പയ്യന്നൂർ ഫണ്ട് വിവാദം; സാമ്പത്തിക ക്രമക്കേട് നടന്നിട്ടില്ലെന്ന് സി.പി.എം കണ്ണൂർ ജില്ലാ നേതൃത്വം
ടി.ഐ മധുസൂദനൻ എം.എൽ എക്കെതിരായ നടപടി ഒദ്യോഗികമായി സ്ഥിരീകരിച്ചു. ഏരിയ സെക്രട്ടറി വി കുഞ്ഞികൃഷ്ണനെതിരെ നടപടിയെടുത്തിട്ടില്ലെന്നാണ് ജില്ലാ നേതൃത്വത്തിൻറെ വിശദീകരണം
കണ്ണൂര്‍: പയ്യന്നൂർ ഫണ്ട് വിവാദത്തിൽ സാമ്പത്തിക ക്രമക്കേട് നടന്നിട്ടില്ലെന്ന് സി.പി.എം കണ്ണൂര്‍ ജില്ലാ നേതൃത്വം. പാര്‍ട്ടിയുടെ പണം നഷ്ടപ്പെട്ടിട്ടില്ല, കണക്കുകൾ ഓഡിറ്റ് ചെയ്ത് അവതരിപ്പിക്കുന്നതിൽ ചുമതലക്കാര്‍ക്ക് വീഴ്ച സംഭവിച്ചുവെന്നുമാണ് സി.പി.എം കണ്ണൂര്‍ ജില്ലാ സെക്രട്ടേറിയറ്റിന്‍റെ വിശദീകരണം.
അതേസമയം, ടി.ഐ മധുസൂദനൻ എം.എൽ എക്കെതിരായ നടപടി സി.പി.എം ജില്ലാ നേതൃത്വം ഒദ്യോഗികമായി സ്ഥിരീകരിച്ചു. അദ്ദേഹത്തെ ജില്ലാ കമ്മിറ്റിയിലേക്ക് തരംതാഴ്ത്തുകയായിരുന്നു. എന്നാല്‍, ഏരിയ സെക്രട്ടറി വി കുഞ്ഞികൃഷ്ണനെതിരെ നടപടിയെടുത്തിട്ടില്ലെന്നാണ് ജില്ലാ നേതൃത്വത്തിന്‍റെ വിശദീകരണം. ഐക്യമില്ലായ്മ പരിഹരിക്കാന്‍ ചുമതല മാറ്റി നല്‍കിയതാണെന്നും സി.പി.എം ജില്ലാ സെക്രട്ടേറിയറ്റ് വ്യക്തമാക്കി. താന്‍ പൊതുപ്രവർത്തനം അവസാനിപ്പിക്കുന്നതായി വി.കുഞ്ഞികൃഷ്ണൻ പാർട്ടിയെ അറിയിച്ചിരുന്നു.
2021 ലെ നിയമസഭാ തെരഞ്ഞെടുപ്പ് ഫണ്ട്, പയ്യന്നൂർ ഏരിയ കമ്മറ്റി ഓഫീസ് കെട്ടിട നിർമാണ ഫണ്ട്, ധനരാജ് രക്തസാക്ഷി സഹായ ഫണ്ട് എന്നിവയിൽ തിരിമറി നടത്തിയെന്നാണ് നേതാക്കൾക്കെതിരെ ഉയർന്നിരുന്ന ആരോപണം. കെട്ടിട നിർമാണ ഫണ്ടിനു വേണ്ടിയുള്ള ചിട്ടിയിൽ 80 ലക്ഷം രൂപയുടെ തിരിമറി നടത്തിയെന്ന പരാതിയിൽ ഏരിയ കമ്മറ്റി വച്ച മൂന്നംഗ ഉപസമിതിയാണ് റിപ്പോർട്ട് നൽകിയത്. തെരഞ്ഞെടുപ്പ് ഫണ്ടിൽ കൃത്രിമ രസീതുണ്ടാക്കി പണം തട്ടിയെന്ന ആരോപണം സി.പി.എം സംസ്ഥാന സമിതി അംഗം ടി.വി രാജേഷ്, പി.വി ഗോപിനാഥ് എന്നിവരാണ് അന്വേഷിച്ചത്.
Adjust Story Font
16