Quantcast

കെ സുരേന്ദ്രന്റെ കരം പിടിച്ച്, ബിജെപി പ്രവർത്തകരുടെ മുദ്രാവാക്യങ്ങൾക്കിടയിലൂടെ പിസി ജോർജ്

ജോർജ് എത്തും മുമ്പു തന്നെ അദ്ദേഹത്തിന് പിന്തുണയുമായി ബിജെപി പ്രവർത്തകർ സ്റ്റേഷൻ പരിസരത്ത് തടിച്ചു കൂടിയിരുന്നു

MediaOne Logo

Web Desk

  • Updated:

    2022-05-25 11:40:24.0

Published:

25 May 2022 11:32 AM GMT

കെ സുരേന്ദ്രന്റെ കരം പിടിച്ച്, ബിജെപി പ്രവർത്തകരുടെ മുദ്രാവാക്യങ്ങൾക്കിടയിലൂടെ പിസി ജോർജ്
X

കൊച്ചി: അനന്തപുരി ഹിന്ദുമഹാ സമ്മേളനത്തിലെ വിദ്വേഷ പ്രസംഗത്തിൽ പൊലീസ് കസ്റ്റഡിയിലുള്ള ജനപക്ഷം നേതാവും മുൻ എംഎൽഎയുമായ പി.സി ജോർജിന് പിന്തുണ പ്രഖ്യാപിച്ച് ബിജെപി. അഭിവാദ്യങ്ങൾ, അഭിവാദ്യങ്ങൾ... പി.സി ജോർജിന് അഭിവാദ്യങ്ങൾ... തുടങ്ങിയ മുദ്രാവാക്യങ്ങൾക്കിടയിലൂടെയാണ് ജോർജ് പാലാരിവട്ടം സ്റ്റേഷനിലെത്തിയത്. കേസിൽ നേരത്തെയുണ്ടായിരുന്ന ജാമ്യം തിരുവനന്തപുരം ജുഡീഷ്യൽ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതി റദ്ദാക്കിയതോടെയാണ് ജോർജ് സ്‌റ്റേഷനിൽ ഹാജരായത്.

ജോർജ് എത്തും മുമ്പു തന്നെ അദ്ദേഹത്തിന് പിന്തുണയുമായി ബിജെപി പ്രവർത്തകർ സ്റ്റേഷൻ പരിസരത്ത് തടിച്ചു കൂടിയിരുന്നു. സ്വന്തം കാറിൽ സ്റ്റേഷനിലേക്കെത്തിയ ജോർജിന്റെ കൂടെ മകൻ ഷോൺ ജോർജുമുണ്ടായിരുന്നു. കീഴടങ്ങുകയാണോ എന്ന മാധ്യമങ്ങളുടെ ചോദ്യത്തിന് 'നിയമം പാലിക്കുന്നു' എന്നാണ് ജോർജ് മറുപടി നൽകിയത്.

കുറച്ചു നേരത്തിനു ശേഷം ജോർജിനെയും കൊണ്ട് പൊലീസ്, സ്റ്റേഷനു പുറത്തേക്കു പോയി. ഷോൺ ജോർജ്, ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ, എഎൻ രാധാകൃഷ്ണൻ എന്നിവർക്കൊപ്പമാണ് ജോർജ് പുറത്തെത്തിയത്. സുരേന്ദ്രന്റെ കരം ഗ്രഹിച്ചാണ് ജോർജ് വാഹനത്തിലേക്ക് കയറിയത്.

തൊട്ടുപിന്നാലെ ബിജെപി അധ്യക്ഷൻ മാധ്യമങ്ങളുമായി സംസാരിച്ചു. 'പി.സി ജോർജിനെ ഒരു പ്രസംഗത്തിന്റെ പേരിൽ പിടിച്ച് അകത്തിടാൻ ശ്രമിക്കുന്നത് ഭീകരവാദികളെ മാത്രമേ സഹായിക്കുകയുള്ളൂ. അവരുടെ രാഷ്ട്രീയത്തെ മാത്രമേ സഹായിക്കൂ. അതു കൊണ്ടാണ് ബിജെപി ഇവിടെ വന്നതും അദ്ദേഹത്തിന് പിന്തുണ പ്രഖ്യാപിച്ചതും.' - എന്നാണ് സുരേന്ദ്രൻ പറഞ്ഞത്.



ജാമ്യത്തിനായി മേൽക്കോടതിയെ സമീപിക്കുമെന്ന് മകൻ ഷോൺ ജോർജ് വ്യക്തമാക്കി. കോടതി നിർദേശ പ്രകാരമാണ് ഹാജരായത്. ഇങ്ങനെയൊരു കുരുക്കുണ്ട് എന്നറിയാമായിരുന്നു. കോടതിയെ അനുസരിക്കാൻ പൊതു പ്രവർത്തകന് ബാധ്യതയുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ജോർജിനെ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് പിഡിപി പ്രവർത്തകരും സ്റ്റേഷനു മുമ്പിലെത്തിയിരുന്നു.

ഏപ്രിൽ 29 ന് തിരുവനന്തപുരത്ത് നടന്ന ഹിന്ദു മഹാസമ്മേളനത്തിലായിരുന്നു പി സി ജോർജിന്‍റെ വിവാദ പ്രസംഗം. ഇതിനെത്തുടര്‍ന്ന് മെയ് ഒന്നിന് പി.സി ജോര്‍ജിനെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നെങ്കിലും മജിസ്ട്രേറ്റ് ജോർജിന് ഉപാധികളോടെ ജാമ്യം നൽകുകയായിരുന്നു. ജാമ്യം ലഭിച്ച ശേഷം പി.സി ജോർജ് നടത്തിയ പരാമർശങ്ങൾ പലതും ജാമ്യ വ്യവസ്ഥയുടെ ലംഘനമാണെന്ന് കോടതി കണ്ടെത്തിയതിനെ തുടർന്നാണ് നടപടി.

TAGS :

Next Story