മഅ്ദനിക്കെതിരായ വിവാദ പരാർശങ്ങൾ; പ്രകാശനത്തിന് പിന്നാലെ പി.ജയരാജന്റെ പുസ്തകം കത്തിച്ച് പിഡിപി പ്രതിഷേധം
സംഘ്പരിവാർ ഭാഷ്യമാണ് പി. ജയരാജൻ പുസ്തകത്തിലൂടെ നടത്തുന്നതെന്ന് പിഡിപി നേതാക്കൾ ചൂണ്ടിക്കാട്ടി.
കൊച്ചി: മുതിർന്ന സിപിഎം നേതാവ് പി.ജയരാജൻ എഴുതിയ 'കേരളം: മുസ്‌ലിം രാഷ്ട്രീയം, രാഷ്ട്രീയ ഇസ്‌ലാം' എന്ന പുസ്തകം കത്തിച്ച് പ്രതിഷേധിച്ച് പിഡിപി. പുസ്തകത്തിൽ മഅ്ദനിക്കെതിരായ വിവാദ പരാമർശങ്ങളുടെ പശ്ചാത്തലത്തിൽ എറണാകുളത്ത് സംഘടിപ്പിച്ച പ്രതിഷേധ പ്രകടനത്തിലാണ് പിഡിപി പുസ്തകം കത്തിച്ചത്.
പുസ്തകത്തിനെതിരെ പ്രതിഷേധവുമായി പിഡിപി നേതാക്കൾ എറണാകുളം പ്രസ്‌ക്ലബ്ബിൽ വാർത്താസമ്മേളനം നടത്തുകയും ചെയ്തു. സംഘ്പരിവാർ ഭാഷ്യമാണ് പി. ജയരാജൻ പുസ്തകത്തിലൂടെ നടത്തുന്നതെന്ന് നേതാക്കൾ ചൂണ്ടിക്കാട്ടി. തീവ്രവാദത്തിന്റെ ബ്രാൻഡ് അംബാസിഡറെന്ന് മഅ്ദനിയെ വിശേഷിപ്പിക്കുന്നത് സംഘ്പരിവാറാണ്. ആ വാദം അതേപടി ഒരു കമ്യൂണിസ്റ്റ് നേതാവ് തന്റെ പുസ്തകത്തിൽ ഉൾപ്പെടുത്തുന്നതിലൂടെ വളർന്നുവരുന്ന തലമുറ അതേറ്റെടുക്കും.
ചരിത്രപഠനം എന്ന നിലയ്ക്കാണ് ജയരാജൻ ഈ പുസ്തകമെഴുതിയത്. അദ്ദേഹത്തിന് ചരിത്രമെഴുതാൻ എന്ത് യോഗ്യതയാണുള്ളത്. സംഘ്പരിവാറിന്റെ പരാമർശത്തെ സാധൂകരിക്കുന്ന നിലയിൽ പി.ജയരാജനൊരു പ്രസ്താവന നടത്തുമ്പോൾ അദ്ദേഹമെഴുതിയ ആ ചരിത്ര പുസ്തകത്തിന്റെ പ്രാധാന്യം എത്രത്തോളമുണ്ടെന്ന് തിരിച്ചറിഞ്ഞാൽ മതി. എത്ര വലിയ പച്ചക്കള്ളമാണ് അദ്ദേഹം പ്രചരിപ്പിക്കുന്നതെന്നും നേതാക്കൾ ചോദിച്ചു.
സംസ്ഥാനത്തുടനീളം തീവ്രവാദ ചിന്തകള്‍ വളര്‍ത്തുന്നതില്‍ മഅ്ദനി വഹിച്ച പങ്ക് വലുതാണെന്നതുൾപ്പെടെയുള്ള പുസ്തകത്തിലെ ആരോപണങ്ങളാണ് വിവാദമായത്. പ്രഭാഷണ പരമ്പരകളിലൂടെ മഅ്ദനി തീവ്രവാദ ചിന്തകള്‍ വളര്‍ത്തുകയും പ്രചരിപ്പിക്കുകയും ചെയ്‌തെന്നാണ് ആരോപണം.
ബാബരി മസ്ജിദിന്റെ തകര്‍ച്ചയ്ക്ക് ശേഷമാണ് മുസ്‌ലിം വിഭാഗത്തിനിടയില്‍ അബ്ദുൽ നാസര്‍ മഅ്ദനിയുടെ സ്വാധീനം ഉയര്‍ന്നത്. ആര്‍എസ്എസ് മോഡലില്‍ മഅ്ദനി സംസ്ഥാനത്തുടനീളം സംഘടന വളര്‍ത്തി. മഅ്ദനിയുടെ കേരള പര്യടനം മൂലം യുവാക്കള്‍ തീവ്രവാദ പ്രവര്‍ത്തനങ്ങളിലേക്ക് ആകര്‍ഷിക്കപ്പെട്ടതെന്നും പുസ്തകത്തില്‍ ആരോപിക്കുന്നു.
ഇതാണ് മഅ്ദനിയെ മുസ്‌ലിം തീവ്രവാദത്തിന്റെ അംബാസഡറായി വിശേഷിപ്പിക്കുന്നതെന്നും ജയരാജന്‍ പറയുന്നു. സ്വന്തം സമുദായത്തില്‍ നിന്നും എതിര്‍പ്പുകള്‍ വര്‍ധിതോടെ മഅ്ദനി ഐഎസ്എസ് പിരിച്ചുവിട്ട് പിഡിപി രൂപീകരിക്കുകയായിരുന്നു. തിരുവനന്തപുരത്തെ പൂന്തുറ കലാപത്തില്‍ ഐഎസ്എസിന്റെയും ആര്‍എസ്എസിന്റെയും പങ്ക് വ്യക്തമാണെന്നും ജയരാജന്‍ ആരോപിക്കുന്നു.
അതേസമയം, പി. ജയരാജന്റെ പുസ്തകത്തോടുള്ള വിയോജിപ്പ് മുഖ്യമന്ത്രി പിണറായി വിജയൻ പ്രകാശന വേദിയിൽ അറിയിച്ചിരുന്നു. ജയരാജന്റെ പുസ്തകത്തിലെ വിവാദ പരാമർശങ്ങൾ വ്യക്തിപരമാണെന്നും അദ്ദേഹം പുസ്തകത്തിൽ പറഞ്ഞിരിക്കുന്നതെല്ലാം പാർട്ടി നിലപാടല്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. ജയരാജന്റെ പുസ്തകം പാലോളി മുഹമ്മദ് കുട്ടിക്ക് നൽകി പ്രകാശനം ചെയ്തതിനു ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം.
ജയരാജന്റെ വ്യക്തിപരമായ നിലപാടുകൾ പുസ്തകത്തിലുണ്ട്, അത് വ്യക്തിപരമായി കണ്ടാൽ മതി. രചയിതാവിന്റെ എല്ലാ അഭിപ്രായത്തോടും പ്രകാശനം ചെയ്യുന്ന ആൾക്ക് യോജിപ്പുണ്ടാകണമില്ല. സിപിഎമ്മിന്റെ രാഷ്ട്രീയ പ്രതിഫലിപ്പിക്കുന്ന ഒരുപാട് കാര്യങ്ങൾ പുസ്തകത്തിൽ ഉണ്ട്. അതിനോട് യോജിപ്പുമാണെന്നും മുഖ്യമന്ത്രി വ്യക്തമാക്കിയിരുന്നു.
Adjust Story Font
16