Quantcast

'കപട പുരോഗമന മുഖമാണ് നിങ്ങള്‍ അണിയുന്നത്' ഇടതുപക്ഷത്തിനെതിരെ തുറന്നടിച്ച് പി.സി വിഷ്ണുനാഥ്

പിഷാരടിയെ പോലെയുള്ളവരെ ചേര്‍ത്തുപിടിക്കേണ്ടത് തങ്ങളുടെ ഉത്തരവാദിത്തമാണെന്നും അത് ഞങ്ങള്‍ ചെയ്തിരിക്കുമെന്നും വിഷ്ണുനാഥ് പ്രതികരിച്ചു.

MediaOne Logo

Web Desk

  • Updated:

    10 May 2021 8:43 AM

Published:

10 May 2021 8:37 AM

കപട പുരോഗമന മുഖമാണ് നിങ്ങള്‍ അണിയുന്നത് ഇടതുപക്ഷത്തിനെതിരെ തുറന്നടിച്ച് പി.സി വിഷ്ണുനാഥ്
X

നിയമസഭാ തെരഞ്ഞെടുപ്പിൽ കോൺഗ്രസ്സ് കനത്ത തോൽവി വഴങ്ങിയതിന് പിന്നാലെ സൈബർ ആക്രമണം നേരിടുന്ന പിഷാരടിക്ക് പിന്തുണയുമായി പി.സി വിഷ്ണുനാഥ്. സിപിഎം പ്രവർത്തകരുടെ സൈബര്‍ അക്രമണത്തിന് പിഷാരടി വിധേയനാവുന്നത് അംഗീകരിക്കാൻ കഴിയില്ലെന്നും എല്ലാവർക്കും രാഷ്ട്രീയത്തിൽ ഇടപെടാനുള്ള സ്വാതന്ത്ര്യമുണ്ടെന്നും പിസി വിഷ്ണുനാഥ് പറഞ്ഞു. പിഷാരടിയെ പോലെയുള്ളവരെ ചേര്‍ത്തുപിടിക്കേണ്ടത് തങ്ങളുടെ ഉത്തരവാദിത്തമാണെന്നും അത് ഞങ്ങള്‍ ചെയ്തിരിക്കുമെന്നും വിഷ്ണുനാഥ് പ്രതികരിച്ചു. ഫേസ്ബുക്ക് പോസ്റ്റിലൂടെയായിരുന്നു പി.സി വിഷ്ണുനാഥിന്റെ പ്രതികരണം.

നിയമസഭാ തെരഞ്ഞെടുപ്പിന് തൊട്ടു മുൻപാണ് നടൻ രമേശ് പിഷാരടി കോൺഗ്രസിൽ അംഗത്വം എടുക്കുകയും തെരഞ്ഞെടുപ്പ് പ്രചാരണത്തിൽ സജീവമാകുകയും ചെയ്തത്. എന്നാൽ തെരഞ്ഞെടുപ്പിൽ കോൺഗ്രസ് വൻ പരാജയം ഏറ്റുവാങ്ങിയതോടെ നിരവധി ട്രോളുകളും സൈബർ അക്രമങ്ങളുമാണ് പിഷാരടിയ്ക്ക് നേരിടേണ്ടി വന്നത്. ഈ അവസരത്തിലാണ് പിഷാരടിക്ക് പിന്തുണ അറിയിച്ചുകൊണ്ടുള്ള പി.സി വിഷ്ണുനാഥിന്റെ പോസ്റ്റ്‌. വിഷ്ണുനാഥിന് പുറമേ ഷാഫി പറമ്പിലും ഹൈബി ഈഡനുമടക്കമുള്ള കോൺഗ്രസ്സ് നേതാക്കളും പിഷാരടിക്ക് പിന്തുണയുമായി എത്തിയിരുന്നു.

'ഒരു കലാകാരനെ വ്യക്തിപരമായി അക്രമിക്കുന്നവര്‍ എന്തുതരം സഹിഷ്ണുതയെക്കുറിച്ചാണ് വാതോരാതെ സംസാരിക്കുന്നത്? എന്തുതരം ജനാധിപത്യ ബോധമാണ് നിങ്ങളുടെ ഉള്ളിലുള്ളത്? എത്രമാത്രം കപട പുരോഗമന മുഖമാണ് നിങ്ങള്‍ അണിയുന്നത്? എഴുത്തോ കഴുത്തോ വേണ്ടതെന്ന് ചോദിക്കുന്ന ഫാസിസ്റ്റ് രാജ്യത്തല്ല നാം ജീവിക്കുന്നത്. ആശയത്തെ ആശയപരമായി നേരിടാന്‍ പ്രിയപ്പെട്ട എല്‍.ഡി.എഫ് സൈബര്‍ ടീമിനോട് അഭ്യര്‍ത്ഥിക്കുന്നു. വിഷ്ണുനാഥ് ഫേസ്ബുക്കിൽ കുറിച്ചു.

