Quantcast

സിപിഎമ്മിന് തലവേദനയായി അർജുന്‍ ആയങ്കി സംഘവുമായുള്ള പാര്‍ട്ടി അംഗങ്ങളുടെ ബന്ധം

സജേഷില്‍ ഒതുങ്ങി നില്‍ക്കുന്നതല്ല അർജുന്‍ ആയങ്കി - ആകാശ് തില്ലങ്കേരി സംഘവുമായി പ്രവർത്തകർക്കുള്ള ബന്ധമെന്ന് പാർട്ടിക്ക് ബോധ്യമുണ്ട്.

MediaOne Logo

Web Desk

  • Updated:

    2021-06-27 01:36:41.0

Published:

27 Jun 2021 1:09 AM GMT

സിപിഎമ്മിന് തലവേദനയായി അർജുന്‍ ആയങ്കി സംഘവുമായുള്ള പാര്‍ട്ടി അംഗങ്ങളുടെ ബന്ധം
X

രാമനാട്ടുകര സ്വർണ കവർച്ചാ ആസൂത്രണക്കേസില്‍ സിപിഎം പ്രതിരോധത്തില്‍. കേസിലെ പ്രധാന ആസൂത്രകനെന്ന് കസ്റ്റംസ് കരുതുന്ന അർജുന്‍ ആയങ്കിയുടെ സംഘവുമായി പാർട്ടി അംഗങ്ങളുടെ ബന്ധമാണ് പാർട്ടിക്ക് തലവേദനയാകുന്നത്. കൊടകര കുഴല്‍പ്പണക്കേസില്‍ ബിജെപിക്കെതിരായ പോർമുഖം തുറന്നിരിക്കെ വന്ന കേസ് സിപിഎമ്മിന് രാഷ്ട്രീയ തിരിച്ചടിയായേക്കുമെന്നും വിലയിരുത്തലുണ്ട്.

അർജുന്‍ ആയങ്കി സ്വർണം കടത്താന്‍ ലക്ഷ്യമിട്ട് കരിപ്പൂരിലേക്ക് പോയത് ഡിവൈഎഫ്ഐ ചെമ്പിലോട് മേഖലാ സെക്രട്ടറി സി സജേഷിന്‍റെ വാഹനത്തിലായിരുന്നു. സജേഷിനെ ഡിവൈഎഫ്ഐ പുറത്താക്കിയെങ്കിലും സിപിഎം അംഗമായി തുടരുകയാണ്. പാർട്ടി നേരത്തെ തന്നെ തള്ളിപ്പറഞ്ഞ ക്വട്ടേഷന്‍ സംഘവുമായി ഇത്രയും അടുത്ത ബന്ധം മേഖലാ സെക്രട്ടറിയും പാർട്ടി അംഗവുമായ ഒരാള്‍ തുടർന്നത് സിപിഎമ്മിന് വിശദീകരിക്കുക ശ്രമകരമാണ്. മൊയ്യാരം ബ്രാഞ്ചംഗവും കൊയ്യോട് സർവീസ് സഹകരണ ബാങ്ക് ജീവനക്കാരനുമായ സജേഷിനെതിരെ പാർട്ടി നടപടി വൈകാതെ ഉണ്ടായേക്കും.

അർജുന്‍ ആയങ്കിക്ക് കേസില്‍ പങ്കാളത്തിമുണ്ടെന്ന വിവരം ലഭിച്ചയുടന്‍ തന്നെ സംഘത്തെ തള്ളിപ്പറയാനും നടപടിയെടുക്കാനും സംസ്ഥാന നേതൃത്വം നിർദേശം നല്‍കിയിരുന്നു. ഒരു സജേഷില്‍ ഒതുങ്ങി നില്‍ക്കുന്നതല്ല അർജുന്‍ ആയങ്കി - ആകാശ് തില്ലങ്കേരി സംഘവുമായി പ്രവർത്തകർക്കുള്ള ബന്ധമെന്ന് പാർട്ടിക്ക് ബോധ്യമുണ്ട്. പല രാഷ്ട്രീയ സംഘർഷങ്ങളിലെയും ഈ സംഘങ്ങളുടെ പങ്കാളിത്തവും പാർട്ടിക്ക് തലവേദനയായി വരും. അതിനാല്‍ സംഘവുമായി ബന്ധമില്ലെന്ന വാദം കൊണ്ടുമാത്രം സിപിഎമ്മിനും ഡിവൈഎഫ്ഐക്കും തലവേദനയൊഴിയില്ലെന്നാണ് രാഷ്ട്രീയ നിരീക്ഷകർ കരുതുന്നത്. കൊടകര കുഴല്‍പ്പണ കേസ് മുന്‍നിർത്തി ബിജെപിക്കെതിരെ ശക്തമായ പ്രചരണം സിപിഎം നടത്തുന്നതിനിടെയാണ് സ്വർണ കവർച്ചാ ആസൂത്രണക്കേസ് വരുന്നത്. ഇതോടെ കോണ്‍ഗ്രസും ബിജെപിയും ആക്രമണമുന സിപിഎമ്മിലേക്ക് തിരിച്ചിട്ടുണ്ട്. ക്വട്ടേഷന്‍ സംഘങ്ങളുമായി ബന്ധമുള്ളവർക്കെതിരെ നടപടിയെടുത്തും രാഷ്ട്രീയ പ്രചാരണം നടത്തിയും ഈ സാഹചര്യത്തെ മറികടക്കാനാണ് സിപിഎം തീരുമാനം.

