Quantcast

പന്തീരാങ്കാവ് സ്ത്രീധന പീഡനക്കേസ്; യുവതിയെയും ഭര്‍ത്താവിനെയും കൗണ്‍സിലിങ്ങിന് വിടണമെന്ന് ഹൈക്കോടതി

കേസ് റദ്ദാക്കണമെന്ന രാഹുലിന്‍റെ ഹരജിയിലാണ് കോടതിയുടെ നിർദേശം

MediaOne Logo

Web Desk

  • Published:

    14 Aug 2024 5:27 AM GMT

pantheerankavu dowry case
X

കൊച്ചി: പന്തീരാങ്കാവ് ഗാർഹിക പീഡന കേസിൽ പരാതിക്കാരിയെയും പ്രതി രാഹുലിനെയും കൗൺസിലിങ്ങിന് വിടണമെന്ന് ഹൈക്കോടതി. കേസിൽ കൗൺസിലറുടെ റിപ്പോർട്ട് കൂടി പരിഗണിച്ച് തീരുമാനമെടുക്കാം. കേസ് റദ്ദാക്കണമെന്ന രാഹുലിന്‍റെ ഹരജിയിലാണ് കോടതിയുടെ നിർദേശം.ആരുടെയും നിർബന്ധത്താലല്ല പരാതി പിൻവലിക്കുന്നതെന്ന് പരാതിക്കാരി കോടതിയെ അറിയിച്ചു.

ഇരുവർക്കും കൗൺസിലിംഗ് നൽകാനുള്ള നടപടികൾ എടുക്കാൻ കെൽസക്ക് നിർദേശം നല്‍കി. കൗൺസിലിങ്ങിനു ശേഷം റിപ്പോർട്ട് മുദ്ര വച്ച കവറിൽ കോടതിക്ക് സമർപ്പിക്കണം. പ്രതിക്കെതിരെയുള്ള ആരോപണങ്ങൾ ഗുരുതരമെന്ന് കോടതി ചൂണ്ടിക്കാട്ടി. കേസ് ഈ മാസം 21 ന് വീണ്ടും പരിഗണിക്കും. രണ്ടുപേരും ഒരുമിച്ച് ജീവിക്കാനാണ് ഉദ്ദേശിക്കുന്നതെങ്കിൽ തടസ്സം നിൽക്കില്ലെന്ന് സർക്കാർ വ്യക്തമാക്കി.

ഉഭയസമത പ്രകാരം കേസ് അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് ഇരുവരും നേരത്തേ കോടതിയെ സമീപിച്ചിരുന്നു. എന്നാൽ ഇതിനിടെ പൊലീസ് കുറ്റപത്രം സമർപ്പിച്ചതോടെയാണ് കോടതി ഇരുവരോടും നേരിട്ട് ഹാജരാകാൻ ആവശ്യപ്പെട്ടത്. ജസ്റ്റിസ് ബദറുദ്ദീന്‍റെ ബെഞ്ചാണ് കേസ് പരിഗണിച്ചത്.

ഭർതൃവീട്ടിൽ സ്ത്രീധനം ആവശ്യപ്പെട്ട് ക്രൂരമർദ്ദനത്തിന് ഇരയായി എന്നാണ് യുവതിയും കുടുംബവും പൊലീസിൽ പരാതി നൽകിയത്. എന്നാൽ കുടുംബത്തിൽ നിന്നുള്ള സമ്മർദ്ദം കാരണമാണ് പരാതി നൽകിയതെന്നും തങ്ങൾ തമ്മിൽ പ്രശ്നങ്ങളില്ലെന്നും യുവതി സമൂഹമാധ്യമങ്ങളിലൂടെ വെളിപ്പെടുത്തിയിരുന്നു. ഇതിന് പിന്നാലെയാണ് പ്രശ്നങ്ങൾ ഒത്തുതീർന്നതിനാൽ കേസ് അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് ഇരുവരും ഹൈക്കോടതിയെ സമീപിച്ചത്.

കഴിഞ്ഞ ദിവസമാണ് പ്രതി രാഹുല്‍ ഇന്ത്യയിലെത്തിയത്. പന്തീരാങ്കാവ് പൊലീസിൻ്റെ നിർദേശ പ്രകാരം ഡൽഹി വിമാനത്താവളത്തിൽ നിന്ന് എമിഗ്രേഷൻ വിഭാഗം കസ്റ്റഡിയിലെടുത്ത ശേഷം വിട്ടയക്കുകയായിരുന്നു. ഹൈക്കോടതിയിൽ ഹാജരാകുന്നതുവരെ നടപടി ഉണ്ടാകരുതെന്ന ഉത്തരവിനെ തുടർന്നാണ് വിട്ടയച്ചത്.

TAGS :

Next Story