പി.സി വിഷ്ണുനാഥിന്റെ ഫേസ്ബുക് കുറിപ്പിന്റെ പൂർണരൂപം

നിയമസഭാ തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായ് നിരവധി കലാകാരന്മാരും സാംസ്‌കാരിക പ്രവര്‍ത്തകരും വിവിധ ചേരികളുടെയും വ്യക്തികളുടെയും വേദികളിലെത്തിയിട്ടുണ്ട്; പ്രബുദ്ധതയുള്ള ഒരു ജനാധിപത്യ സമൂഹം അതിനെയെല്ലാം പോരാട്ടകാലത്തെ സ്‌പോര്‍ട്‌സ്മാന്‍ സ്പിരിറ്റില്‍ മാത്രമേ കണ്ടിട്ടുള്ളൂ.

എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥികളുമായ് വേദി പങ്കിടുകയും അവര്‍ക്കുവേണ്ടി സമൂഹമാധ്യമങ്ങളിലുള്‍പ്പടെ നിലകൊള്ളുകയും ചെയ്ത ഒരു സാംസ്‌കാരിക പ്രവര്‍ത്തകന്റെയും സിനിമകള്‍ കാണരുതെന്നോ, സര്‍ഗസൃഷ്ടികള്‍ ആസ്വദിക്കരുതെന്നോ, അവരെ കേള്‍ക്കരുതെന്നോ ഒരുകാലത്തും കോണ്‍ഗ്രസോ യുഡിഎഫോ പറഞ്ഞിട്ടില്ല. ആരുടെയും സോഷ്യല്‍ മീഡിയ പ്രൊഫൈലിന് കീഴെ വ്യക്തിവിദ്വേഷം ഛര്‍ദ്ദിച്ചുവെച്ചിട്ടില്ല. കാരണം, രാജ്യത്ത് ആവിഷ്‌കാര സ്വാതന്ത്ര്യത്തിന്റെയും അഭിപ്രായ സ്വാതന്ത്ര്യത്തിന്റെയും വിശാലമായ വാതായനങ്ങള്‍ തുറന്നിട്ട പ്രസ്ഥാനമാണ് ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ്. കലയെയും സര്‍ഗാത്മകതയെയും രാഷ്ട്രീയപക്ഷപാതിത്വത്തോടെ വിലയിരുത്തരുതെന്ന സുവ്യക്തമായ ചിന്തയാണ് ഞങ്ങള്‍ക്കുള്ളത്.

നിര്‍ഭാഗ്യവശാല്‍, അത്തരമൊരു സഹിഷ്ണുത ചില എല്‍ഡിഎഫ് പ്രവര്‍ത്തകരുടെ ഭാഗത്തു നിന്നും ഉണ്ടാവുന്നില്ല. ഇത്തവണ ചലച്ചിത്ര മേഖലയില്‍ നിന്നുള്‍പ്പെടെ ഐക്യജനാധിപത്യ മുന്നണിക്കുവേണ്ടി ഒത്തിരി കലാകാരന്മാര്‍ പ്രചാരണത്തിന് എത്തിയിരുന്നു. അതില്‍ ഏറ്റവുമധികം നിയോജക മണ്ഡലങ്ങളില്‍ പ്രസംഗിച്ചതും റോഡ്‌ഷോയില്‍ പങ്കെടുത്തതും രമേശ് പിഷാരടിയാണ്. സ്വതസിദ്ധമായ നര്‍മ്മാവിഷ്‌കാരത്തിലൂടെ മലയാളിയുടെ ഹൃദയത്തില്‍ ഇടംനേടിയ ആ കലാകാരന്‍ ഇപ്പോള്‍ സൈബര്‍ അക്രമണത്തിന് വിധേയനാവുന്ന ദു:ഖകരമായ കാഴ്ചയാണ്.

