പന്തീരങ്കാവ് ഗാർഹികപീഡനം; രാഹുലിനെതിരെ വധശ്രമത്തിന് കേസ്
നിയമ നടപടി സ്വീകരിക്കുന്നതിൽ യുവതിക്ക് സഹായം നല്‍കുമെന്ന് ആരോഗ്യ മന്ത്രി
കോഴിക്കോട്: പന്തീരങ്കാവ് നവവധുവിന്റെ പരാതിയിൽ വധശ്രമത്തിന് കേസെടുത്തു. യുവതിയുടെ ഭർത്താവ് രാഹുലിനെതിരെയാണ് കേസ്. സ്ത്രീധനപീഡന വകുപ്പും ഇയാൾക്കെതിരെ ചുമത്തിയിട്ടുണ്ട്. കേസെടുക്കാൻ വൈകിയതിന് യുവതിയുടെ കുടുംബം രംഗത്തെത്തിയിരുന്നു.
അതിനു പിന്നാലെ പ്രതിപക്ഷ നേതാവും ആരോഗ്യ മന്ത്രിയും യുവതിക്ക് പിന്തുണയറിയിച്ചു. നിയമ നടപടി സ്വീകരിക്കുന്നതിൽ യുവതിക്ക് എല്ലാ സഹായങ്ങളും ചെയ്തുകൊടുക്കുമെന്നും വീണ ജോർജ് പറഞ്ഞു. രാഹൂൽ ഒളിവിലാണെന്നും തിരച്ചിൽ തുടരുകയാണെന്നും പൊലീസ് പറഞ്ഞു.
ഭർത്താവ് ക്രൂരമായി മർദിച്ചത് സ്ത്രീധനത്തിന്റെ പേരിലെന്ന് വെളിപ്പെടുത്തി എറണാകുളം പറവൂർ സ്വദേശിയായ യുവതിയാണ് പരാതി നൽകിയത്. 150 പവനും ഒക്കെ സ്ത്രീധനമായി കിട്ടാൻ തനിക്ക് യോഗ്യതയുണ്ടെന്നാണ് കോഴിക്കോട് പന്തീരങ്കാവ് സ്വദേശിയായ ഭർത്താവ് രാഹുൽ ആവർത്തിച്ചിരുന്നതെന്നും കല്യാണം കഴിഞ്ഞ് ദിവസങ്ങൾക്കുള്ളിൽ തന്നെ മർദനം തുടങ്ങിയിരുന്നെന്നും യുവതി പറഞ്ഞു.
അതേസമയം പന്തീരങ്കാവ് നവവധുവിന്റെ പരാതിയിൽ കേസെടുക്കാൻ വൈകിയതിന് മനുഷ്യാവകാശ കമ്മീഷൻ സ്വമേധയാ കേസെടുത്തു. പരാതി ലഭിച്ചിട്ടും പന്തീരാങ്കാവ് എസ്എച്ച്ഒ കേസെടുക്കാൻ വിമുഖത കാണിച്ചെന്ന ആരോപണത്തിലാണ് കേസ്. കോഴിക്കോട് സിറ്റി പൊലീസ് കമ്മീഷണർ അന്വേഷണം നടത്തി 15 ദിവസത്തിനകം റിപ്പോർട്ട് നൽകാൻ നിർദേശം.
Adjust Story Font
16