പി. അബ്ദുൽ ഹമീദിന്റെ വാദം തെറ്റ്; പട്ടിക്കാട് ബാങ്ക് കേരള ബാങ്കിനെതിരെ നിയമപോരാട്ടത്തിലില്ല
കേസിൽ നിയമപോരാട്ടം നടത്തുമെന്ന് ഹമീദ് മാസ്റ്റർ പറയുമ്പോഴും യു.ഡി.എഫ് നടത്തുന്ന കേസിൽ പോലും കക്ഷി ചേരാൻ ഹമീദ് മാസ്റ്റർ പ്രസിഡന്റായ ബാങ്ക് തയ്യാറായിട്ടില്ല.
മലപ്പുറം: മലപ്പുറം ജില്ലാ സഹകരണ ബാങ്ക് കേരള ബാങ്കിൽ ലയിക്കുന്നതിനെതിരെ നിയമപോരാട്ടം നടത്തിയെന്ന പി. അബ്ദുൽ ഹമീദ് മാസ്റ്ററുടെ വാദം തെറ്റ്. ഹമീദ് മാസ്റ്റർ പ്രസിഡന്റായ പട്ടിക്കാട് സഹകരണ ബാങ്ക് യു.ഡി.എഫ് സഹകാരികൾ നടത്തുന്ന നിയമപോരാട്ടത്തിൽ സഹകരിക്കുന്നില്ല.
മലപ്പുറം ജില്ലയിൽ യു.ഡി.എഫ് ഭരിക്കുന്ന 95 ബാങ്കുകളിൽ 93 ബാങ്കുകളും കേസിൽ കക്ഷി ചേർന്നിട്ടുണ്ട്. അബ്ദുൽ ഹമീദ് മാസ്റ്റർ പ്രസിഡന്റായ പട്ടിക്കാട് ബാങ്കും മൂർക്കനാട് ബാങ്കും മാത്രമാണ് കേസിൽ കക്ഷി ചേരാത്തത്. കേസിൽ നിയമപോരാട്ടം നടത്തുമെന്ന് ഹമീദ് മാസ്റ്റർ പറയുമ്പോഴും യു.ഡി.എഫ് നടത്തുന്ന കേസിൽ പോലും കക്ഷി ചേരാൻ ഹമീദ് മാസ്റ്റർ പ്രസിഡന്റായ ബാങ്ക് തയ്യാറായിട്ടില്ല.
കേരള ബാങ്കിന്റെ രൂപീകരണ കാലം മുതൽ അതുമായി സഹകരിക്കണമെന്ന നിലപാടാണ് ഹമീദ് മാസ്റ്റർക്കുള്ളത്. അതിനിടെ ഹമീദ് മാസ്റ്റർ പാർട്ടി പദവികൾ രാജിവെക്കണമെന്ന ആവശ്യം പാർട്ടിയിൽ ഉയരുന്നുണ്ട്. കഴിഞ്ഞ ദിവസം ചേർന്ന ലീഗ്-യൂത്ത് ലീഗ് നേതാക്കളുടെ നേതാക്കളുടെ സംയുക്ത യോഗത്തിലാണ് ഹമീദ് മാസ്റ്ററുടെ രാജി ആവശ്യമുയർന്നത്. സാദിഖലി തങ്ങളുടെ അനുമതിയോടെയാണ് ഹമീദ് മാസ്റ്റർ കേരള ബാങ്ക് ഡയറക്ടർ സ്ഥാനം ഏറ്റെടുത്തത് എന്നു പറഞ്ഞാണ് പി.കെ കുഞ്ഞാലിക്കുട്ടി രംഗം തണുപ്പിച്ചത്.
Adjust Story Font
16