പത്തനാപുരം കെ.എസ്.ആർ.ടി.സി ഡിപ്പോ അടച്ച് പൂട്ടൽ ഭീഷണിയിൽ; ജീവനക്കാരെ കൂട്ടത്തോടെ സ്ഥലം മാറ്റി
മന്ത്രി ആന്റണി രാജുവും ഗണേഷ് കുമാർ എംഎൽഎയും തമ്മിലുള്ള അഭിപ്രായ ഭിന്നതയാണ് ഡിപ്പോയുടെ തകർച്ചക്ക് കാരണമെന്ന ആരോപണവും ശക്തമാണ്
കൊല്ലം: മുൻ ഗതാഗത വകുപ്പ് മന്ത്രി കെ ബി ഗണേഷ് കുമാർ എംഎൽഎയുടെ മണ്ഡലമായ കൊല്ലം പത്തനാപുരത്തെ കെഎസ്ആർടിസി ഡിപ്പോ അടച്ച് പൂട്ടൽ ഭീഷണിയിൽ. ഒട്ടുമിക്ക സർവീസുകളും റദ്ദാക്കി. ജീവനക്കാരെ കൂട്ടത്തോടെ സ്ഥലം മാറ്റി.
ഒന്നാം പിണറായി സര്‍ക്കാരിന്‍റെ കാലത്ത് പത്തനാപുരം കെഎസ്ആർടിസി ഡിപ്പോയിൽ നിന്നും ദീർഘദൂര സർവീസുകൾ ഉൾപ്പെടെ നിരവധി പുതിയ സർവീസുകൾ ആരംഭിച്ചിരുന്നു. സര്‍ക്കാര്‍ വീണ്ടും അധികാരത്തിലെത്തി പുതിയ മന്ത്രി എത്തിയതോടെ കാര്യങ്ങൾ ആകെ മാറി. ഡിപ്പോയിൽ നിന്നും ഉണ്ടായിരുന്ന ദീർഘദൂര സർവീസുകൾ നിർത്തലാക്കി. സാധാരണക്കാരുടെ ആശ്രയമായ മലയോര മേഖലകളിലേക്കുളള സർവീസുകൾ വെട്ടിക്കുറച്ചു. 45 ബസുകള്‍ ഉണ്ടായിരുന്ന ഡിപ്പോയിൽ നിന്ന് നിലവിൽ 20 താഴെ സർവീസുകൾ മാത്രമാണ് ഉള്ളത്.
ജീവനക്കാരെ സ്ഥലം മാറ്റിയതോടെ വര്‍ക്ക് ഷോപ്പിന്‍റെ പ്രവര്‍ത്തനവും നിലച്ചു. ബസ് കേടായി വഴിയിലായാല്‍ കൊല്ലത്ത് നിന്നോ കൊട്ടാരക്കരയില്‍ നിന്നോ നന്നാക്കാൻ ആളുവരേണ്ട അവസ്ഥയാണ്. വിഷയത്തിൽ പ്രതികരിക്കാൻ പത്തനാപുരം ഡിറ്റിഒ തയ്യാറായില്ല. വകുപ്പ് മന്ത്രി ആന്റണി രാജുവും ഗണേഷ് കുമാർ എംഎൽഎയും തമ്മിലുള്ള അഭിപ്രായ ഭിന്നതയാണ് ഡിപ്പോയുടെ തകർച്ചക്ക് കാരണമെന്ന ആരോപണവും ശക്തമാണ്.
Adjust Story Font
16