മോര്‍ ഒസ്താത്തിയോസ് പത്രോസ് മെത്രാപ്പോലീത്ത കാലം ചെയ്തു
പുണ്യശ്ലോകനായ മാര്‍ തെയോഫിലോസ് തോമസ് മെത്രാപ്പോലീത്തയുടെ സെക്രട്ടറിയായി സേവനം അനുഷ്ഠിച്ചു
കോയമ്പത്തൂർ ● മലങ്കര യാക്കോബായ സുറിയാനി സഭയുടെ ഡൽഹി, ബാംഗ്ലൂർ മുൻ ഭദ്രാസനാധിപൻ അഭിവന്ദ്യ പിതാവായ മോര്‍ ഒസ്താത്തിയോസ് പത്രോസ് മെത്രാപ്പോലീത്ത (59) കാലം ചെയ്തു. കോയമ്പത്തൂർ കുപ്പുസ്വാമി ഹോസ്പിറ്റലിൽ വെച്ചായിരുന്നു അന്ത്യം. അസുഖ ബാധിതനായി ദീർഘകാലം ചികിത്സയിലായിരുന്നു. കബറടക്ക ശുശ്രൂഷകൾ പിന്നീട്.
തൃശ്ശൂർ ഭദ്രാസനത്തിലെ പെങ്ങാമുക്ക് സെന്റ് പീറ്റേഴ്സ് & സെന്റ് പോൾസ് യാക്കോബായ സുറിയാനി പഴയപള്ളി ഇടവകാംഗമാണ്. 1963 നവംബർ 12 ന് കുന്നംകുളം പുലിക്കോട്ടിൽ കുടുംബത്തിൽ പരേതനായ പി.സി ചാക്കോയുടെയും സലോമി ചാക്കോയുടെയും മകനായി ജനിച്ചു. സ്കൂൾ വിദ്യാഭ്യാസവും കോളേജ് വിദ്യാഭ്യാസവും കോയമ്പത്തൂരിലായിരുന്നു. മദ്രാസ് സർവകലാശാലയിൽ നിന്ന് ബി.എ ഇംഗ്ലീഷ് (ലിറ്റർജിക്കൽ), വെട്ടിക്കൽ എം.എസ്.ഒ.റ്റി സെമിനാരിയിൽ നിന്ന് ബാച്ചിലർ ഓഫ് തിയോളജിയും കൊൽക്കത്ത ബിഷപ്സ് കോളേജിൽ നിന്ന് (സെറാംപൂർ യൂണിവേഴ്സിറ്റി) ബി.ഡി യും ബാംഗ്ലൂർ ധർമ്മരം വിദ്യാക്ഷേത്രത്തിൽ നിന്ന് മാസ്റ്റർ ഓഫ് തിയോളജിയും കരസ്ഥമാക്കി. കോയമ്പത്തൂർ സെൻ്റ് മേരീസ് യാക്കോബായ സുറിയാനി പള്ളിയിൽ അംഗത്വം സ്വീകരിച്ചു.
വെട്ടിക്കൽ വൈദിക സെമിനാരി റെസിഡൻ്റ് മെത്രാപ്പോലീത്ത പുണ്യശ്ലോകനായ മോര്‍ തെയോഫിലോസ് തോമസ് മെത്രാപ്പോലീത്തയുടെ സെക്രട്ടറിയായി സേവനം അനുഷ്ഠിച്ചു. പുണ്യശ്ലോകനായ മോര്‍ തെയോഫിലോസ് തോമസ് മെത്രാപ്പോലീത്തയിൽ നിന്ന് 1993 ഡിസംബർ 19 ന് കോറൂയോ സ്ഥാനവും 1995 ആഗസ്റ്റ് 6 ന് കശ്ശീശാ സ്ഥാനവും സ്വീകരിച്ചു. 2006 ജൂലൈ 3 ന് വടക്കൻ പറവൂർ സെൻ്റ് തോമസ് യാക്കോബായ സുറിയാനി പള്ളിയിൽ വച്ച് ശ്രേഷ്ഠ കാതോലിക്ക ആബൂൻ മോര്‍ ബസ്സേലിയോസ് തോമസ് പ്രഥമൻ ബാവ മോര്‍ ഒസ്താത്തിയോസ് പത്രോസ് എന്ന നാമത്തിൽ മെത്രാപ്പോലീത്ത സ്ഥാനത്തേക്ക് ഉയർത്തി.
Adjust Story Font
16