Quantcast

പാലക്കാട് ആയുർവേദ കടയുടെ മറവിൽ സമാന്തര ടെലഫോണ്‍ എക്സ്ചേഞ്ച്

പൊലീസ് ഇന്‍റലിജന്‍സിന് ലഭിച്ച വിവരത്തിന്‍റെ അടിസ്ഥാനത്തില്‍ നടത്തിയ പരിശോധനയിൽ മേട്ടുപ്പാളയം സ്ട്രീറ്റിലാണ് സമാന്തര എക്സ്ചേഞ്ച് കണ്ടെത്തിയത്

MediaOne Logo

Web Desk

  • Published:

    15 Sep 2021 2:29 AM GMT

പാലക്കാട് ആയുർവേദ കടയുടെ മറവിൽ സമാന്തര ടെലഫോണ്‍ എക്സ്ചേഞ്ച്
X

പാലക്കാട് നഗരത്തിൽ ആയുർവേദ കടയുടെ മറവിൽ സമാന്തര ടെലഫോണ്‍ എക്സ്ചേഞ്ച് . പൊലീസ് ഇന്‍റലിജന്‍സിന് ലഭിച്ച വിവരത്തിന്‍റെ അടിസ്ഥാനത്തില്‍ നടത്തിയ പരിശോധനയിൽ മേട്ടുപ്പാളയം സ്ട്രീറ്റിലാണ് സമാന്തര എക്സ്ചേഞ്ച് കണ്ടെത്തിയത്. നിരവധി സിമ്മുകളും കേബിളുകളും പിടിച്ചെടുത്തു.

പാലക്കാട് നഗരത്തിലെ തിരക്കേറിയ മേട്ടുപ്പാളയം സ്ട്രീറ്റിലെ എം.എ ടവറിലാണ് സമാന്തര എക്സ്ചേഞ്ച് പ്രവർത്തിച്ചിരുന്നത്. രാത്രിയിലാണ് റെയ്ഡ് നടത്തിയത്. കീര്‍ത്തി ആയുവര്‍വേദിക് എന്ന പേരില്‍ പ്രവര്‍ത്തിക്കുന്ന സ്ഥാപനത്തിലായിരുന്നു എക്സ്ചേഞ്ച് പ്രവർത്തിച്ചിരുന്നത്. നിരവധി സിം കാര്‍ഡുകളും കേബിളുകളും അഡ്രസ് രേഖകളും പരിശോധനയിൽ പിടിച്ചെടുത്തു. ആയുര്‍വേദിക് സ്ഥാപനത്തിലെ ജീവനക്കാരനെ പൊലീസ് ചോദ്യം ചെയ്തു. കോഴിക്കോട് സ്വദേശിയായ മൊയ്തീന്‍ കോയയുടെ ഉടമസ്ഥതയിലുള്ളതാണ് സ്ഥാപനം. ഇയാള്‍ക്ക് സമാന്തര ടെലഫോണ്‍ എക്സ്ചേഞ്ച് കേസുമായി ബന്ധമുണ്ടെന്നാണ് പൊലീസ് നല്‍കുന്ന സൂചന. കീര്‍ത്തി ആയുര്‍വേദിക് എന്ന സ്ഥാപനം ഈ കെട്ടിടത്തിൽ എട്ട് വര്‍ഷമായി പ്രവര്‍ത്തിക്കുന്നുണ്ട്. സംഭവത്തിൽ സമഗ്രമായ അന്വേഷണം നടന്നു വരികയാണെന്ന് ജില്ലാ പൊലീസ് മേധാവി ആർ. വിശ്വനാഥ് വ്യക്തമാക്കി.

കോഴിക്കോട് സമാന്തര എക്സ്ചേഞ്ച് കണ്ടെത്തിയ സംഭവത്തിന്‍റെ ചുവടുപിടിച്ച് നടത്തിയ അന്വേഷണത്തിലാണ് പാലക്കാട്ടും സമാന്തര എക്സ്ചേഞ്ച് കടത്തിയിരിക്കുന്നത്. അതുകൊണ്ടുതന്നെ കോഴിക്കോട്ടെ പ്രതികളുമായി ഇതിന് ബന്ധമുണ്ടോ എന്നും പൊലീസ് പരിശോധിക്കുന്നുണ്ട്. പ്രതികളെ ഉടൻ പിടികൂടുമെന്നാണ് പൊലീസ് നൽകുന്ന സൂചന.



TAGS :

Next Story