Quantcast

പി.സി ജോർജിനെ ഷാളണിയിച്ച് ബി.ജെ.പി പ്രവർത്തകർ; ചീമുട്ടയെറിഞ്ഞും കരിങ്കൊടി കാണിച്ചും ഡി.വൈ.എഫ്.ഐ

ഇന്നു പുലർച്ചെ 6.30നാണ് ഈരാറ്റുപേട്ടയിലെ വീട്ടിൽനിന്ന് ജോർജിനെ പൊലീസ് കസ്റ്റഡിയിലെടുത്തത്

MediaOne Logo

Web Desk

  • Updated:

    2022-05-01 08:13:15.0

Published:

1 May 2022 6:54 AM GMT

പി.സി ജോർജിനെ ഷാളണിയിച്ച് ബി.ജെ.പി പ്രവർത്തകർ; ചീമുട്ടയെറിഞ്ഞും കരിങ്കൊടി കാണിച്ചും ഡി.വൈ.എഫ്.ഐ
X

തിരുവനന്തപുരം: വിദ്വേഷ പ്രസംഗക്കേസിൽ കസ്റ്റഡിയിലെടുത്ത് തിരുവനന്തപുരത്തേക്ക് കൊണ്ടുപോകുന്നതിനിടെ പി.സി ജോർജ് സഞ്ചരിച്ച വാഹനം തടഞ്ഞ് ഷാളണിയിച്ച് ബി.ജെ.പി പ്രവർത്തകർ. തിരുവനന്തപുരം വട്ടപ്പാറയിലാണ് വാഹനം തടഞ്ഞ് പ്രവർത്തകർ അഭിവാദ്യമർപ്പിച്ചത്. അതേസയം, ചീമുട്ടയെറിഞ്ഞും കരിങ്കൊടി കാണിച്ചുമാണ് ഡി.വൈ.എഫ്.ഐ പ്രവർത്തകർ നേരിട്ടത്.

ബി.ജെ.പിയുടെ ജില്ലാ പഠനശിബിരത്തിൽ പങ്കെടുക്കാനെത്തിയ പ്രവർത്തകരാണ് കസ്റ്റഡിയിലെടുത്തു കൊണ്ടുപോകുന്നതിനിടെ പി.സി ജോർജിന് പിന്തുണയുമായി പാതയോരത്തെത്തിയത്. പൊലീസ് വാഹനം തടഞ്ഞ ശേഷം പി.സി ജോർജ് സഞ്ചരിച്ച വാഹനത്തിന്റെ അരികിലെത്തി ഷാളണിയിച്ചു. തുടർന്ന് പൊലീസെത്തി ഇവരെ മാറ്റിയ ശേഷമാണ് വീണ്ടും യാത്ര തുടർന്നത്.

വാഹനം നാലഞ്ചിറയിലെത്തിയതോടെയാണ് ഡി.വൈ.എഫ്.ഐ പ്രവർത്തകർ മുദ്രാവാക്യങ്ങളുമായി വാഹനവ്യൂഹത്തിനുനേരെ അടുത്തത്. പി.സി ജോർജിന്റെ വാഹനത്തിനുനേരെ ചീമുട്ടയെറിഞ്ഞ പ്രവർത്തകർ കരിങ്കൊടി കാണിക്കുകയും ചെയ്തു. പൊലീസെത്തി ഇവരെ മാറ്റുകയായിരുന്നു.

അതേസമയം, പി.സി ജോർജിനെ കാണാനായി നന്ദാവനം എ.ആർ ക്യാംപിലെത്തിയ വി. മുരളീധരന് പ്രവേശനാനുമതി നൽകിയില്ല. വി.വി. രാജേഷ് അടക്കമുള്ള ബി.ജെ.പി നേതാക്കൾക്കൊപ്പമാണ് കേന്ദ്രമന്ത്രി എ.ആർ ക്യാംപിനു മുന്നിലെത്തിയത്. എന്നാൽ, പൊലീസ് അകത്തേക്ക് പ്രവേശനാനുമതി നിഷേധിച്ചു. കന്റോൺമെന്റ് എ.സി നേരിട്ടെത്തിയാണ് മന്ത്രിയെ ഇക്കാര്യം അറിയിച്ചത്.

ഇന്നു പുലർച്ചെ 6.30നാണ് ഈരാറ്റുപേട്ടയിലെ വീട്ടിൽനിന്ന് ജോർജിനെ പൊലീസ് കസ്റ്റഡിയിലെടുത്തത്. തുടർന്ന് തിരുവനന്തപുരം നന്ദാവനം എ.ആർ ക്യാംപിലെത്തിച്ച് പൊലീസ് അറസ്റ്റ് രേഖപ്പെടുത്തി. കമ്മീഷണർ സ്പർജൻകുമാറിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘത്തിൻറെ ചോദ്യം ചെയ്യലിനുശേഷമായിരുന്നു അറസ്റ്റ്. അറസ്റ്റിനുശേഷം വഞ്ചിയൂരിലുള്ള മജിസ്‌ട്രേറ്റിന്റെ വീട്ടിൽ ഹാജരാക്കും.

Summary: BJP activists express support for PC George, DYFI throws eggs and shows black flag

TAGS :

Next Story