പി.സി ജോര്‍ജിന്‍റെ വിദ്വേഷപ്രസംഗം; കർശന നടപടികളുമായി മുന്നോട്ട് പോകാൻ പൊലിസിന് സർക്കാറിന്‍റെ നിർദേശം
വിദ്വേഷ പ്രസംഗത്തിന്‍റെ പേരിൽ പിസി ജോർജിനെ അറസ്റ്റ് ചെയ്തെങ്കിലും കോടതി ജാമ്യം നൽകിയത് സർക്കാറിന് തിരിച്ചടിയായിരുന്നു
തിരുവനന്തപുരം: പിസി ജോർജിന്‍റെ വിദ്വേഷ പ്രസംഗത്തിൽ കർശന നടപടികളുമായി മുന്നോട്ട് പോകാൻ പൊലിസിന് സർക്കാറിന്‍റെ നിർദേശം. ജാമ്യം നൽകിയ കീഴ്ക്കോടതി നടപടിക്കെതിരെ അപ്പീൽ നൽകുന്നതടക്കമുള്ള കാര്യങ്ങൾ പൊലീസ് പരിശോധിക്കും. പിസി ജോർജ് ബിജെപിയുമായി അടുക്കുന്നത് രാഷ്ട്രീയമായി തുറന്നുകാട്ടാനാണ് സിപിഎം നീക്കം.
വിദ്വേഷ പ്രസംഗത്തിന്‍റെ പേരിൽ പിസി ജോർജിനെ അറസ്റ്റ് ചെയ്തെങ്കിലും കോടതി ജാമ്യം നൽകിയത് സർക്കാറിന് തിരിച്ചടിയായിരുന്നു. എഫ്.ഐ.ആര്‍ രജിസ്റ്റർ ചെയ്ത് മണിക്കൂറുകൾക്കകം പ്രതിയെ കസ്റ്റഡിയിലെടുക്കുകയും അറസ്റ്റ് രേഖപ്പെടുത്തുകയും ചെയ്തിട്ടും ജാമ്യം കിട്ടിയതിനെ പൊലിസ് ഗൗരവമായാണ് കാണുന്നത്. കേസിൽ വിട്ടുവീഴ്ച വേണ്ടെന്ന് മുഖ്യമന്ത്രിയുടെ നിർദേശമുള്ളതുകൊണ്ട് കീഴ്ക്കോടതി വിധിക്കെതിരെ അപ്പീൽ പോകാനാണ് പൊലീസിൻ്റെ നീക്കം.
പിസി ജോർജിന്‍റെ ജാമ്യം റദ്ദാക്കണമെന്നാവശ്യപ്പെട്ടായിരിക്കും കോടതിയെ സമീപിക്കുക. അസിസ്റ്റന്‍റ് പബ്ലിക് പ്രോസിക്യൂട്ടർ കേസിൽ ഹാജരാവാത്തത്കൊണ്ടാണ് ജാമ്യം ലഭിച്ചത് എന്ന പ്രചാരണം പൊലിസ് തള്ളുന്നുമുണ്ട്. പിസി ജോർജ് ബിജെപിയുമായി അടുക്കുന്നതിൻ്റെ ആദ്യപടിയാണ് വിദ്വേഷ പ്രസംഗമെന്നാണ് സിപിഎം വിലയിരുത്തൽ. കേന്ദ്രമന്ത്രി വി മുരളീധരനും ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രനും പരസ്യ പിന്തുണ പ്രഖ്യാപിച്ചതും പിസിയെ ബിജെപി പാളയത്തിലെത്തിക്കാനാണെന്ന് കരുതുന്നവരുമുണ്ട്. വർഗീയ ദ്രുവീകരണം ലക്ഷ്യം വെക്കുന്ന ബിജെപിയുടെ ഈ നീക്കത്തെ രാഷ്ട്രീയമായി തുറന്നുകാട്ടാനാണ് സിപിഎമ്മിൻ്റെ തീരുമാനം
Adjust Story Font
16