പാനൂർ സ്ഫോടനം; കൊല്ലപ്പെട്ട ഷെറിന്റെ വീട് സന്ദർശിച്ച് സി.പി.എം നേതാക്കൾ
ബോംബ് സ്ഫോടനത്തിൽ പാർട്ടിക്ക് ഒരു പങ്കുമില്ലെന്ന് ആവർത്തിച്ച് സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ
കണ്ണൂർ: പാനൂർ സ്ഫോടനത്തിൽ കൊല്ലപ്പെട്ട ഷെറിന്റെ വീട് സന്ദർശിച്ച് സി.പി.എം നേതാക്കൾ. പാനൂർ ഏരിയ കമ്മിറ്റിയംഗം സുധീർകുമാർ, പൊയിലൂർ ലോക്കൽ കമ്മിറ്റി അംഗം എ.അശോകൻ എന്നിവരാണ് ഷെറിന്റെ വീട്ടിലെത്തിയത്. ബോംബ് നിർമിച്ചവരുമായി പാർട്ടിക്ക് ബന്ധമില്ലെന്നായിരുന്നു സി.പി.എം നിലപാട്. അതേസമയം, പാനൂർ സ്ഫോടനത്തിൽ പാർട്ടിക്ക് ഒരു പങ്കുമില്ലെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ ആവർത്തിച്ചു. പാർട്ടി നേതാക്കൾ സന്ദർശനം നടത്തിയതായി അറിവില്ലെന്നും എം.വി ഗോവിന്ദൻ പറഞ്ഞു.
ബോംബ് സ്ഫോടനത്തിൽ സി.പി.എം അനുഭാവി കൊല്ലപ്പെട്ടതിന് പിന്നാലെ കണ്ണൂർ, കോഴിക്കോട് ജില്ലകളിൽ ബോംബ് സ്ക്വാഡിന്റെ പരിശോധന വ്യാപകമാക്കി. കണ്ണൂരിൽ പാനൂർ, കൊളവല്ലൂർ, കൂത്തുപറമ്പ് എന്നിവിടങ്ങളിലും കോഴിക്കോട് നാദാപുരത്തും ജില്ലാ അതിർത്തിയായ പെരിങ്ങത്തൂർ പുഴയോരത്തും പരിശോധന നടത്തി. ബോംബ് നിർമാണത്തിന് പിന്നിലുള്ളവരെക്കുറിച്ചുകൂടി അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് പ്രക്ഷോഭത്തിന് ഒരുങ്ങുകയാണ് യു.ഡി.എഫ്.
Adjust Story Font
16