രമേശ് പിഷാരടി പ്രചാരണത്തിന് എത്തിയതില്‍ ഞാനുള്‍പ്പെടെ നിരവധി പേര്‍ ജയിച്ചു വന്നിട്ടുണ്ട്. ജയവും തോല്‍വിയും തിരഞ്ഞെടുപ്പുകളില്‍ സ്വാഭാവികമാണെന്നിരിക്കെ, ഒരു പരാജയത്തിന്റെ പേരില്‍ പ്രചാരണത്തിന് എത്തിയ കലാകാരനെ വ്യക്തിപരമായി അക്രമിക്കുന്നവര്‍ എന്തുതരം സഹിഷ്ണുതയെക്കുറിച്ചാണ് വാതോരാതെ സംസാരിക്കുന്നത്? എന്തുതരം ജനാധിപത്യ ബോധമാണ് നിങ്ങളുടെ ഉള്ളിലുള്ളത്? എത്രമാത്രം കപട പുരോഗമന മുഖമാണ് നിങ്ങള്‍ അണിയുന്നത്? '' എഴുത്തോ കഴുത്തോ? '' വേണ്ടതെന്ന് ചോദിക്കുന്ന ഫാസിസ്റ്റ് രാജ്യത്തല്ല നാം ജീവിക്കുന്നത്.

രമേശ് പിഷാരടി എന്ന കലാകാരനെ, സുഹൃത്തിനെ, രാഷ്ട്രീയബോധമുള്ള വ്യക്തിയെ ചേര്‍ത്തുപിടിക്കുക എന്നത് ജനാധിപത്യ ചേരിയുടെ കടമയും ഉത്തരവാദിത്തവുമാണ്; അത് ഞങ്ങള്‍ ചെയ്തിരിക്കും.

ഒരു തോല്‍വികൊണ്ട് അസ്തമിക്കുന്ന രാഷ്ട്രീയ സംഹിതയല്ല ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ്; അത് ഇന്ത്യയുടെ ആത്മാവാണ്; ഇന്ത്യയുള്ള കാലത്തോളം ജ്വലിച്ചുനില്‍ക്കുന്ന ആശയധാരയാണ്. അതുകൊണ്ടാണ്, പത്തുവര്‍ഷം തുടര്‍ച്ചയായി അധികാരത്തില്‍ നിന്ന് പുറത്തെറിയപ്പെട്ടിട്ടും പൂര്‍വാധികം ശക്തിയോടെ പഞ്ചാബില്‍ തിരികെ ഭരണത്തിലേറാന്‍ സാധിച്ചത്; അതുകൊണ്ടാണ് നീണ്ട ഒന്നര പതിറ്റാണ്ട് പ്രതിപക്ഷത്ത് ഇരിക്കേണ്ടി വന്നിട്ടും വലിയ ഭൂരിപക്ഷത്തില്‍ ചത്തീസ്ഗഢില്‍ തിരിച്ചുവരാന്‍ സാധിച്ചത്; അധികം അകലേക്ക് പോകേണ്ട തൊട്ടടുത്ത തമിഴ്‌നാട്ടില്‍ പത്തുവര്‍ഷം പ്രതിപക്ഷത്തിരുന്നതിനു ശേഷം ഡിഎംകെ-കോണ്‍ഗ്രസ് സഖ്യത്തെ ചരിത്ര ഭൂരിപക്ഷത്തോടെ ജനം ആശിര്‍വദിച്ചതും കഴിഞ്ഞ ആഴ്ച നാം കണ്ടു....

ക്രിയാത്മക പ്രതിപക്ഷമായ്, ജനങ്ങള്‍ക്കൊപ്പം യുഡിഎഫ് നിലയുറപ്പിക്കും. സഹിഷ്ണുതയും ജനാധിപത്യബോധവും ഉയര്‍ത്തിപ്പിടിച്ചു മുന്നോട്ടുപോകും...ആശയത്തെ ആശയപരമായി നേരിടാന്‍ പ്രിയപ്പെട്ട എല്‍ഡിഎഫ് സൈബര്‍ ടീമിനോട് അഭ്യര്‍ത്ഥിക്കുന്നു. നമുക്ക് ആരോഗ്യപരമായ ഒരു രാഷ്ട്രീയ സംവാദം രൂപപ്പെടുത്താം.


നിയമസഭാ തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായ് നിരവധി കലാകാരന്മാരും സാംസ്‌കാരിക പ്രവര്‍ത്തകരും വിവിധ ചേരികളുടെയും...

Posted by Pc vishnunadh on Sunday, May 9, 2021

TAGS :

Next Story