ചിലര്‍ സ്വയം ഡിവൈഎഫ്ഐയുടെ മുഖാവരണം എടുത്തണിയുന്നു: എ എ റഹീം

രാമനാട്ടുകര സ്വര്‍ണ കവര്‍ച്ച കേസിലെ ക്വട്ടേഷൻ സംഘവുമായി ഡിവൈഎഫ്ഐക്ക് ബന്ധമില്ലെന്ന് സംസ്ഥാന സെക്രട്ടറി എ എ റഹീം പറഞ്ഞു. ആരോപണങ്ങള്‍ രാഷ്ട്രീയപ്രേരിതമാണ്. സോഷ്യൽ മീഡിയ വഴി തെറ്റായ പ്രചരണം നടക്കുന്നു. ചിലർ ഡിവൈഎഫ്ഐയുടെ മുഖാവരണം എടുത്തണിയുന്നുവെന്നും റഹീം മീഡിയവണിനോട് പറഞ്ഞു.

തെറ്റായ പ്രവണതകള്‍ കണ്ണൂരിലെ ചില കേന്ദ്രങ്ങള്‍ കേന്ദ്രീകരിച്ച് നേരത്തെ തന്നെ ഡിവൈഎഫ്ഐയുടെ ശ്രദ്ധയില്‍പ്പെട്ടിരുന്നു. 2021 ഫെബ്രുവരി മാസം അഞ്ചിന് കണ്ണൂര്‍ ജില്ലാ കമ്മിറ്റി ഇത് സംബന്ധിച്ച് പ്രസ്താവന പുറത്തിറക്കിയിരുന്നുവെന്നും റഹീം പറഞ്ഞു. പ്രസ്താവനയിലെ പ്രസക്ത ഭാഗങ്ങള്‍ ഇങ്ങനെയായിരുന്നു- "നാടിന്‍റെ മുന്നേറ്റത്തില്‍ ചാലക ശക്തിയാവേണ്ട യുവാക്കളില്‍ ചിലര്‍ ലഹരി മാഫിയാ, ക്വട്ടേഷന്‍, സ്വര്‍ണക്കടത്ത് സംഘത്തിന്‍റെ ഭാഗമായി പ്രവര്‍ത്തിക്കുന്നത് ആശങ്കാജനകമാണ്. ഇത്തരം സാമൂഹ്യ വിരുദ്ധ സംഘങ്ങള്‍ക്കതിരെ ജാഗ്രത പുലര്‍ത്തണം. ഈ നിലയില്‍ ക്വട്ടേഷന്‍ സംഘങ്ങളില്‍ ഉള്‍പ്പെട്ട ചിലര്‍ നവമാധ്യമങ്ങളിലൂടെ പുരോഗമന പ്രസ്ഥാനങ്ങളുമായി ബന്ധമുള്ളവരാണെന്ന് തോന്നിപ്പിക്കാന്‍ ശ്രമിക്കുന്നുണ്ട്. അത്തരക്കാരെ തിരിച്ചറിയുകയും അത്തരം പ്രവണതകള്‍ മുളയിലേ നുള്ളുകയും ചെയ്യുകയെന്നത് ഏറ്റവും പ്രധാനമാണ്. അത്തരക്കാരെ എല്ലാ പ്രസ്ഥാനങ്ങളും അകറ്റിനിര്‍ത്തണം".

ചിലരെല്ലാം സ്വയം ഡിവൈഎഫ്ഐയുടെ മുഖാവരണം എടുത്തണിയുകയാണെന്നും റഹീം വിശദീകരിച്ചു. ഡിവൈഎഫ്ഐ കമ്മിറ്റിയുടെ ഒരു ഘടകത്തിലും ആരോപണവിധേയര്‍ അംഗങ്ങളല്ല. സമൂഹ മാധ്യമങ്ങളിലെ ഇവരുടെ റീച്ച് കണ്ടാല്‍ ഇവര്‍ ഡിവൈഎഫ്ഐയുടെ സമുന്നരായ നേതാക്കളാണെന്ന് തോന്നും. അങ്ങനെ തോന്നിപ്പിക്കാന്‍ കഴിയും വിധമാണ് അവരുടെ ക്യാമ്പെയിന്‍. അവര്‍ വലിയ നേതാക്കളാണെന്ന് കരുതി ശുദ്ധാത്മക്കളായ ഡിവൈഎഫ്ഐ സഖാക്കളില്‍ പലരും അവരുമായി ബന്ധം വെയ്ക്കുന്നു. ഈ സാഹചര്യത്തിലാണ് ഡിവൈഎഫ്ഐ ക്യാമ്പെയിന്‍ നടത്തിയത്. ഇത്തരം പ്രവണതകള്‍ക്കെതിരെ നേരത്തെ ശബ്ദിച്ചപ്പോള്‍ മാധ്യമങ്ങള്‍ വാര്‍ത്തയാക്കിയില്ലെന്നും റഹീം വിമര്‍ശിച്ചു


TAGS :

Next Story