പി.സി ജോർജിന്റെ ജാമ്യാപേക്ഷ പരിഗണിക്കുന്നത് നാളത്തേക്ക് മാറ്റി
തീവ്രവാദിയെപ്പോലെയാണ് തന്നോട് പൊലീസ് പെരുമാറുന്നതെന്ന് പി.സി ജോർജ് കോടതിയിൽ
കൊച്ചി: പി.സി ജോർജിന്റെ ജാമ്യാപേക്ഷ പരിഗണിക്കുന്നത് നാളത്തേക്ക് മാറ്റി. നാളെ ഉച്ചയ്ക്ക് 1.45നാണ് ജാമ്യഹരജി ഹൈക്കോടതി പരിഗണിക്കുക.
ജസ്റ്റിസ് പി. ഗോപിനാഥിന്റെ ബെഞ്ചാണ് പി.സി ജോർജിന്റെ ജാമ്യാപേക്ഷ പരിഗണിച്ചത്. ഇക്കാര്യത്തിൽ സർക്കാരിന്റെ ഭാഗം കൂടി കേൾക്കണമെന്ന് ജഡ്ജി വ്യക്തമാക്കി. പി.സി ജോർജിനെ എന്തിനാണ് കസ്റ്റഡിയിൽ വയ്ക്കുന്നതെന്ന കാര്യത്തിൽ പ്രോസിക്യൂഷൻ നിലപാട് വ്യക്തമാക്കണം. കാമറക്കു മുന്നിൽ ചെയ്ത കുറ്റമാണ്. ചെയ്ത കുറ്റത്തിൻ്‌റെ ദൃശ്യങ്ങളുള്ളതാണ്. ഈ സാഹചര്യത്തിൽ എന്തിനാണ് ഇനിയും കസ്റ്റഡിയിൽ വയ്ക്കുന്നതെന്ന കാര്യത്തിൽ പ്രോസിക്യൂഷന്റെ വിശദീകരണം ലഭിക്കേണ്ടതുണ്ടെന്നും കോടതി പറഞ്ഞു.
എന്നാൽ, ജാമ്യഹരജി മാറ്റുന്നതിനെ പി.സി ജോർജിനു വേണ്ടി ഹാജരായ അഭിഭാഷകൻ എതിർത്തു. പ്രായാധിക്യമുള്ളയാളാണ്. ഒരു തീവ്രവാദിയെപ്പോലെയാണ് പൊലീസ് തന്നോട് പെരുമാറുന്നത്. താൻ ജാമ്യവ്യവസ്ഥ ലംഘിച്ചിട്ടില്ലെന്നും പി.സി ജോർജ് വ്യക്തമാക്കി.
അനന്തപുരി ഹിന്ദു മഹാസമ്മേളനം, വെണ്ണല എന്നിവിടങ്ങളിൽ നടത്തിയ വിദ്വേഷ പ്രസംഗക്കേസുകളിലാണ് ഇന്നലെ പി.സി ജോർജിനെ പൊലീസ് അറസ്റ്റ് ചെയ്തത്. അനന്തപുരി വിദ്വേഷ പ്രസംഗത്തിൽ ജോർജിനെ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തിട്ടുണ്ട്. തിരുവനന്തപുരം ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയാണ് റിമാൻഡ് ചെയ്തത്.
പി.സി ജോർജിന്റേത് രാവിലെ ആദ്യ കേസായി പരിഗണിക്കണമെന്നായിരുന്നു അഭിഭാഷകൻ കോടതിയിൽ ആവശ്യപ്പെട്ടത്. എന്നാൽ, ജോർജിന് പ്രത്യേക പരിഗണന നൽകാനാകില്ലെന്ന് ജസ്റ്റിസ് പി. ഗോപിനാഥ് വ്യക്തമാക്കി. പൂജപ്പുര സെൻട്രൽ ജയിലിലേക്കാണ് പി.സി ജോർജിനെ മാറ്റിയത്. തിരുവനന്തപുരം ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയുടേതാണ് നടപടി.
ഇന്നലെ അർധരാത്രിയാണ് പി.സി ജോർജിനെ കൊച്ചിയിൽനിന്ന് തിരുവനന്തപുരം എ.ആർ ക്യാംപിൽ എത്തിച്ചത്. ഫോർട്ട് പൊലീസ് പി.സി ജോർജുമായി തിരുവനന്തപുരത്തേക്ക് തിരിക്കുന്നതിനിടെ അദ്ദേഹത്തിന് രക്തസമ്മർദമുണ്ടായി. നേരത്തെ വെണ്ണല വിദ്വേഷ പ്രസംഗക്കേസിൽ ജോർജിന്റെ അറസ്റ്റ് രേഖപ്പെടുത്തിയിരുന്നെങ്കിലും മുൻകൂർ ജാമ്യം നിലനിൽക്കുന്നതിനാൽ സാങ്കേതികമായി അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം പി.സി ജോർജിനെ ഉപാധികളോടെ വിട്ടയച്ചിരുന്നു. തിരുവനന്തപുരം വിദ്വേഷപ്രസംഗക്കേസിൽ ജോർജിന്റെ ജാമ്യം ഇന്നലെ ഉച്ചയ്ക്കാണ് കോടതി റദ്ദാക്കിയത്.
അനന്തപുരി ഹിന്ദു മഹാസമ്മേളനത്തിൽ പങ്കെടുത്ത് വിദ്വേഷ പ്രസംഗം നടത്തിയ കേസിൽ മേയ് ഒന്നിനാണ് പി.സി ജോർജിന് കോടതി ജാമ്യം നൽകിയത്. ജാമ്യം ലഭിച്ച് പുറത്തിറങ്ങിയ ജോർജ് വിദ്വേഷ പ്രസംഗത്തിലെ പരാമർശങ്ങളിൽ ഉറച്ചുനിൽക്കുന്നതായി മാധ്യമങ്ങളോട് പറഞ്ഞു. പിന്നാലെ ജാമ്യം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് പ്രോസിക്യൂഷൻ കോടതിയെ സമീപിച്ചു. ഇതിൽ വിശദമായ വാദംകേട്ട കോടതി ജാമ്യവ്യവസ്ഥ ലംഘിക്കപ്പെട്ടതായി കണ്ടെത്തി.
ജാമ്യത്തിലിരിക്കെ വെണ്ണലയിൽ പി.സി ജോർജ് നടത്തിയ വിദ്വേഷ പ്രസംഗവും പരിശോധിച്ച കോടതി വെണ്ണലയിലെ വിവാദ പ്രസംഗം പ്രകോപനപരമാണെന്ന് കണ്ടെത്തി. പ്രസംഗം വിദ്വേഷം പടർത്തുന്നതും മതസ്പർധ വളർത്തുന്നതുമാണെന്നും തിരുവനന്തപുരം ജുഡീഷ്യൽ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതി ഉത്തരവിൽ പറയുന്നു. ഇതിന്റെ പശ്ചാത്തലത്തിൽ അന്വേഷണ ഉദ്യോഗസ്ഥന് പി.സി ജോർജിനെ അറസ്റ്റ് ചെയ്ത് കോടതിയിൽ ഹാജരാക്കാനും മജിസ്‌ട്രേറ്റ് അനുമതി നൽകി. പിന്നാലെ വെണ്ണല കേസിൽ പാലാരിവട്ടം പൊലീസ് സ്റ്റേഷനിൽ ഹാജരായ ജോർജിനെ കസ്റ്റഡിയിലെടുക്കുകയായിരുന്നു.
Summary: PC George's bail hearing postponed to tomorrow in hate speech case
Adjust Story Font
16