ഗംഗാവാലി പുഴയിൽ ട്രക്കിന്റെ ഭാഗം കണ്ടെത്തി; ദൃശ്യങ്ങൾ പുറത്തുവിട്ട് ഈശ്വർ മാൽപെ
തലകീഴായി മറിഞ്ഞ് ടയർ മുകളിലേക്ക് ഉയർന്ന് ബാക്കി ഭാഗങ്ങൾ മണ്ണിൽപ്പുതഞ്ഞ നിലയിലാണ് ലോറി.
അങ്കോല: ഷിരൂരിൽ മണ്ണിടിച്ചിലിൽ കാണാതായ മലയാളി ഡ്രൈവർ അർജുനും അദ്ദേഹത്തിന്റെ ലോറിക്കും വേണ്ടിയുള്ള തിരച്ചിൽ ഗംഗാവാലി പുഴയിൽ തുടരുന്നു. പുഴയിൽ മുങ്ങൽ വിദഗ്ധൻ ഈശ്വർ മാൽപെ നടത്തിയ തിരച്ചിലിൽ ട്രക്കിന്റെ ഭാഗം കണ്ടെത്തി. പുഴയുടെ അടിയിൽ നിന്നുള്ള ട്രക്കിന്റെ ദൃശ്യങ്ങൾ ഈശ്വർ മാൽപെ പുറത്തുവിട്ടു. രണ്ട് വാഹനങ്ങളുടെ ഭാഗങ്ങളാണ് കണ്ടെത്തിയത്.
മുകൾ ഭാഗവും സ്റ്റിയറിങ് അടക്കമുള്ള ഉള്ളിലെ ഭാഗങ്ങളും നഷ്ടപ്പെട്ട നിലയിൽ ഒരു ലോറിയുടെ ക്യാബിനും രണ്ടാമത്തേതിന്റെ ടയർ ഭാഗം മുകളിൽ ഉയർന്ന നിലയിലും ക്യാബിൻ ഭാഗം മണ്ണിൽപുതഞ്ഞ നിലയിലുമാണ് കണ്ടെത്തിയത്. ഇതിൽ ഏതാണ് അർജുന്റെ ലോറിയെന്ന് വ്യക്തമാവേണ്ടതുണ്ട്. ഇവ രണ്ടും ഉയർത്തിയാൽ മാത്രമേ അക്കാര്യം സ്ഥിരീകരിക്കാനാവൂ. രണ്ട് മണിക്കൂറിനകം ഔദ്യോഗികമായ സ്ഥിരീകരണമുണ്ടാകുമെന്ന് കാർവാർ എംഎൽഎ സതീഷ് കൃഷ്ണ സെയിൽ പറഞ്ഞു.
ഇതുകൂടാതെ, ഒരു ലോറിയിൽ കെട്ടിയിരുന്ന കയറും കണ്ടെത്തി. കണ്ടെത്തിയ ലോറിയുടെ ഭാഗം കയർ കെട്ടി രണ്ടിടങ്ങളിലായി മാൽപെ അടയാളപ്പെടുത്തിയിട്ടുണ്ട്. ലോറിയുടെ മറ്റു ഭാഗങ്ങൾ തിരയുകയാണ് മാൽപെ. വാഹനഭാഗങ്ങൾ തന്റേതാണെന്ന് ഇതുവരെ ഉറപ്പിക്കാനായിട്ടില്ലെന്ന് അർജുന്റെ ലോറിയുടമ മനാഫ് പറഞ്ഞു. മാൽപെയ്ക്ക് സുരക്ഷയൊരുക്കാൻ അധികൃതർ തയാറാവണമെന്നും മനാഫ് പറഞ്ഞു.
