ഒരു വര്‍ഷമായിട്ടും നീതി കിട്ടിയില്ല; സിബിഐ അന്വേഷണം വേണമെന്ന് അഞ്ജുവിന്‍റെ മാതാപിതാക്കള്‍
ഒരു വർഷം പിന്നിട്ടിട്ടും കോപ്പിയടി തെളിയിക്കാൻ അന്വേഷണ സംഘത്തിന് കഴിഞ്ഞിട്ടില്ലെന്ന് മാതാപിതാക്കള്‍
കോപ്പിയടി ആരോപണത്തെ തുടർന്ന് അഞ്ജു പി ഷാജി എന്ന വിദ്യാർഥിനി കോട്ടയത്ത് ആത്മഹത്യ ചെയ്ത സംഭവത്തില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് മാതാപിതാക്കൾ. ഒരു വർഷം പിന്നിട്ടിട്ടും കോപ്പിയടി തെളിയിക്കാൻ അന്വേഷണ സംഘത്തിന് കഴിഞ്ഞിട്ടില്ല. കേസ് അട്ടിമറിക്കാനാണ് പൊലീസ് ശ്രമിക്കുന്നതെന്ന് അഞ്ജുവിന്റെ കുടുംബം ആരോപിക്കുന്നു.
കഴിഞ്ഞ വർഷം ജൂണ്‍ ആറാം തിയ്യതിയാണ് കാഞ്ഞിരപ്പള്ളിയിലെ ഒരു പ്രൈവറ്റ് കോളജിലെ ബികോം വിദ്യാർഥിനിയായിരുന്ന അഞ്ജു പി ഷാജി ആത്മഹത്യ ചെയ്തത്. പരീക്ഷയ്ക്കിടെ കോപ്പിയടിച്ചുവെന്ന് ആരോപിച്ച് പരീക്ഷാ കേന്ദ്രമായ ചേർപ്പുങ്കല്‍ ബിവിഎം കോളജില്‍ നിന്ന് അഞ്ജുവിനെ പറഞ്ഞ് വിട്ടു. പിന്നാലെ മീനച്ചിലാറ്റില്‍ ചാടി അഞ്ജു ആത്മഹത്യ ചെയ്യുകയായിരുന്നു. എന്നാല്‍ ഒരു വർഷം പിന്നിട്ടിട്ടും കേസിലെ യഥാർഥ വസ്തുത കണ്ടെത്താന്‍ പൊലീസിന് സാധിച്ചില്ല. ഈ സാഹചര്യത്തിലാണ് സിബിഐ അന്വേഷണം വേണമെന്ന് മാതാപിതാക്കള്‍ ആവശ്യപ്പെടുന്നത്.
ഹാള്‍ടിക്കറ്റില്‍ കോപ്പിയടിക്കാനുള്ള ഭാഗം അഞ്ജു എഴുതിക്കൊണ്ട് വന്നുവെന്നാണ് പരീക്ഷ നടത്തിയ ബിവിഎം കോളജിന്റെ വാദം. എന്നാല്‍ അഞ്ജുവിന്റെ കയ്യക്ഷരം തന്നെയാണോ ഇതെന്ന് തെളിയിക്കാന്‍ പൊലീസിന് ഇതുവരെ സാധിച്ചിട്ടില്ല. നേരത്തെ എംജി യൂണിവേഴ്സിറ്റി നടത്തിയ അന്വേഷണത്തില്‍ പരീക്ഷ നടത്തിയ ബിവിഎം കോളേജിന് വീഴ്ച പറ്റിയതായി കണ്ടെത്തിയിരുന്നു. അരമണിക്കൂറോളം വിദ്യാർഥിനിയെ പിടിച്ചിരുത്തിയത് മാനസിക സമ്മർദത്തിന് ഇടയാക്കിയെന്നായിരുന്നു കണ്ടെത്തല്‍.
Adjust Story Font
16