പെട്ട് പന്തീരങ്കാവ് പൊലീസിലാണ് കുടുംബം പരാതി നൽകിയിരുന്നത്. എന്നാൽ പൊലീസ് വധശ്രമത്തിന് കേസെടുക്കാതെ ഗാർഹിക പീഡനത്തിന് കേസെടുത്തു. ഇതോടെയാണ് കുടുംബം മുഖ്യമന്ത്രിക്കും വനിതാ കമ്മിഷനും പരാതി നൽകിയത്. യുവതിക്ക് മർദനമേറ്റതിൽ വിശദമായ അന്വേഷണം നടത്തണം എന്നാണ് റൂറൽ എസ്പിക്ക് നൽകിയ പരാതിയിൽ കുടുംബത്തിന്റെ ആവശ്യം.

കഴിഞ്ഞ മാസം അഞ്ചിനായിരുന്നു പന്തീരങ്കാവ് പന്നിയൂർക്കുളം സ്വദേശി രാഹുൽ ഗോപാലുമായി യുവതിയുടെ വിവാഹം. വിവാഹത്തിന്റെ ഏഴാം നാൾ അടുക്കള കാണൽ ചടങ്ങിലാണ് യുവതിക്ക് ക്രൂരമർദനമേറ്റ വിവരം പെൺകുട്ടിയുടെ കുടുംബം അറിയുന്നത്. കണ്ടാൽ തിരിച്ചറിയാത്ത വിധമായിരുന്നു തങ്ങൾ കാണുമ്പോൾ യുവതി എന്നും തലയിലും ശരീരത്തിന്റെ മറ്റ് ഭാഗങ്ങളിലുമൊക്കെ പാടുകളും കണ്ട് ചോദിച്ചപ്പോഴാണ് മർദനവിവരം യുവതി പറയുന്നതെന്നും യുവതിയുടെ അച്ഛൻ വെളിപ്പെടുത്തിയിരുന്നു.

TAGS :

Next Story