അതേസമയം, രാവിലെ ഈ ലോറിയുടെ സമീപത്തുനിന്ന് അർജുൻ ഓടിച്ച വാഹനത്തിലുണ്ടായിരുന്ന തടിയുടെ ഭാഗം മാൽപെ മുങ്ങിയെടുക്കുകയും ഇത് ഉടമയായ മനാഫ് സ്ഥിരീകരിക്കുകയും ചെയ്തിരുന്നു. ഈ സാഹചര്യത്തിൽ ഇതിലൊന്ന് അർജുന്റെ ലോറിയുടെ ഭാഗം തന്നെയാണെന്ന പ്രതീക്ഷയിലാണ് ഇവർ.
വെള്ളത്തിലുള്ള ലോറിയുടെ ഭാഗം ഉയർത്താൻ ക്രെയിൻ ഉൾപ്പെടെ കൂടുതൽ യന്ത്രസാമഗ്രികൾ എത്തിക്കേണ്ടതുണ്ട്. എന്തൊക്കെ എത്തിക്കണം എന്നത് തീരുമാനിക്കാൻ ജില്ലാ ഭരണകൂടം യോഗം ചേരും. അടുത്ത നടപടികൾ യോഗത്തിൽ തീരുമാനിക്കും. ദൗത്യം തുടങ്ങിയാൽ രണ്ട് മണിക്കൂറിനകം ലോറികൾ പുറത്തെത്തിക്കാനാവും എന്നാണ് പ്രതീക്ഷ. വെളുത്ത നിറമുള്ള ലോറിയിലായിരുന്നു അർജുൻ സഞ്ചരിച്ചത്.
തിരച്ചിൽ പുനരാരംഭിച്ച സാഹചര്യത്തിൽ അർജുന്റെ സഹോദരിയടക്കമുള്ള കുടുംബാംഗങ്ങൾ ഇവിടെയെത്തിയിട്ടുണ്ട്. കണ്ടെത്തിയ ഭാഗം അർജുൻ സഞ്ചരിച്ച ലോറിയുടേതാണോയെന്ന് ഇതുവരെ ഉറപ്പായിട്ടില്ല. ഇതുവരെ കാത്തിരുന്നില്ലേ. ഇനിയും കാത്തിരിക്കാൻ തയാറാണ്. എത്രയുംവേഗം അത് ഉയർത്തേണ്ടതുണ്ട്- സഹോദരി പ്രതികരിച്ചു.
ഇതിനിടെ, പുഴയിൽ കണ്ടെത്തിയ രണ്ട് ടയറുകൾ ക്രെയിൻ ഉപയോഗിച്ച് പുറത്തെടുത്തു. എന്നാൽ ഇവ അർജുൻ സഞ്ചരിച്ച തന്റെ ലോറിയുടേത് അല്ലെന്ന് ഉടമയായ മനാഫ് പറഞ്ഞു. ഒരു വാഹനത്തിന്റെ മുൻവശത്തെ രണ്ട് ടയറുകളാണ് ലഭിച്ചത്.
അതേസമയം, തുടക്കത്തിൽ രക്ഷപ്രവർത്തനം വഴി തിരിച്ചുവിട്ടത് കേരളത്തിൽ നിന്ന് എത്തിയ രഞ്ജിത്ത് ഇസ്രായേൽ ആണെന്നും ശരിയായ രീതിയിലായിരുന്ന രക്ഷാപ്രവർത്തനത്തെ മൂന്ന് ദിവസം വൈകിപ്പിച്ചെന്നും ജില്ലാ പൊലീസ് മേധാവി എം. നാരായണ ഐപിഎസ് പറഞ്ഞു. ഇന്നലെ രാവിലെ മുതൽ ഡ്രഡ്ജർ പുഴയിലെ മണ്ണും കല്ലുംമാറ്റുന്ന പ്രവൃത്തി ആരംഭിച്ചിരുന്നു. ഇതിനു പിന്നാലെയാണ് മാൽപെ തിരച്ചിൽ തുടങ്ങിയത്.
Adjust Story Font
16