Quantcast

തലശേരി ഇരട്ടക്കൊലക്കേസിലെ പ്രതി ഡി.വൈ.എഫ്.ഐയുടെ ലഹരി വിരുദ്ധ പരിപാടിയിൽ

ലഹരി വിൽപന ചോദ്യം ചെയ്തതിന്‍റെ പേരിൽ രണ്ടുപേരെ കൊലപ്പെടുത്തിയ കേസിൽ ബാബുവിനെ ഇന്നാണ് അറസ്റ്റ് ചെയ്തത്

MediaOne Logo

Web Desk

  • Updated:

    2022-11-24 12:50:11.0

Published:

24 Nov 2022 12:41 PM GMT

തലശേരി ഇരട്ടക്കൊലക്കേസിലെ പ്രതി ഡി.വൈ.എഫ്.ഐയുടെ ലഹരി വിരുദ്ധ പരിപാടിയിൽ
X

കണ്ണൂര്‍: തലശേരി ഇരട്ടക്കൊലക്കേസിലെ പ്രതി പാറായി ബാബു ഡി.വൈ.എഫ്.ഐയുടെ ലഹരിവിരുദ്ധ പരിപാടിയിൽ പങ്കെടുത്ത ദൃശ്യങ്ങൾ പുറത്ത്. ഈ മാസം ഡി.വൈ.എഫ്.ഐയുടെ ആഭിമുഖ്യത്തിൽ കൊളശേരിയിൽ നടന്ന മനുഷ്യചങ്ങലയിലാണ് ഇയാൾ പങ്കെടുത്തത്. ലഹരി വിൽപന ചോദ്യം ചെയ്തതിന്‍റെ പേരിൽ രണ്ടുപേരെ കൊലപ്പെടുത്തിയ കേസിൽ ബാബുവിനെ ഇന്നാണ് അറസ്റ്റ് ചെയ്തത്. തലശേരി എ.സി.പിയുടെ നേതൃത്വത്തിലുള്ള സംഘം ഇരിട്ടിയിൽ വെച്ചാണ് ഇയാളെ കസ്റ്റഡിയിൽ എടുത്തത്. ഇയാളെ ഒളിവിൽ കഴിയാൻ സഹായിച്ച മൂന്നു പേരെയും പൊലീസ് കസ്റ്റഡിയിൽ എടുത്തു. ലഹരി വില്‍പ്പന തടഞ്ഞതിലുള്ള വിരോധം മൂലമാണ് രണ്ട് പേരെ കുത്തിക്കൊലപ്പെടുത്തിയത്.

തലശ്ശേരി വീനാസ് കോർണറിൽ ഇന്നലെ വൈകിട്ടാണ് ബന്ധുകളായ ഷമീർ, ഖാലിദ് എന്നിവർ കുത്തേറ്റു മരിച്ചത്. അക്രമം തടയാൻ ശ്രമിച്ച ഷാനിബ് എന്ന ആൾക്ക് ഗുരുതര പരിക്കേറ്റു. നിട്ടൂർ സ്വദേശി പാറായി ബാബുവിന്റെ നേതൃത്വത്തിലുള്ള സംഘമാണ് കൊലക്ക് പിന്നിലെന്ന് ഷാനിബ് പൊലീസിന് മൊഴി നൽകിയിരുന്നു. ഈ മൊഴിയുടെ അടിസ്ഥാനത്തിൽ ബാബുവിന്റെ ഭാര്യാ സഹോദരൻ ജാക്സൺ, ഫർഹാൻ, നവീൻ എന്നിവരെ തലശ്ശേരി പൊലീസ് നേരത്തെ കസ്റ്റഡിയില്‍ എടുത്തിരുന്നു.

കൊല്ലപ്പെട്ട ഷമീറിന്റെ മകൻ ഷാനിബ് പ്രദേശത്തെ ലഹരി വില്പന ചോദ്യംചെയ്തിരുന്നു. പിന്നാലെ ഒരു സംഘം ഇയാളെ മർദിച്ചു. മർദനമേറ്റ ഷാനിബിനെ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും ചെയ്തു. ഇവിടെ എത്തിയ ബാബുവിന്‍റെ നേതൃത്വത്തിലുള്ള സംഘമാണ് ഷമീറിനെയും ഖാലിദിനെയും ആശുപത്രിയിൽ നിന്നും വിളിച്ചിറക്കി കൊലപ്പെടുത്തിയത്.

തലശ്ശേരിയിലെ ലഹരി കൊലപാതകം നാടിനെ നടുക്കുന്നതാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. ലഹരി വില്പനയെ ജനങ്ങൾ ചോദ്യംചെയ്യുന്നതിൽ ലഹരി മാഫിയ അസ്വസ്ഥർ ആണ്. നാടിനോടുള്ള വെല്ലുവിളി ആണിതെന്നും മുഖ്യമന്ത്രി ഫേസ്ബുക്കിൽ പ്രതികരിച്ചു.

TAGS :

Next Story