Quantcast

പി.സി ജോർജ് ഒളിവിൽ; മുൻകൂർ ജാമ്യത്തിനായി ഹൈക്കോടതിയെ സമീപിക്കാൻ സാധ്യത

മൊബൈൽ ഫോണും ബന്ധുവീടുകളും കേന്ദ്രീകരിച്ച് അന്വേഷണം

MediaOne Logo

Web Desk

  • Updated:

    2022-05-22 01:07:47.0

Published:

22 May 2022 12:38 AM GMT

പി.സി ജോർജ് ഒളിവിൽ; മുൻകൂർ ജാമ്യത്തിനായി ഹൈക്കോടതിയെ സമീപിക്കാൻ സാധ്യത
X

കോട്ടയം: വെണ്ണല വിദ്വേഷ പ്രസംഗ കേസിൽ മുൻകൂർ ജാമ്യാപേക്ഷ തള്ളിയതിനു പിന്നാലെ പി.സി ജോർജ് ഒളിവിൽ. പി.സിക്കായി ഈരാറ്റുപേട്ടയിലെ വീട്ടിലും ബന്ധു വീടുകളിലും പൊലീസ് തിരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താനായില്ല. മുൻകൂർ ജാമ്യത്തിനായി പി.സി ജോർജ് ഉടൻ ഹൈക്കോടതിയെ സമീപിക്കുമെന്നാണ് സൂചന.

എറണാകുളം ജില്ലാ സെക്ഷൻസ് കോടതി ജോർജിന്റെ മുൻകൂർ ജാമ്യാപേക്ഷ തള്ളിയതിന് പിന്നാലെയാണ് പൊലീസ് ഈരാറ്റുപേട്ടയിലെത്തിയത്. മട്ടാഞ്ചേരി എസിപി വി.ജി രവീന്ദ്രന്റെ നേതൃത്വതിൽ ഇന്നലെ വൈകിട്ട് നാല് മണിയോടെ പൂഞ്ഞാറിലെത്തിയെങ്കിലും വീട് അടച്ചുപൂട്ടിയ നിലയിലായിരുന്നു. മകൻ ഷോൺ ജോർജ് അടക്കമുള്ള ജേർജിന്റെ ബന്ധുക്കളെ വിളിച്ച് വരുത്തി പൊലീസ് അന്വേഷിച്ചെങ്കിലും കാര്യമായ വിവരങ്ങൾ ലഭിച്ചില്ല. പിന്നീടാണ് ജോർജിന്റെ വീട്ടിലും ബന്ധു വീടുകളിലുമായി നാല് മണിക്കൂർ സമയം തിരച്ചിൽ നടത്തിയത്.

പൊലീസ് നടത്തിയ പരിശോധനയിൽ സിസിടിവി ദൃശ്യങ്ങളിൽ നിന്നും ഇന്നലെ ഉച്ചയ്ക്ക് ഒന്നരയോടെ പി.സി ജോർജ് സ്വന്തം വാഹനം ഒഴിവാക്കി മറ്റൊരു കാറിൽ കടന്നുകളഞ്ഞതായി വ്യക്തമായി. പി.സി ഉപയോഗിച്ച മാരുതി എക്‌സ്‌ക്രോസ് കാറിന്റെ ഉടമയോടും വിവരങ്ങൾ തേടിയിട്ടുണ്ട് . ജോർജിന്റെ മൊബൈൽ ഫോണും ബന്ധു വീടുകളും കേന്ദ്രീകരിച്ച് അന്വേഷണം തുടരുമെന്നാണ് പൊലീസ് അറിയിച്ചിട്ടുള്ളത്.

എന്നാൽ ഒളിവിൽ കഴിഞ്ഞ് കൊണ്ട് തന്നെ പി.സി ജോർജ് ഹൈക്കോടതിയിൽ മുൻകൂർ ജാമ്യത്തിനായി ശ്രമിക്കുമെന്നാണ് സൂചന. തിരുവനന്തപുരം കിഴക്കേക്കോട്ടയിലെ വിദ്വേഷ പ്രസംഗത്തിന് പുറമെ എറണാകുളം വെണ്ണലയിലും സമാന പരാമർശനങ്ങൾ ആവർത്തിച്ചതോടെ ഈ മാസം 10 നാണ് പാലാരിവട്ടം പൊലീസ് ജോർജിനെതിരെ കേസ് എടുത്തത്.

TAGS :

Next Story