പങ്കാളിത്ത പെൻഷൻ: 251 കോടിയുടെ കുടിശിക അടച്ചു തീർക്കാൻ കെഎസ്ആർടിസിയോട് ഹൈക്കോടതി
വലിയ സാമ്പത്തിക പ്രതിസന്ധിയിലാണെന്നും, സർക്കാർ സഹായമില്ലാതെ കുടിശിക അടക്കാനാവില്ലെന്നുമാണ് കെഎസ്ആർടിസിയുടെ നിലപാട്
കൊച്ചി: പങ്കാളിത്ത പെൻഷൻ പദ്ധതിയിൽ കെഎസ്ആർടിസി വരുത്തിയ 251 കോടി രൂപയുടെ കുടിശിക 6 മാസത്തിനകം അടച്ചുതീർക്കാൻ ഹൈക്കോടതിയുടെ നിർദേശം. കുടിശ്ശിക തീർക്കണമെന്നാവശ്യപ്പെട്ട് 106 ജീവനക്കാർ സമർപ്പിച്ച ഹർജി തീർപ്പാക്കിക്കൊണ്ടാണ് ജസ്റ്റിസ് സതീഷ് നൈനാന്റെ ഉത്തരവ്.
2014 മുതൽ ആകെ അടക്കേണ്ട 333.36 കോടിയിൽ 81.73 കോടി മാത്രമാണ് കെഎസ്ആർടിസി അടച്ചത്. 251 കോടിയാണ് കുടിശികയുള്ളതെന്ന് ഹൈക്കോടതിയിൽ സമർപ്പിച്ച സത്യവാങ്മൂലത്തിൽ കെഎസ്ആർടിസി വ്യക്തമാക്കിയിരുന്നു. വലിയ സാമ്പത്തിക പ്രതിസന്ധിയിലാണെന്നും, സർക്കാർ സഹായമില്ലാതെ കുടിശിക അടക്കാനാവില്ലെന്നുമാണ് കെഎസ്ആർടിസിയുടെ നിലപാട്.
തേവരയിലുൾപ്പടെ കെഎസ്ആർടിസിയുമായി ബന്ധപ്പെട്ട് കിടക്കുന്ന ഭൂമി വിറ്റ് തുക അടക്കാമെന്ന നീക്കമുണ്ടെന്നും ഇതുമായി ബന്ധപ്പെട്ട കാര്യങ്ങൾ നടക്കുകയാണെന്നും കെഎസ്ആർടിസിയുടെ സ്റ്റാൻഡിംഗ് കൗൺസിലർ ഹൈക്കോടതിയെ അറിയിച്ചു.
തുക അടച്ചില്ലെങ്കിൽ തുടർ നടപടികളിലേക്ക് കടക്കുമെന്നാണ് ഹൈക്കോടതിയുടെ മുന്നറിയിപ്പ്. ദേശീയ പെൻഷൻ പദ്ധതിയിലേക്ക് അടക്കേണ്ട തുക വകമാറ്റിയത് അംഗീകരിക്കാനാവില്ലെന്നും കോടതി വ്യക്തമാക്കി
Adjust Story Font
16